കര്‍ഷകത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ കരുത്ത് പകരും: മന്ത്രി ടി.പി രാമകൃഷ്ണന്‍
തിരുവനന്തപുരം: കര്‍ഷകത്തൊഴിലാളികള്‍ ഒരുതരത്തിലും നിരാശപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അവര്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിതം നയിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാതല ആനുകൂല്യ വിതരണമേളയും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ 600 രൂപയായിരുന്ന കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഇപ്പോള്‍ 1100 രൂപയാണ്. അത് എല്ലാവര്‍ഷവും നൂറുരൂപ വീതം വര്‍ധിപ്പിക്കാനും നടപടിയായി.
അറുപത് വയസ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് 2011 മുതല്‍ ലഭിക്കേണ്ട അധിവര്‍ഷാനുകൂല്യം മുന്നൂറുകോടിയോളം രൂപ കുടിശ്ശികയാണ്. കര്‍ഷകന് ലഭിക്കേണ്ട ഈ തുക സര്‍ക്കാര്‍ ഉടന്‍ കൊടുത്തു തീര്‍ക്കും.
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംശദായം അഞ്ചുരൂപയില്‍നിന്ന് 20 രൂപയാക്കി ഉയര്‍ത്തിയാല്‍ കര്‍ഷകത്തൊഴിലാളിക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാവും. പാവപ്പെട്ടവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. സിവില്‍ സപ്ലൈസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡും വിപണിയില്‍ ക്രിയാത്മകമായി ഇടപെട്ട് പതിമൂന്നിനം അവശ്യ സാധനങ്ങളുടെ വില കുറച്ചത് സാധാരണക്കാര്‍ക്ക് ഏറെ സഹായകമായ നടപടിയാണ്.
സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി മുരളി, വാര്‍ഡ് കൗണ്‍സിലര്‍ എം.വി ജയലക്ഷ്മി, മനോജ് ബി. ഇടമന, പാപ്പനംകോട് അജയന്‍, സൂസമ്മ മത്തായി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."