മതിലകത്തെ പൊലിസുകാര്‍ക്ക് ഇനി വിശ്രമിക്കാം; കയ്പമംഗലം പൊലിസ് സ്‌റ്റേഷന് ഭരണാനുമതി
കയ്പമംഗലം: ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളികള്‍ക്കും വിരാമമിട്ട് കയ്പമംഗലം പൊലിസ് സ്‌റ്റേഷന് ഭരണാനുമതിയായി. സംസ്ഥാന സര്‍ക്കാര്‍ 2017ലെ ബജറ്റില്‍ പ്രഖ്യാപിച്ച കയ്പമംഗലം പൊലിസ് സ്‌റ്റേഷനാണ് ഭരണാനുമതിയായത്. കയ്പമംഗലത്ത് പുതിയ പൊലിസ് സ്‌റ്റേഷന്‍ വരുന്നതോടെ കയ്പമംഗലം, പെരിഞ്ഞനം, എടത്തിരുത്തി എന്നീ പഞ്ചായത്തുകളില്‍ നിയമപാലകര്‍ക്ക് സമയോചിതമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഏകദേശം മുപ്പതോളം സ്റ്റാഫുകളോടു കൂടിയാണ് പുതിയ പൊലിസ് സ്‌റ്റേഷന്‍ ആരംഭിക്കുന്നതെന്ന് ഇ.ടി ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു. ഇതോടെ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ താളം തെറ്റിയിരുന്ന മതിലകം പൊലിസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനഭാരം പകുതിയായി ചുരുങ്ങും. ഇതുവരെയുള്ള കാലയളവില്‍ മതിലകം സ്റ്റേഷനില്‍ പൊലിസുകാര്‍ക്ക് ദുരിതമേറെയായിരുന്നു. 42 പേരുടെ തസ്തികയുള്ള സ്റ്റേഷനില്‍ നിലവിലുണ്ടായിരുന്ന 39 പേരില്‍ ഒന്‍പതു പേര്‍ സ്ഥലം മാറിയതോടെ മതിലകം പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം താളം തെറ്റിയ അവസ്ഥയിലായിരുന്നു. നിലവിലുള്ള പൊലിസുകാര്‍ അധിക ഡ്യൂട്ടി ചെയ്താണ് വല്ല വിധേനയും കാര്യങ്ങള്‍ നടത്തുന്നത്.
പരാതികള്‍ അന്വേഷിക്കാനും ഓഫിസ് ജോലികള്‍ പൂര്‍ത്തിയാക്കാനും കഴിയാതെ സ്റ്റേഷന്‍ ജീവനക്കാര്‍ കുഴങ്ങുകയാണ്. ക്രൈം റേറ്റിലും ജനസംഖ്യയിലും വിസ്തൃതിയിലും സമീപ സ്റ്റേഷനുകളെക്കാള്‍ മുന്‍പിലുള്ള ഈ സ്റ്റേഷനില്‍ നിലവിലുള്ള തസ്തികയെങ്കിലും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ സ്റ്റേഷന്‍ അക്ഷരാര്‍ഥത്തില്‍ സ്തംഭിക്കുന്ന അവസ്ഥയലെത്തി നില്‍ക്കുമ്പോഴാണ് മതിലകം സ്‌റ്റേഷന്‍ വിഭജിച്ച് പുതിയ പൊലിസ് സ്‌റ്റേഷന് ഭരണാന ുമതിയാവുന്നത്. ജൂണ്‍ ആദ്യത്തിലാണ് സ്റ്റേഷനിലെ 19 പേര്‍ക്ക് സ്ഥലം മാറ്റമായത്. എന്നാല്‍, പകരമായി പത്തുപേര്‍ മാത്രമാണ് ഇതുവരെ സ്റ്റേഷനില്‍ എത്തിയത്.
വന്നവരില്‍ നാലുപേര്‍ ജോലിഭാരം നിമിത്തം സ്ഥലം മാറ്റം വാങ്ങി പോവുകയായിരുന്നു. മൂന്ന് എസ്.ഐ.മാര്‍ സ്ഥലം മാറിയതിന് പകരം എത്തിയത് ഒരാള്‍ മാത്രം. രണ്ട് എ.എസ്.ഐമാര്‍ പോയെങ്കിലും ഒരാള്‍ പോലും പകരം വന്നില്ല. ഒന്‍പത് സീനിയര്‍ സി.പി.ഓമാര്‍ക്ക് പകരം എട്ടു പേരും 24 സി.പി.ഓ മാര്‍ക്ക് പകരം 19 പേരുമേ വന്നിട്ടുള്ളൂ. പ്രതിദിനം ഇരുപതോളം പരാതികള്‍ വരുന്ന സ്റ്റേഷനില്‍ ചുരുങ്ങിയത് അഞ്ചോളം കോടതി കേസുകള്‍ ഉണ്ടാകും. ഇതിനായി പാറാവുകാരെ ഉപയോഗപ്പെടുത്തേണ്ട സ്ഥിതിയിലാണ് സ്റ്റേഷന്റെ അവസ്ഥ.
