വനിതാ സംവരണ ബില്‍: കേന്ദ്ര നീക്കത്തെ പിന്തുണച്ച് പ്രധാനമന്ത്രിയ്ക്ക് സോണിയയുടെ കത്ത്
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാസാക്കാനുള്ള കേന്ദ്ര നീക്കത്തെ പിന്തുണച്ച് പ്രധാനമന്ത്രിയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്.
2010 ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭയില്‍ ബില്‍ പാസാക്കിയതാണ്. എന്നാല്‍ പല കാരണങ്ങളാല്‍ ഇത് അവഗണിക്കപ്പെട്ടു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കത്തെ കോണ്‍ഗ്രസ് എക്കാലത്തും പിന്തുണച്ചിട്ടുണ്ടെന്നും തുടര്‍ന്നും പിന്തുണയുണ്ടാവുമെന്നും സോണിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. സര്‍ക്കാരിന്റെ വനിതാ ശാക്തീകരണ ശ്രമങ്ങളിലൊന്നാണിതെന്ന് വ്യക്തമാക്കിയാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ശ്രമം നടത്തുന്നത്.
2010ല്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ വിജയമായാണ് കോണ്‍ഗ്രസ് ഈ വിജയത്തെ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. സഖ്യകക്ഷികളായ സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്‍ പാസാക്കാന്‍ കഴിയാതിരുന്നത്. ചില കോണ്‍ഗ്രസ് അംഗങ്ങള്‍പോലും ബില്ലിനെ എതിര്‍ത്തിരുന്നു.
എന്നാല്‍ മോദി സര്‍ക്കാര്‍ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് വനിതാ സംവരണ ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നതെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
മുത്വലാഖ് നിരോധനം, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കുന്ന പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന, സ്ത്രീകള്‍ക്കായി സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കല്‍, റേഷന്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ളവ സ്ത്രീകളുടെ അക്കൗണ്ടിലെത്തിക്കല്‍ തുടങ്ങിയ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടപ്പാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വനിതാ സംവരണ ബില്ലുകൂടി കൊണ്ടുവരുന്നതെന്നാണ് അവകാശവാദം.
പാര്‍ലമെന്റുള്‍പ്പെടെയുള്ള നിയമ നിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്കായി മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യുന്ന ബില്ലാണ് വനിതാ സംവരണ ബില്‍.
1996 ലാണ് ആദ്യമായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലെത്തുന്നത്. എന്നാല്‍ രാഷ്ട്രീയ പിന്തുണ കിട്ടാതിരുന്നതോടെ ബില്‍ പരാജയപ്പെട്ടു. പിന്നീട് വാജ്‌പെയ് സര്‍ക്കാര്‍ 1998 വീണ്ടും ബില്‍ പാര്‍ലമെന്റില്‍ എത്തിച്ചെങ്കിലും അപ്പോഴും യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. കോണ്‍ഗ്രസിന്റെ നിസഹകരണമായിരുന്നു ബില്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചത്. പിന്നീട് യു.പി.എ സര്‍ക്കാര്‍ രണ്ടുതവണ അധികാരത്തിലെത്തി. രണ്ടാം യു.പി.എയുടെ കാലത്താണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുത്ത്.
നിലവില്‍ രാജ്യസഭയില്‍ പാസാക്കിയ ബില്‍ ഇതുവരെ ലാപ്‌സായിട്ടില്ല. ഇതിനെ ലോക്‌സഭയില്‍ പാസാക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രിയെന്നാണ് വിവരം. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവയില്‍ കേന്ദ്രത്തിനും പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിക്കും ഉണ്ടായിരിക്കുന്ന വിമര്‍ശനം മറികടക്കാനും ജനപ്രീതി വര്‍ധിപ്പിക്കാനും ഉതകുന്നതായിരിക്കും ബില്‍ പാസാക്കിയെടുക്കുന്നതിലൂടെ ഉണ്ടാവുകയെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."