വര്‍ണപ്പൂക്കളും കളിമണ്‍പാത്രങ്ങളും
അഞ്ചു വയസ് കഴിഞ്ഞ പയ്യന്‍. സ്‌കൂളില്‍ പോയിത്തുടങ്ങിയിട്ട് അധികം നാളുകളായില്ല. ക്ലാസില്‍ ഒരു ദിവസം ടീച്ചര്‍ പറഞ്ഞു.
'നമുക്കൊരു ചിത്രം വരക്കാം.'
'ഹായ് നന്നായി' കുട്ടി വിചാരിച്ചു. അവനിഷ്ടമാണ് ചിത്രം വരക്കാന്‍.
സിംഹം, പുലി, കോഴി, പശു, ട്രെയ്ന്‍, ബോട്ട് എല്ലാം വരച്ച് നോക്കും.
ആഹ്ലാദത്തോടെ അവന്‍ കളര്‍ പെന്‍സിലുകളെടുത്ത് റെഡിയായി. ഒപ്പം മറ്റ് കുട്ടികളും.
്്് 'നോക്കൂ. ഇന്ന് നാം പൂക്കളാണ് വരക്കുക'
ടീച്ചര്‍ പറഞ്ഞു.
സന്തോഷമായി അവന്. പൂക്കള്‍ അവന് ഏറെ ഇഷ്ടമാണ്. ടീച്ചര്‍ പറഞ്ഞയുടനെ അവന്‍ വരക്കാന്‍ തുടങ്ങി.
പിങ്കും ഓറഞ്ചും നീലയും വര്‍ണ്ണങ്ങളില്‍ മനോഹരമായ പൂവ്. പക്ഷെ ടീച്ചര്‍ പറഞ്ഞു.
'നിര്‍ത്ത്. ഞാന്‍ കാണിച്ച് തരാം എങ്ങിനെ വരക്കണമെന്ന്'ടീച്ചര്‍ ബ്ലാക്‌ബോഡില്‍ ഒരു പൂവ് വരച്ചു. ചുവപ്പും പച്ചയുമായിരുന്നു അവയുടെ വര്‍ണ്ണങ്ങള്‍.
'ഇനി ഇത് നോക്കി വരച്ചോളൂ'
കുട്ടി ടീച്ചറുടെ ചിത്രം നോക്കി. സ്വന്തം പൂക്കളും നോക്കി. തന്റെ പുക്കളായിരുന്നു ടീച്ചര്‍ വരച്ച പൂക്കളേക്കാള്‍ ഏറെ മനോഹരമായി അവന് തോന്നിയത്. പക്ഷെ അതവന്‍ പറഞ്ഞില്ല. എങ്ങിനെ പറയും?
അവന്‍ പേപ്പറെടുത്ത് ടീച്ചറുടെ ചിത്രം അതേപോലെ പകര്‍ത്തി വച്ചു. മറ്റൊരു നാള്‍ ടീച്ചര്‍ പറഞ്ഞു. 'ഇന്ന് നാം കളിമണ്ണ്‌കൊണ്ട് ശില്‍പ്പമുണ്ടാക്കുകയാണ്'. 'നന്നായി' അവന്‍ വിചാരിച്ചു.
ഇഷ്ടമായിരുന്നു അവന് കളിമണ്‍ശില്‍പ്പങ്ങളുണ്ടാക്കാന്‍. പാമ്പ്, മനുഷ്യന്‍, ആന, കാര്‍, ട്രക്ക് പലതും അവന്‍ രൂപപ്പെടുത്തും. കളിമണ്‍ കുഴച്ച് ഉരുളയില്‍ ഉല്‍സാഹത്തോടെ അവന്‍ പണിയാന്‍ തുടങ്ങുമ്പോഴേക്കും ടീച്ചര്‍ പറഞ്ഞു. 'നിര്‍ത്ത്'. ഞാന്‍ പറഞ്ഞിട്ട് തുടങ്ങിയാല്‍ മതി'.
അവന്‍ കാത്തുനിന്നു. എല്ലാവരും റെഡിയായപ്പോള്‍ ടീച്ചര്‍ പറഞ്ഞു.
