തായ്‌ലന്റില്‍ സ്‌ഫോടനപരമ്പര: നാലു മരണം
ബാങ്കോക്ക്: തായ്‌ലന്റില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എട്ടിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
24 മണിക്കൂറിനിടെയാണ് ഇത്രയും സ്‌ഫോടനങ്ങള്‍ നടന്നത്. ഹുവാഹിന്‍ റിസോര്‍ട്ട് മാര്‍ക്കറ്റില്‍ വ്യാഴാഴ്ച വൈകിട്ട് നടന്ന ഇരട്ടസ്‌ഫോടനങ്ങളില്‍ യുവതി കൊല്ലപ്പെട്ടു. 20ലേറെ പേര്‍ക്ക് പരുക്കേറ്റു.
ഇവിടെ വെള്ളിയാഴ്ച രാവിലെ വീണ്ടും സ്‌ഫോടനമുണ്ടാകുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.
പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഫുകെറ്റ് നഗരത്തില്‍ വെള്ളിയാഴ്ച ഇരട്ടസ്‌ഫോടനമുണ്ടായിരുന്നു.
തെക്കന്‍ പ്രവിശ്യകളായ തരാങ്, സുറത്ത് താനി എന്നിവിടങ്ങളിലും സ്‌ഫോടനങ്ങളുണ്ടായി. ഇവിടങ്ങളില്‍ ഒരാള്‍ വീതം കൊല്ലപ്പെട്ടു. തായ്‌ലാന്റില്‍ സൈനിക പിന്തുണയോടെ തയാറാക്കിയ പുതിയ ഭരണഘടന ഹിതപരിശോധനയിലൂടെ അംഗീകരിച്ചതിനു പിന്നാലെയാണ് സ്‌ഫോടന പരമ്പര. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്താനായിട്ടില്ലെന്നു പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച പറഞ്ഞു.
ജനങ്ങളെ ഭീതിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തിന്റെ സ്ഥിരത കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് അക്രമികള്‍ ലക്ഷ്യംവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരില്‍ ജര്‍മന്‍, ഇറ്റാലിയന്‍, ഡച്ച്, ഓസ്ട്രിയന്‍ പൗരന്മാരും ഉള്‍പ്പെടുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."