രാജ്യത്തെ എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ പരിശോധന നടത്തും
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ രേഖകളുടെ സുരക്ഷിതത്വവും സ്വകാര്യതയും സജീവ ചര്‍ച്ചയായിരിക്കേ രാജ്യത്തെ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
രാജ്യത്തെ അരലക്ഷത്തോളം വരുന്ന ആധാര്‍ കേന്ദ്രങ്ങള്‍ സ്വകാര്യ ഓഡിറ്റ് സംഘത്തെ കൊണ്ടാകും സര്‍ക്കാര്‍ പരിശോധിക്കുക. ആധാര്‍ പദ്ധതി നടപ്പാക്കുന്ന യു.ഐ.ഡി.എ.ഐ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചാണോ കേന്ദ്രം നടത്തുന്നതെന്നതുള്‍പ്പെടെയാകും പരിശോധിക്കുക.
ആധാര്‍ സര്‍വിസിന് അധികഫീസ് ഈടാക്കുന്നുണ്ടോ, ആധാര്‍ബന്ധിത കംപ്യൂട്ടറുകളിലെ സോഫ്റ്റ് വെയറുകളില്‍ കൃത്രിമത്വം ഉണ്ടോ തുടങ്ങിയവയും സംഘം പരിശോധിക്കും.
ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളിലെ ജീവനക്കാരുടെ ഫോട്ടോകളും സംഘം ശേഖരിക്കും. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്യും. മൊത്തം കേന്ദ്രങ്ങളെ അഞ്ചായി തിരിച്ച് മൂന്നുവീതം പേരാകും ഓരോ കേന്ദ്രങ്ങളും സന്ദര്‍ശിക്കുക. ഒരുവര്‍ഷംകൊണ്ട് പരിശോധനപൂര്‍ത്തിയാക്കാനാണ് ആലോചന.
ആധാറിലെ സ്വകാര്യത സംബന്ധിച്ച കേസില്‍, സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്നായിരുന്നു സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഓഗസ്റ്റില്‍ വിധിപുറപ്പെടുവിച്ചത്.
ആധാറിലേതുള്‍പ്പെടെയുള്ള വിവരസംരക്ഷണത്തിന് ശക്തമായ നിര്‍ദേശങ്ങളും നിയമങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരിനോട് കോടതി ഉത്തരവിടുകയുംചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ മുഖേന വിവരങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ പരിശോധന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."