'നാം ഇപ്പോഴുണ്ടാക്കാന്‍ പോവുന്നത് ഒരു പാത്രമാണ്'. നന്നായി. കുട്ടി വിചാരിച്ചു. അവന് ഇഷ്ടമായിരുന്നു പാത്രങ്ങളുണ്ടാക്കാന്‍.
വേഗം മണ്ണുരുളയെടുത്ത് പല രൂപത്തിലും ആകൃതിയിലും അവന്‍ പാത്രങ്ങള്‍ പണിയാന്‍ തുടങ്ങി. അപ്പോഴേക്കും ടീച്ചറുടെ ശബ്ദമുയര്‍ന്നു.
'നിര്‍ത്തൂ.
ഞാന്‍ കാണിച്ചുതരുന്നത് പോലെ വേണം പാത്രങ്ങളുണ്ടാക്കാന്‍'
വളരെ കുഴിഞ്ഞ ഒരു പാത്രമായിരുന്നു ടീച്ചര്‍ ഉണ്ടാക്കിയത്. കുട്ടി മാറിമാറി നോക്കി.
തന്റെ പാത്രങ്ങളും ടീച്ചറുടെ പാത്രങ്ങളും. അവനിഷ്ടപ്പെട്ടത് തന്റെ നിര്‍മിതിയായിരുന്നു.
പക്ഷെ ഒന്നും പറയാതെ അവന്‍ അവയൊക്കെ വീണ്ടും വലിയൊരു ഉരുളയാക്കി ടീച്ചര്‍ പറഞ്ഞത് പോലെ കുഴിഞ്ഞ ഒരു പാത്രമുണ്ടാക്കി.
ക്രമേണ ടീച്ചര്‍ പറയുന്നത് വരെ കാത്തിരിക്കാന്‍ കുട്ടി പഠിച്ചു. ടീച്ചര്‍ പറഞ്ഞത് പോലെ മാത്രം എഴുതാനും വരക്കാനും ശില്‍പ്പങ്ങളുണ്ടാക്കാനും കളിക്കാനും അവന്‍ ശീലിച്ചു.
സ്വന്തമായ ഒന്നും അവന്‍ ചെയ്തതേയില്ല!!
അനുകരണങ്ങള്‍ മാത്രം. സ്വന്തമായ ഒന്നിനെക്കുറിച്ചും അവന്‍ ചിന്തിച്ചതേയില്ല!!
ഏതാനും മാസങ്ങള്‍ക്ക്‌ശേഷം കുട്ടിയും കുടുംബവും മറ്റൊരു പട്ടണത്തിലേക്ക് താമസം മാറ്റി. അവന്‍ പുതിയൊരു സ്‌കൂളില്‍ ചേര്‍ന്നു.
പുതിയ ക്ലാസിലെത്തിയ ദിവസം തന്നെ ടീച്ചര്‍ പറഞ്ഞു. 'നമുക്കൊരു ചിത്രം വരക്കാം'
'നന്നായി' അവന്‍ വിചാരിച്ചു. അവനിഷ്ടമാണല്ലോ ചിത്രം വരക്കാന്‍.
എന്നിട്ട് അവന്‍ കാത്തിരിപ്പായി. എന്ത് വരക്കണമെന്ന് ടീച്ചര്‍ പറയാന്‍!!
പക്ഷെ ടീച്ചര്‍ ഒന്നും പറയുന്നേയില്ല!! അവര്‍ ക്ലാസ്മുറിയില്‍ കുട്ടികള്‍ക്കിടയിലൂടെ ചുറ്റി നടക്കുക മാത്രമേ ചെയ്തുള്ളു. അവന്‍ ഒന്നും വരച്ചിട്ടില്ലെന്ന് അപ്പോഴാണ് ടീച്ചര്‍ കണ്ടത്.
'മോന് ചിത്രം വരക്കേണ്ടേ?'
ടീച്ചര്‍ ചോദിച്ചു.
'വേണം'.
അവന്‍ പറഞ്ഞു. 'എന്ത് ചിത്രമാണ് വരക്കുക?' അവന്‍ ചോദിച്ചു.
'മോന്‍ വരക്കാതെ അത് ഞാനെങ്ങിനെ അറിയും?'
അല്‍ഭുതത്തോടെ ടീച്ചര്‍ ചോദിച്ചു.
