'മോദി എന്നെക്കാളും മികച്ച നടന്, യോഗി മുഖ്യമന്ത്രിയാണോ പൂജാരിയാണോ' വിമര്‍ശനവുമായി പ്രകാശ് രാജ്
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെതിരേയും രൂക്ഷ വിമര്‍ശനവുമായി തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്.
മോദി തന്നെക്കാളും മികച്ച നടനാണെന്നും ദേശീയ അവാര്‍ഡിന് വരെ അര്‍ഹനാണെന്നും പ്രകാശ് രാജ് പരിഹസിച്ചു. ബംഗളൂരുവില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം അഭിനയമാണ്. എനിക്ക് അഞ്ച് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അത് ഞാന്‍ അവര്‍ക്ക് തിരിച്ചു നല്‍കുകയാണ്. എന്നെക്കാള്‍ കഴിവുള്ള നടന്മാര് ഇവിടെയുണ്ടെന്നും പ്രകാശ് രാജ് ബംഗളൂരുവില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്ന ചിലര്‍ ഗൗരി വധം ആഘോഷിക്കുകയാണ് ചെയ്തത്. വലിയ ക്രൂരന്മാരാണവര്. നമ്മുടെ പ്രധാനമന്ത്രി കണ്ണടച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ നടന്ന ഒരു പരിപാടിയുടെ വീഡിയോ കണ്ടാല്‍ യോഗി ആതിഥ്യനാഥ് അമ്പലത്തിലെ പൂജാരിയാണോ മുഖ്യമന്ത്രിയാണോ എന്ന് നമുക്ക് സംശയം തോന്നും. ചിലര്‍ ഇരട്ട വേഷമാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കന്നഡ സിനിമയില്‍ അഭിനയം ആരംഭിച്ച പ്രകാശ് രാജ് പിന്നീട് തമിഴ്, മലയാളം സിനിമകളിലെ സജീവ സാന്നിധ്യമാണ്. കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."