ഗര്‍ത്തങ്ങള്‍ നിറഞ്ഞ് വൈത്തിരി- തരുവണ റോഡ്
തരുവണ: വൈത്തിരി- തരുവണ റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടും നന്നാക്കാന്‍ നടപടിയില്ലെന്ന് പരാതി. ദിവസവും നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്.
റോഡില്‍ പല സ്ഥലങ്ങളിലായി വലിയ കുഴികള്‍ രൂപപ്പെട്ട് കാല്‍നടയാത്ര പോലും ഏറെ ദുഷ്‌കരമായിരിക്കുകയാണ്. വലിയ കുഴികള്‍ രൂപപ്പെട്ടതോടെ തരുവണ കൊടക്കാട്-പാലവളവ് അപകട മേഖലയായിരിക്കുകയാണ്. റോഡിലെ കുഴികളില്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഇതില്‍ വീഴുന്നത് കൊണ്ട് റോഡരികിലെ വീടുകള്‍ക്ക് വിള്ളല്‍ വീണ് കേടുപാടുകള്‍ സംഭവിക്കുന്നുണ്ടെന്ന് പ്രദേശത്തുകാര്‍ പറയുന്നു.
അധികൃതരെ വിവരമറിയിച്ചെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ പരാതി. പ്രദേശത്തുകാര്‍ ശ്രമദാനമായി കോറി വേസ്റ്റും മറ്റും ഇട്ടാണ് താല്‍ക്കാലികമായി റോഡിലെ കുഴികള്‍ അടച്ചത്.
റോഡരികിലെ ഓടകള്‍ അടഞ്ഞതിനാല്‍ വെള്ളം കെട്ടിനില്‍ക്കാനും കാരണമാവുകയാണ്.
വേഗത്തില്‍ അധികൃതര്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."