വനിത ഡ്രൈവിങ് അനുമതി: ആറു ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് വനിത തൊഴില്‍ പദ്ധതി വിഭാഗം
റിയാദ്: സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയതോടെ ഡ്രൈവിങ് മേഖലയില്‍ നിന്നും ആറു ലക്ഷത്തിലധികം വിദേശികള്‍ക്ക് ഉടന്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്നു തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിലെ വനിതാ തൊഴില്‍ പദ്ധതി വിഭാഗം മേധാവി ഡോ:ഫാത്വിന്‍ ആലു സാരി പറഞ്ഞു. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രഖ്യാപനം ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ വന്‍ സ്വാധീനം ചെലുത്തുന്നതാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.
രാജ്യത്ത് പതിനാലു ലക്ഷത്തിലധികം വീട്ടു ജോലിക്കാരാണ് നിലവിലുള്ളത്. ഇവര്‍ക്കായി പ്രതിവര്‍ഷം സഊദി കുടുംബങ്ങള്‍ 33 ബില്യണ്‍ റിയാലാണ് ചിലവഴിക്കുന്നത്. ഇതൊഴിവാക്കാന്‍ സഹായിക്കുന്നതോടെ തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ പുതിയ നടപടി സഹായിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
വനിതകള്‍ക്ക് ഡ്രൈവിങ്ങിനുള്ള അനുമതി സാമൂഹിക സാമ്പത്തിക രംഗത്ത് ഉടന്‍ പ്രകടമാകും. ഡ്രൈവിങ് വിലക്കായിരുന്നു തൊഴില്‍ രംഗത്ത് നിന്നും വനിതകളെ പിന്നോട്ടടിച്ചിരുന്നത്. തൊഴിലെടുക്കുന്ന സഊദി വനിതകളില്‍ അവരുടെ ശമ്പളത്തിന്റെ പകുതിയും ഡ്രൈവര്‍മാര്‍ക്കായി നല്‍കുകയായിരുന്നു ചെയ്തിരുന്നത്. ഇതിനു ഇനി പരിഹാരമാകും. വിദേശങ്ങളിലേക്കുള്ള പണമൊഴുക്ക് കുറക്കുന്നതിനും പുതിയ നടപടി കാരണമാകുമെന്നും ഇവര്‍ പറഞ്ഞു.
സഊദിയിലെ വിവിധ നടപടികളുടെ ഭാഗമായി തൊഴില്‍ നഷ്ട്ടം കണക്കാക്കിയപ്പോഴും ഭീഷണിയില്ലാതെയിരുന്ന വിഭാഗമായിരുന്നു ഹൗസ് ഡ്രൈവര്‍മാര്‍. മലയാളികളുടെ ശക്തമായ സാന്നിധ്യം രാജ്യത്ത് പ്രകടമായിരുന്നു. പുതിയ നിയമത്തോടെ മലയാളികളടക്കമുള്ളവരെ സാരമായി ബാധിക്കും.
വനിതകള്‍ക്ക് ഡ്രൈവിങിനുള്ള അനുമതിയെ സഊദി പണ്ഡിതരും സ്വാഗതം ചെയ്തു.
സ്ത്രീകളെ വാഹനമോടിക്കാന്‍ അനുവദിക്കുന്നത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തിനും എതിരല്ലെന്നും രാജ്യത്തിന്റെ നിയമ വ്യവസ്ഥക്കും എതിരല്ലെന്നും സഊദി പണ്ഡിത സഭയിലെ ഉന്നതാംഗം അബ്ദുള്ള ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ തുര്‍ക്കി അഭിപ്രായപ്പെട്ടു. സഊദി ഭരണകൂടത്തിന്റെ നടപടി ശരിയും നീതിയുക്തവും മുന്നോട്ടുളള പ്രയാണത്തിന് ശക്തമായ ഊര്‍ജ്ജവുമാണെന്നു ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഡയറക്റ്ററും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ: സുലൈമാന്‍ ബിന്‍ അബ്ദുള്ള അബല്‍ ഖൈല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."