എ.ടി.എം തകര്‍ത്ത് കവര്‍ച്ചാ ശ്രമം; ഒന്നര മണിക്കൂര്‍ ശ്രമം നടത്തിയെങ്കിലും കവര്‍ച്ച നടത്താനായില്ല
കാസര്‍കോട്: എ.ടി.എം.തകര്‍ത്ത് കവര്‍ച്ചാ ശ്രമം. കേരള കേന്ദ്ര സര്‍വകലാശാല പ്രദേശത്തെ പെരിയ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനടുത്തുള്ള കനാറ ബാങ്കിന്റെ എ.ടി.എമ്മിലാണു കവര്‍ച്ചാ ശ്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്രി ഒന്നോടെ കവര്‍ച്ചക്കാര്‍ എ.ടി.എമ്മിനകത്ത് കയറിയതാണ് സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങളില്‍ കാണിക്കുന്നത്.
ഒന്നര മണിക്കൂറോളം രണ്ടംഗ സംഘം ഇതിനകത്ത് കഠിന പ്രയത്‌നം നടത്തിയതായാണ് സൂചന. വളരെ വിദഗ്ദരായ സംഘമാണ് എ.ടി.എം തകര്‍ത്ത് പണം കവരാന്‍ എത്തിയതെന്ന് സി.സി.ടി.വി.ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാകുന്നു. എ.ടി.എം യന്ത്രത്തിന്റെ വിവിധ ഭാഗങ്ങള്‍ വളരെ വേഗത്തില്‍ അതിവിദഗ്ദമായി അഴിച്ചു മാറ്റുന്ന രംഗങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതാണ് വിദഗ്ദരായ സംഘമാണ് കവര്‍ച്ചാ ശ്രമം നടത്തിയതെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ ഇടയാക്കിയത്.
കറുത്ത കയ്യുറ, ബ്രൗണ്‍ നിറത്തിലുള്ള തൊപ്പി, ചാര നിറത്തിലുള്ള മാസ്‌ക്, ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് എന്നിവ ധരിച്ച ഒരാളും, നീല നിറത്തിലുള്ള ജാക്കറ്റും, കയ്യുറയും, തൊപ്പിയും, മാസ്‌കും ധരിച്ച മറ്റൊരാളുമാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. വാഹനത്തില്‍ എത്തിയ കവര്‍ച്ചാ സംഘത്തില്‍ ചിലര്‍ പുറത്തു കാവല്‍ നില്‍ക്കുകയും രണ്ടു പേര്‍ അകത്തു കയറി കവര്‍ച്ചാ ശ്രമം നടത്തിയതായും പൊലിസ് സംശയിക്കുന്നു.
[caption id="attachment_433900" align="aligncenter" width="630"] എ.ടി.എം മെഷീന്‍ വിവിധ ഭാഗങ്ങളാക്കി അഴിച്ചു വെച്ചത് വിരലടയാള വിദഗ്ദര്‍ പരിശോധിക്കുന്നു[/caption]
ഇതേ സംഘമാണ് കണ്ണൂരിലും എ.ടി.എം തകര്‍ത്ത് പണം കവരാന്‍ രണ്ടു ദിവസം മുമ്പ് ശ്രമിച്ചതെന്ന് പൊലിസ് സംശയിക്കുന്നു. കനറാ ബാങ്കിന്റെ കണ്ണൂരിലെ ഒരു ശാഖയിലുള്ള എ.ടി.എം കൗണ്ടറിലാണ് കവര്‍ച്ചാ ശ്രമമുണ്ടായത്. ഇവിടെ സി.സി.ടി.വി.യില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിരുന്നുവെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. പ്രസ്തുത സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സമാന രീതിയില്‍ പെരിയയിലും കവര്‍ച്ചാ ശ്രമം നടന്നത്. കണ്ണൂരിലെ എ.ടി.എം. കൗണ്ടറിലെ സി.സി.ടി.വിയില്‍ പതിഞ്ഞ രൂപ സാദൃശ്യമുള്ള മോഷ്ടാക്കളാണ് പെരിയയിലെ എ.ടി.എം. കൗണ്ടറിലെ സി.സി.ടി.വിയിലും പതിഞ്ഞതെന്നാണ് സൂചന. ഇതോടെ ഒരേ സംഘം തന്നെയാണ് കണ്ണൂരിലും പെരിയയിലും കവര്‍ച്ചാ ശ്രമം നടത്തിയതെന്ന നിഗമനത്തിലാണ് പൊലിസ്.
ഒരാഴ്ച മുമ്പാണ് എ.ടി.എമ്മില്‍ ബാങ്ക് അധികൃതര്‍ ഇരുപത് ലക്ഷം രൂപ നിറച്ചത്. എന്നാല്‍ ഇതില്‍ നിന്നു നാല് ലക്ഷം രൂപ ഇടപാടുകാര്‍ ഇതിനിടയില്‍ പിന്‍വലിച്ചിരുന്നു. എ.ടി.എം തകര്‍ത്ത സംഭവം പുറത്തു വന്നതോടെ ലക്ഷങ്ങള്‍ കവര്‍ന്നതായി ആദ്യ സമയങ്ങളില്‍ സോഷ്യല്‍ മീഡിയകളിലടക്കം വാര്‍ത്തകള്‍ പരന്നിരുന്നു. പിന്നീട് വിശദമായ പരിശോധനയില്‍ പണം നഷ്ടപ്പെട്ടില്ലെന്നു കണ്ടെത്തുകയായിരുന്നു.
എ.ടി.എം യന്ത്രം വിവിധ ഭാഗങ്ങളാക്കി അഴിച്ചു വെച്ച നിലയിലാണ് കൗണ്ടറിനകത്തു ഉണ്ടായിരുന്നത്. വിരലടയാള വിദഗ്ദര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പണം നഷ്ടപ്പെട്ടതായി സൂചനയില്ലെന്നു കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."