വ്യാജ രസീത് വിവാദം: ബി.ജെ.പി നേതാക്കള്‍ സി.പി.എമ്മിലേക്ക്
വടകര: ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിനായി വ്യാജ രസീത് അടിച്ചു വിതരണംചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വടകര മേഖലയിലെ ബി.ജെ.പിയിലുണ്ടായ തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക്.
വ്യാജരസീത് വിവാദം പുറംലോകത്ത് എത്തിച്ചെന്ന് ബി.ജെ.പി ഔദ്യോഗിക വിഭാഗം കുറ്റപ്പെടുത്തുന്ന രണ്ട് പ്രാദേശിക നേതാക്കളും ഒരു പ്രവര്‍ത്തകനും സി.പി.എമ്മില്‍ ചേക്കേറി. ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജ് അധ്യാപകനും ബി.ജെ.പി മയ്യന്നൂര്‍ ബൂത്ത് പ്രസിഡന്റുമായിരുന്ന ടി. ശശികുമാറും ആര്‍.എസ്.എസ് മുന്‍ മണ്ഡലം കാര്യവാഹക് കക്കോട്ട്കണ്ടി മോഹന്‍ദാസും കുടുംബവും എടോളി മലയില്‍ പൊക്കനുമാണ് ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം ആയഞ്ചേരി മംഗലാട് നടന്ന സ്വീകരണ യോഗത്തില്‍ ഇവര്‍ പങ്കെടുത്തു.
പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ രസീത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് ശശികുമാറാണെന്ന് ബി.ജെ.പി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ശശികുമാറിനെ ബി.ജെ.പിക്കാര്‍ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ കോളജില്‍നിന്ന് സസ്‌പെന്റ് ചെയ്തു.
വ്യാജ രസീത് വിവാദം പുറത്തുകൊണ്ടുവന്നവരെ ഒറ്റപ്പെടുത്തുകയും പണം തട്ടിയവരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടില്‍ വടകര മേഖലയിലെ പാര്‍ട്ടി അണികളില്‍ വലിയൊരു വിഭാഗത്തിന് അമര്‍ഷമുണ്ട്.
പ്രാദേശിക നേതാക്കള്‍ സി.പി.എമ്മില്‍ ചേര്‍ന്നതോടെ ഔദ്യോഗിക വിഭാഗത്തിന്റെ ഇരട്ടത്താപ്പില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."