'ഞാനെങ്ങിനെ വരക്കണം?'
'നിനക്കിഷ്ടമുള്ള രൂപത്തില്‍ വരച്ചോളൂ'
'എന്ത് നിറം?'
'നിനക്കിഷ്ടമുള്ള നിറം!'
'എല്ലാവരും ഒരേ നിറത്തില്‍, ഒരേ തരം ചിത്രങ്ങള്‍ വരച്ചാല്‍ പിന്നെ എന്ത് വ്യത്യാസം?' അവര്‍ ചോദിച്ചു.
'ഓ, എനിക്കറിയില്ല' അതും പറഞ്ഞ് അവന്‍ ചിത്രം വരക്കാന്‍ തുടങ്ങി.
ചിത്രത്തിന്റെ നിറങ്ങളോ? പച്ചയും ചുകപ്പും!!
ഹെലന്‍ ഇ ബക്ലെ എഴുതിയതാണ് മനോഹരമായ ഈ കുറിപ്പ്. അധ്യാപകരുടെ കണ്ണ് തുറപ്പിച്ചേക്കാവുന്ന കുറിപ്പ്. രക്ഷിതാക്കളെ ആലോചനാബദ്ധരാക്കേണ്ട കുറിപ്പ്.
അടിച്ചേല്‍പ്പിച്ച രീതികള്‍ അത്രമാത്രം ഉറച്ച് പോയിരുന്നു ആ കുട്ടിയുടെ മനസില്‍. സ്വതന്ത്രഭാവനയുടെ മനോജ്ഞവര്‍ണ്ണങ്ങളെല്ലാം കടുത്ത ആജ്ഞകള്‍ കെടുത്തിക്കളയുന്നു. സ്വന്തം ഇഷ്ടങ്ങളൊന്നും പ്രത്യക്ഷപ്പെടാത്ത മനസ്സുകളെ സൃഷ്ടിക്കുന്നു.
സ്വന്തം സ്വപ്നങ്ങള്‍ ഇല്ലാതാക്കിക്കളയുന്നു.!!
ചിത്രം വരക്കാന്‍ പറയുമ്പോള്‍ അവന്‍ സന്തോഷത്തോടെ പേപ്പറും കളര്‍ പെന്‍സിലുകളുമെടുക്കുകയും അതില്‍ ഇഷ്ടനിറങ്ങളില്‍ അവന്റെ പൂക്കള്‍ വിരിയുകയും പിങ്കും ഓറഞ്ചും നീലയും വര്‍ണ്ണങ്ങളിലുള്ള മനോഹരങ്ങളായ പുഷ്പങ്ങളിലൂടെ അവന്റെ സങ്കല്‍പ്പങ്ങളത്രയും വിടരുകയും ചെയ്യുന്ന രംഗങ്ങള്‍ നമുക്ക് സ്വപ്നം കാണേണ്ടതില്ലേ! അപ്പോള്‍ അവന്റെയും നമ്മുടെയും ലോകം കൂടുതല്‍ മധുരമനോജ്ഞമാവില്ലേ? ഭൂമി മനോഹരമാവില്ലേ?
സൃഷ്ടിയുടെ സന്തോഷം കുട്ടിയില്‍ ഉണര്‍ത്തുകയാണ് അധ്യാപകന്‍ ചെയ്യേണ്ടതെന്ന് സാക്ഷാല്‍ ഐന്‍സ്റ്റൈന്‍. ' It is the supreme art of the teacher to awaken joy in creative expression and knowledge”. Albert Einstein
നമ്മെ മറ്റാരെങ്കിലുമാക്കാന്‍ നിരന്തരം ശ്രമിക്കുന്ന ലോകത്ത്. താനായിരിക്കുക എന്നത് വലിയ നേട്ടമെന്ന് എമേഴ്‌സണ്‍.
'To be yourself in a world that is constantlyt rying to make you something else is the greatest accomplishment'. Ralph Waldo Emerson പുതിയ പ്രതീക്ഷകളും നവഭാവനകളും കുട്ടികളില്‍ വിരിയിക്കാന്‍ നമുക്ക് സാധ്യമാവേണ്ടതുണ്ട്.
“A good teacher can inspire hope, ignite the imagination, and instill a love of learning” Brad Henry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."