നഗരത്തിലെ ബസ് പണിമുടക്ക് യാത്രക്കാരെ ബാധിച്ചില്ല
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഇന്നലെ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിയ 24 മണിക്കൂര്‍ പണിമുടക്ക് യാത്രക്കാരെ ബാധിച്ചില്ല. പണിമുടക്കിനെ നേരിടാന്‍ കെ.എസ്.ആര്‍.ടി.സി സര്‍വ സന്നാഹങ്ങളും ഒരുക്കിയിരുന്നു. കിഴക്കേകോട്ട ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകള്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തിയത്.
പണിമുടക്കിനോടനുബന്ധിച്ച് ഇന്നലെ രാവിലെ പത്തരയ്ക്ക് സ്വകാര്യ ബസ് തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന സമിതി അംഗം കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
എ.ഐ.ടി.യു.സി സംസ്ഥാന സമിതി അംഗം പട്ടം ശശിധരന്‍ അധ്യക്ഷനായി. ചാല സുധാകരന്‍ (ഐ.എന്‍.ടി.യു.സി), കോട്ടക്കകം ശിവന്‍ ( സി.ഐ.ടി.യു), കുര്യാത്തി ഷാജി (ഐ.എന്‍.ടി.യു.സി),കാലടി പ്രേമന്‍ ( എ.ഐ.ടി.യു.സി), സജി അന്‍സാര്‍ (എസ്.ടി.യു), വള്ളക്കടവ് ഗഫൂര്‍ (എസ്.ടി.യു), സുനില്‍ മുക്കോല (സി.ഐ.ടി.യു ) തുടങ്ങിയവര്‍ സംസാരിച്ചു.
സ്വകാര്യ ബസ് തൊഴിലാളികളെ രണ്ടാംകിട പൗരന്മാരായി കാണുന്നത് അനുവദിക്കില്ലെന്നും, എത്രയുംവേഗം പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ ജില്ലയില്‍ മുഴുവനും പിന്നീട് സംസ്ഥാന വ്യാപകമായും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വിവിധ സംഘടനാ നേതാക്കള്‍ പറഞ്ഞു.
അതേ സമയം സ്വകാര്യ ബസുകാരുടെ പണിമുടക്കിനെ നേരിടാന്‍ കെ.എസ്.ആര്‍.ടി.സി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്. സ്വകാര്യ ബസുകളുടെ 94 റൂട്ടുകളിലും പ്രത്യേക സര്‍വിസ് നടത്തി. വിതുര, പാലോട്, നെടുമങ്ങാട്, വെഞ്ഞാറുമൂട്,കിളിമാനൂര്‍,ആറ്റിങ്ങല്‍,പാറശാല,നെയ്യാറ്റിന്‍കര,വിഴിഞ്ഞം,പൂവാര്‍ ഡിപ്പോകളില്‍ നിന്ന് രണ്ടുവീതം ബസുകള്‍ നഗരത്തിലെത്തിച്ചിരുന്നു. സ്വകാര്യ ബസുകളുടെ റൂട്ടുകളിലേക്കുള്ള പ്രത്യേക സര്‍വിസിന് ഈ ബസുകളെ ഉപയോഗിച്ചു. യാത്രാക്ലേശം നേരിട്ടാല്‍ അടിയന്തിരമായി ഇടപെട്ട് ബസുകള്‍ എത്തിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു.
പ്രധാന റൂട്ടുകളിലേക്ക് 20 ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചു. ഏകോപനത്തിനായി പ്രത്യേക കണ്‍ട്രോള്‍ യൂനിറ്റും സജ്ജമാക്കിയിരുന്നു. കഴിഞ്ഞ 24 വര്‍ഷമായി നഗരത്തിലെത്തുന്ന സ്വകാര്യ ബസുകള്‍ കിഴക്കേകോട്ടയിലെ ബസ് സ്റ്റോപ്പില്‍ വന്നാണ് ആളെയിറക്കുന്നതും കയറ്റുന്നതും. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ഉടമസ്ഥാവകാശമുന്നയിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് സ്വകാര്യ ബസ് തൊഴിലാളികളുടെ വാദം. കഴിഞ്ഞ മാസമുണ്ടായ സംഭവ വികാസങ്ങളാണ് സ്വകാര്യ ബസുകാര്‍ക്ക് സ്റ്റാന്‍ഡില്‍ പ്രവേശനം നിഷേധിക്കും വിധത്തിലേക്ക് കാര്യങ്ങളെയെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."