തോമസ് ചാണ്ടിയെ കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മന്ത്രി ജി. സുധാകരന്‍
കൊച്ചി: മന്ത്രിമാരോട് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ പാടില്ലെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയില്‍ എത്തിയ മന്ത്രി ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് പൊട്ടിത്തെറിച്ചത്.
ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് പ്രതികരിച്ചതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പൊട്ടിത്തെറി. മന്ത്രി തോമസ് ചാണ്ടിയെ കുറിച്ചു ഉയര്‍ന്ന ചോദ്യം മന്ത്രിയെ പ്രകോപിതനാക്കി.
സംഭവം തന്റെ മണ്ഡലത്തില്‍ അല്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം. ചാനലിന്റെ കാര്‍ തകര്‍ത്തത് തെറ്റാണ്. അതു ചെയ്ത സാമൂഹിക വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണം. തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടിയെ കുറിച്ചുള്ള ചാനല്‍ ലേഖികയുടെ ചോദ്യം കേട്ടതോടെ ക്ഷുഭിതനായി. താനൊരു മന്ത്രിയാണെന്നും മന്ത്രിമാരോട് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ പാടില്ലെന്നും സുധാകരന്‍ പറഞ്ഞു.
തോമസ് ചാണ്ടിയോട് തന്നെ അക്കാര്യങ്ങളെ കുറിച്ച് ചോദിക്കണം. ആക്രമണം തെറ്റാണെന്ന് താന്‍ വ്യക്തമാക്കിയ ശേഷം തോമസ് ചാണ്ടിയുടെ കാര്യം ഉന്നയിച്ചത് ശരിയല്ല.
പൊലിസ് അന്വേഷിക്കേണ്ട കാര്യങ്ങളാണവ. ആര്‍ക്കെങ്കിലും പങ്കാളിത്തമുണ്ടെന്നോ, ഇല്ലെന്നോ മന്ത്രി പറഞ്ഞാല്‍ പിന്നെ പൊലിസ് അന്വേഷിക്കേണ്ട കാര്യമില്ല. തോമസ് ചാണ്ടിക്കെതിരേ തന്റെ വായില്‍നിന്ന് എന്തെങ്കിലും കിട്ടുമെന്ന് ആരും കരുതേണ്ട. അദ്ദേഹം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനാണ്. മന്ത്രിയെന്ന നിലയില്‍ സഹപ്രവര്‍ത്തകരോട് താന്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്. കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്റെ നിലപാട് നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. അതു കൂട്ടായെടുത്ത നിലപാടാണ്. അതിനപ്പുറം ഒന്നും പറയാനില്ല. ഞങ്ങള്‍ ആരെയും പ്രതിരോധിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തോമസ് ചാണ്ടിക്ക് അനുകൂലമായി താന്‍ ഒന്നും പറഞ്ഞിട്ടില്ല. ആരെയും ന്യായീകരിക്കുന്നില്ല. കൈയേറ്റവുമായി ബന്ധപ്പെട്ട് ദിവസവും വാര്‍ത്തകള്‍ വരുന്നത് നല്ലതല്ലെന്നും സുധാകരന്‍ പറഞ്ഞു. ക്ഷുഭിതനായി സംസാരിച്ച മന്ത്രി പിന്നീട് എന്നോട് വിഷമം തോന്നരുതെന്നു പറഞ്ഞാണു മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."