രണ്ടാം തവണ ഹജ്ജിനെത്തി: കാഴ്ചശക്തിയില്ലാത്ത മലയാളി മക്കയില്‍ നിന്നു വിടവാങ്ങിയത് ഹജറുല്‍ അസ്‌വദ് ചുംബിച്ച ആത്മനിര്‍വൃതിയില്‍
മക്ക: നേരത്തെ ഹജ്ജിനെത്തിയപ്പോഴും മനസ്സില്‍ കൊണ്ട് നടന്ന ആ സുന്ദര നിമിഷം കൈവരാത്തതില്‍ മനം നൊന്തു നടന്നിരുന്ന കാഴ്ചശക്തിയില്ലാത്ത മലയാളി ഹാജി ഇത്തവണ മക്കയില്‍ നിന്നും മടങ്ങിയത് തന്റെ അഭിലാഷം പൂവണിഞ്ഞ ആത്മ നിര്‍വൃതിയില്‍. കണ്ണൂര്‍ ചേലാട് മഹല്ലിലെ എം പി അബ്ദുറഹ്മാനാണ്തന്റെ ജീവിതാഭിലാഷം പൂവണിഞ്ഞ സന്തോഷത്തോടെ മക്കയില്‍ നിന്നും യാത്ര തിരിച്ചത്. ഇതിനു നിമിത്തമായ 'വിഖായ' ഹജ്ജ് വളണ്ടിയര്‍മാരെ ആശീര്‍വദിച്ചും പ്രാര്‍ത്ഥനകൊണ്ടും മൂടാനും അദ്ദേഹം മറന്നില്ല.
1983 ല്‍ കുവൈത്തില്‍ വെച്ചുണ്ടായ വാഹനാപകടമാണ് ഹാജിയെ ഇരുള്‍ ലോകത്തേക്ക് കൊണ്ട് പോയത്. 25 വര്‍ഷമായി രണ്ടു കണ്ണിന്റെയും കാഴ്ച്ച പൂര്‍ണ്ണമായും നഷ്ടമായ ഇദ്ദേഹം നേരത്തെ 2000 ല്‍ ഭാര്യാ സമേതം ഹജ്ജിനെത്തിയെങ്കിലും ഹജറുല്‍ അസ്‌വദ് ചുംബിക്കുക എന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കഴിയാതെ തിരിച്ചു പോകുകയായിരുന്നു. ഈ വര്‍ഷം ഹജ്ജിനെത്തിയപ്പോള്‍ കണ്ടുമുട്ടിയ വിഖായ വളണ്ടിയര്‍മാരുടെ നടത്തിയ കുശലാന്വേഷണത്തിലാണ് തന്റെ ആഗ്രഹം അദ്ദേഹം അറിയിച്ചത്. തന്നോട് പ്രാര്‍ത്ഥന കൊണ്ട് വസ്വിയ്യത് ചെയ്ത പലരും വിളിച്ചു പ്രാര്‍ത്ഥന ഫലിച്ചുവെന്ന് പറഞ്ഞതാണ് ഏറ്റവും വലിയ ചാരിതാര്‍ഥ്യം എന്ന് പറഞ്ഞ അദ്ദേഹം തനിക്ക് വേണ്ടി ഞാന്‍ പ്രത്യേകിച്ച് ഒന്നും പ്രാര്‍ത്ഥിച്ചില്ലെന്നും പറഞ്ഞു.
തുടര്‍ന്നാണ് മനസ്സില്‍ ഏറെ കാലമായി കൊണ്ട് നടന്ന ആഗ്രഹം സഫലീകരിക്കാത്തതിന്റെ വേദന അദ്ദേഹം പങ്കുവെച്ചത്. ഹജറുല്‍ അസ്‌വദ് ചുംബിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാവര്‍ക്കും സാധ്യമാകുന്ന ഹിജ്ര്‍ ഇസ്മാഈലില്‍ വെച്ച് നിസ്‌കരിക്കാനുള്ള തന്റെ ആഗ്രഹമെങ്കിലും നടന്നാല്‍ നന്നായിരുന്നുവെന്നു അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ 'വിഖായ' വളണ്ടിയര്‍മാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും അവരുടെ പൂര്‍ണ്ണ അകമ്പടിയോടെ ഹജറുല്‍ അസ്‌വദ് ചുംബിക്കാനും നിസ്‌കരിക്കാനും സൗകര്യം ചെയ്തു കൊടുക്കുകയുമായിരുന്നു.
വിഖായ പ്രവര്‍ത്തകരോടൊപ്പെം വിടവാങ്ങല്‍ ത്വവാഫിനെത്തിയ ഹാജി സുരക്ഷാവലയത്തില്‍ ഹജറുല്‍ അസ് വദ് ചുംബിച്ചപ്പോള്‍ അതിരില്ലാത്ത സന്തോഷത്തില്‍ വിതുമ്പിക്കരഞ്ഞ രംഗം കണ്ട് നിന്നവരെ മുഴുവന്‍ ഈറനണിയിച്ചു. തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഉപകാരമായി ഇതിനെ കാണുമെന്ന്, വിഖായ ചെയര്‍മാനെ കെട്ടിപ്പുണര്‍ന്ന് ഹാജി പറഞ്ഞു. ഞാന്‍ പൂര്‍ണ സംതൃപ്തനായാണ് ഇത്തവണ മടങ്ങുന്നതെന്നും എല്ലാ പ്രാര്‍ത്ഥനയിലും ഇവരെ ഉള്‍പ്പെടുത്തുമെന്നും പറഞ്ഞാണ് ഹാജി മടങ്ങിയത്.
മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര തിരിച്ച ഹാജിയെ യാത്രയാക്കാന്‍ വിഖായ ചെയര്‍മാന്‍ ഒമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി യുടെ നേതൃത്വത്തില്‍ കണ്‍വീനര്‍ ഫരീദ് ഐക്കരപ്പടി, കോഡിനേറ്റര്‍ മുനീര്‍ ഫൈസി മാമ്പുഴ, അബൂബക്കര്‍ സാഹിബ് കണ്ണാടിപ്പറമ്പ് ,ഹാശിം സാഹിബ് കണ്ണൂര്‍, ഷംസീര്‍ കൊളത്തറ എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."