പാചകവാതക വില വര്‍ധിപ്പിച്ചത് തീവെട്ടിക്കൊള്ള: കെ.പി.എ മജീദ്
കോഴിക്കോട്: പെട്രോളിന്റെയും ഡീസലിന്റെയും ദൈനംദിന വിലവര്‍ധനക്കുപുറമെ പാചകവാതകത്തിനും കുത്തനെ വില വര്‍ധിപ്പിച്ചത് ജനങ്ങളുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്നും തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കക്കൂസ് നിര്‍മിക്കാന്‍ മനപ്പൂര്‍വം ഇന്ധനവില വര്‍ധിപ്പിക്കുന്നുവെന്നാണ് കേന്ദ്രമന്ത്രിമാരുടെ ലജ്ജയില്ലാത്ത അവകാശവാദം. അന്നംമുട്ടിച്ച് ആര്‍ക്കുവേണ്ടിയാണ് കക്കൂസ് നിര്‍മിക്കുന്നത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറയുമ്പോഴും ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നത് കോര്‍പറേറ്റുകളെ സഹായിക്കാനാണ്. നോട്ട് അസാധുവാക്കല്‍ വിഡ്ഢിത്തത്തിനും ജി.എസ്.ടി തട്ടിപ്പിനും ഇരയായി ജീവിക്കാന്‍ പാടുപെടുന്ന ജനത്തിന്റെ ക്ഷമ പരീക്ഷിക്കുന്നതിന് ഒരതിരുണ്ട്. ഒരു ന്യായീകരണവുമില്ലാതെ പാചക വാതക വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് കുടുംബ ബജറ്റ് താളംതെറ്റിക്കും.
നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി വര്‍ധിച്ചതിനാല്‍ പട്ടിണിയിലായ സാധാരണക്കാര്‍ക്കുമേല്‍ കൂടുതല്‍ അമിത ഭാരം ചുമത്തുന്നത് താങ്ങാവുന്നതിലും അപ്പുറമാണ്. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 76 രൂപയുമാണ് വര്‍ധിപ്പിച്ചത്.
ഗാര്‍ഹിക സിലിണ്ടറിന് 597.50 രൂപയില്‍ നിന്നാണ് ഒറ്റയടിക്ക് 646.50 രൂപയാക്കിയത്. ഈ തീവെട്ടിക്കൊള്ള അവസാനിപ്പിച്ചില്ലെങ്കില്‍ ജനരോഷത്തിന് മുന്നില്‍ സര്‍ക്കാര്‍ നിലംപതിക്കുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."