ഗാന്ധി ജയന്തി വാരാഘോഷത്തിന് തുടക്കം
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി വാരാഘോഷത്തിന് തുടക്കമായി.
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച ത്യാഗത്തിന്റെയും സത്യത്തിന്റെയും സമഭാവനയുടെയും വെളിച്ചം പ്രസരിപ്പിക്കുംവിധം പെരുമാറാന്‍ നമുക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു.
നേരു പറയുന്നവരെ വെടിവച്ചുകൊല്ലുന്ന കാലഘട്ടത്തില്‍ അഭിപ്രായസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കാനും മതേതര കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനും ഗാന്ധി ജയന്തി ദിനം നമ്മെ പ്രാപ്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വി.എസ് ശിവകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഗാന്ധി സ്മാരക നിധി സെക്രട്ടറി കെ.ജി ജഗദീശന്‍ അധ്യക്ഷനായി.
തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യസമരസേനാനികളായ പി. ഗോപിനാഥന്‍ നായര്‍, അഡ്വ. കെ. അയ്യപ്പന്‍ പിള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങിനോടനുബന്ധിച്ച് തിരുവനന്തപുരം സബര്‍മതി അവതരിപ്പിച്ച 'പ്രണാമം' സംഗീതപരിപാടിയും റിഗാറ്റ അവതരിപ്പിച്ച 'ഭാരതീയ സമുദായം വാഴ്ക' നൃത്തപരിപാടിയും അരങ്ങേറി.
വാരാഘോഷത്തിന്റെ ഭാഗമായി ജില്ലകള്‍തോറും സെമിനാറുകളും വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."