സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ;രാഷ്ട്രീയ സ്‌ഫോടനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സംഭവിച്ചേക്കാവുന്ന രാഷ്ട്രീയ സ്‌ഫോടനങ്ങള്‍ക്കു കാതോര്‍ത്ത് കേരളം.
അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നേരിട്ടുള്ള പരാമര്‍ശങ്ങളൊന്നുമില്ലെങ്കിലും കോണ്‍ഗ്രസിലെ ചില പ്രമുഖര്‍ക്കെതിരേ സരിത ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
വേങ്ങര ഉപതെരഞ്ഞെടുപ്പ് കാലമായതിനാല്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ ഉണ്ടാകാവുന്ന പരാമര്‍ശങ്ങള്‍ പരമാവധി ആയുധമാക്കാനുള്ള നീക്കത്തിലാണ് ഇടതുമുന്നണി. റിപ്പോര്‍ട്ട് സമര്‍പ്പണം വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് സമ്മര്‍ദമുണ്ടായതായി സൂചനയുണ്ട്. കാലാവധി വീണ്ടും നീട്ടാന്‍ കമ്മിഷന്‍ നേരത്തേ അഭ്യര്‍ഥിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു.
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി മുന്നോട്ടുപോകുന്ന യു.ഡി.എഫിനെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉപയോഗിച്ചു സമ്മര്‍ദത്തിലാക്കാനാണ് ഇടതുമുന്നണി ഉദ്ദേശിക്കുന്നത്. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടിട്ടില്ല.
അടുത്തദിവസം മുഖ്യമന്ത്രിതന്നെ പ്രധാന വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് സൂചനയുണ്ട്. ഇതോടെയായിരിക്കും ഇടതുമുന്നണി യു.ഡി.എഫിനെതിരേ ആക്രമണം ആരംഭിക്കുക. കോണ്‍ഗ്രസിലെ ചില ഉന്നതരുടെ പങ്കിനെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ യു.ഡി.എഫിന് രാഷ്ട്രീയ ആഘാതമാവാനിടയുണ്ട്. ഉമ്മന്‍ ചാണ്ടി വ്യക്തിപരമായി കുറ്റക്കാരനാണെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ലെങ്കിലും അദ്ദേഹത്തിന്റെ ഓഫിസിനെക്കുറിച്ചുള്ള പരമാര്‍ശങ്ങളും ചില പൊലിസ് ഉദ്യോഗസ്ഥര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലും യു.ഡി.എഫിനെതിരേ ശക്തമായ ആയുധങ്ങളായി മാറിയേക്കും. കോണ്‍ഗ്രസിനു തട്ടിപ്പില്‍ പങ്കുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉപകരിക്കാനിടയുണ്ട്.
നാലര വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തെളിവെടുപ്പിന്റെ ഓരോ ഘട്ടങ്ങളിലും പുറത്തുവന്ന വിവരങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേരിട്ട പരാജയത്തില്‍ ഈ വിവാദങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. 15 മണിക്കൂര്‍ തുടര്‍ച്ചയായി കമ്മിഷന്‍ ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തതും വലിയ വാര്‍ത്താപ്രാധാന്യം നേടി. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സൗരോര്‍ജ സംവിധാനം സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി ടീം സോളാര്‍ എന്ന കമ്പനി നടത്തിയ തട്ടിപ്പാണ് കേസിനിടയാക്കിയത്. കേസിലെ പ്രതി സരിത എസ്. നായര്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ചിലരുമായുണ്ടായിരുന്ന അടുപ്പമാണ് അദ്ദേഹത്തിന്റെ ഓഫിസിനെ കേസുമായി ബന്ധപ്പെടുത്തിയത്. പിന്നീട് ലൈംഗിക പീഡനമടക്കമുള്ള ചില ആരോപണങ്ങള്‍ സരിത കോണ്‍ഗ്രസിലെ ചില പ്രമുഖര്‍ക്കെതിരേ ഉന്നയിച്ചതോടെ കേസ് വലിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."