രാത്രിയില്‍ കുറഞ്ഞത് ഏഴുപേര്‍ ഡ്യൂട്ടിക്ക് വേണ്ടതിനാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പൊലിസുകാര്‍ രാത്രി ഡ്യൂട്ടി ചെയ്യണ്ടി വരികയാണ്. ദൂരപരിധി കൂടുതലുള്ളതും ഏറെ അപകടങ്ങള്‍ നടക്കുന്നതും സംഘര്‍ഷ സാധ്യത ഉള്ളതുമായ മതിലകം പൊലിസ് സ്റ്റേഷനില്‍ 1973ല്‍ സ്റ്റേഷന്‍ വന്ന കാലത്തുള്ള തസ്തികകള്‍ മാത്രമാണ് ഇപ്പോഴും ഉള്ളത്. മൂന്ന്! എസ്.ഐ, രണ്ട് എ.എസ്.ഐ, ഒന്‍പത് സീനിയര്‍ സി.പി.ഒ, 25 പൊലിസുകാര്‍ ഒരു ഹോംഗാര്‍ഡ് എന്ന നിലയിലാണിപ്പോള്‍ പൊലിസുകാറുള്ളത്. ജനസംഖ്യ വര്‍ധിക്കുകയും കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുകയും ചെയ്തിട്ടും കൂടുതല്‍ പൊലിസുകാരെ നിയമിക്കാനോ സ്റ്റേഷന്‍ വിഭജിച്ച് പുതിയ സ്റ്റേഷന്‍ നിര്‍മിക്കാനോ അധികൃതര്‍ തയാറായിരുന്നില്ല. കോതപറമ്പ് മുതല്‍ പാലപ്പെട്ടി വരെ 18.5 (പതിനെട്ടര) കിലോമീറ്റര്‍ ദേശീയ പാതയിലും പടിഞ്ഞാറ് ചാമക്കാല തുടങ്ങി കിഴക്ക് കാട്ടൂര്‍ പാലം മുതല്‍ തെക്കേ അറ്റമായ കാര അഞ്ചങ്ങാടി വരെ 25 കിലോമീറ്റര്‍ കോസ്റ്റല്‍ ഏരിയയിലുമായി കിടക്കുകയാണ് മതിലകം സ്റ്റേഷന്‍.
എട്ട് വില്ലേജുകളും അഞ്ചു പഞ്ചായത്തുകളും ഇതിന് കീഴില്‍ വരുന്നതാണ്. ഇതിന് പുറമെയാണ് 70 ഓളം കോളനികള്‍. ആകെയുള്ള 42 പൊലിസുകാര്‍ക്ക് രണ്ടു ജീപ്പുകള്‍ ഉണ്ടെങ്കിലും ഡ്രൈവര്‍ ഒന്നേയുള്ളൂ. പ്രതിവര്‍ഷം 3000 ത്തിലധികം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷന്റെ പരിധിയില്‍ രാഷ്ട്രീയ, വര്‍ഗീയ കൊലപാതകങ്ങള്‍, വാഹനാപകടങ്ങള്‍ തുടങ്ങിയവ സമീപ സ്റ്റേഷനുകളെക്കാള്‍ കൂടുതലാണ്. പ്രശ്‌ന ബാധിത പ്രദേശങ്ങളിലേക്ക് ഓടിയെത്താനും പ്രതികളെ കോടതിയില്‍ ഹാജരാക്കാനും വിവിധ കേന്ദ്രങ്ങളിലെ ട്രാഫിക് നിയന്ത്രിക്കാനും പൊലിസുകാര്‍ ഇല്ലാത്ത അവസ്ഥയാണ്. എന്തായാലും കയ്പമംഗലത്ത് പുതിയ പൊലിസ് സ്‌റ്റേഷന് ഭരണാനുമതി ലഭിച്ചതോടെ ജനങ്ങള്‍ക്കൊപ്പം മതിലകം സ്‌റ്റേഷനിലെ പൊലിസുകാര്‍ക്കും ഇതൊരു ആശ്വാസമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."