ലോകബാങ്ക് പദ്ധതി നിര്‍വഹണത്തില്‍ മലപ്പുറത്തിന്റെ മുന്നേറ്റം
കൊണ്ടോട്ടി: സംസ്ഥാനത്ത് ലോക ബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി നിര്‍വഹണത്തില്‍ ആറ് മാസം കൊണ്ട് 85 ശതമാനം പ്രവൃത്തികളും പൂര്‍ത്തീകരിച്ച് മലപ്പുറം ജില്ലയുടെ മുന്നേറ്റം.
624 പദ്ധതികള്‍ക്കായി 27.55 കോടി രൂപ അനുവദിച്ച മലപ്പുറം ജില്ലയില്‍ 58.88 ശതമാനം തുകയും വിനിയോഗിച്ച് 535 പദ്ധതികള്‍ പൂര്‍ത്തീകരിച്ചാണ് ഒന്നാമതെത്തിയത്. ലോക ബാങ്ക് ധനസഹായം ഏറ്റവും കൂടുതല്‍ ലഭിച്ച (36.70 കോടി രൂപ) പാലക്കാട് ജില്ല 67 ശതമാനം പദ്ധതി പ്രവൃത്തികളാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്.
കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത മാര്‍ച്ച് 31 വരെയാണ് പദ്ധതി കാലയളവ്്. തദ്ദേശ സ്ഥാപനങ്ങളുടെ ആസ്തി വികസനത്തിനാണ് ലോക ബാങ്ക് ധനസഹായം നല്‍കുന്നത്.
പദ്ധതി നിര്‍വഹണത്തില്‍ 76 ശതമാനം പൂര്‍ത്തിയാക്കിയ എറണാകുളം ജില്ലയാണ് മലപ്പുറത്തിന് പിറകിലുള്ളത്. 467 പദ്ധതികളില്‍ 50.22 ശതമാനം തുകയും ചെലവഴിച്ച് 358 എണ്ണം പൂര്‍ത്തീകരിച്ചാണ് എറണാകുളം രണ്ടാമതെത്തിയത്.
22.91 കോടിയാണ് ജില്ലക്ക് ലഭിച്ച ധനസഹായം. 27.53 കോടി ലഭിച്ച തിരുവനന്തപുരം ജില്ലയില്‍ 528 പദ്ധതികളില്‍ 371 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്.
47.77 കോടിരൂപയാണ് ഇതുവരെ തിരുവനന്തപുരത്ത് ചെലവഴിച്ചത്. ഏറ്റവും കുറവ് (200)പദ്ധതികള്‍ സമര്‍പ്പിച്ച വയനാട് ജില്ലക്ക് 16.33 കോടി രൂപയാണ് അനുവദിക്കപ്പെട്ടത്. ഇതില്‍ 27.22 ശതമാനം തുക മാത്രമാണ് ഇതുവരെ ചെലഴിച്ചത്. 107 പദ്ധതികള്‍ വയനാട്ടില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഇനിയും ആരംഭിക്കാതെ കിടക്കുന്ന പദ്ധതികള്‍ കൂടുതല്‍ കാസര്‍ക്കോട്ടും കുറവ് ഇടുക്കി ജില്ലയിലുമാണ്. കാസര്‍ക്കോട്ട് 44 പദ്ധതികള്‍ ആരംഭിക്കാനുണ്ട്. ഇടുക്കിയിലാകട്ടെ രണ്ടു പദ്ധതികളും. മറ്റു ജില്ലകളില്‍ ലോക ബാങ്ക് ധനസഹായത്തോടെ ലഭിച്ച ഫണ്ട്, ബ്രാക്കറ്റില്‍ പദ്ധതികള്‍, ചെലഴിച്ച തുക ശതമാനത്തില്‍ എന്ന ക്രമത്തില്‍. കണ്ണൂര്‍ 23.80 കോടി(478) -45.91 ശതമാനം, തൃശൂര്‍ 26.96 കോടി(599)- 44.33ശതമാനം, കൊല്ലം 24.04 കോടി(499) -43.61 ശതമാനം, കോഴിക്കോട് 21.42കോടി(473) - 42.01 ശതമാനം, ഇടുക്കി 18.81 കോടി(224) -41.53 ശതമാനം, പത്തനംതിട്ട 20.38 കോടി(286) -41.3 ശതമാനം, ആലപ്പുഴ 24.56 കോടി(529)- 36.34 ശതമാനം,കാസര്‍കോട് 18.81 കോടി(334)- 32.97 ശതമാനം,കോട്ടയം 25.57(398)-30.6 ശതമാനം.
തദ്ദേശ സ്ഥാപനങ്ങളില്‍ വര്‍ഷത്തില്‍ നല്‍കുന്ന തുകയില്‍ 80 ശതമാനം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അടുത്തകൊല്ലം ഫണ്ട് ലഭിക്കുകയില്ല. ഓരോ ജില്ലക്കും ലഭിക്കുന്ന ഫണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീതം വച്ച് നല്‍കുകയാണ് ചെയ്യുന്നത്. ഇവ വ്യക്തികത ആനുകൂല്ല്യമായി നല്‍കുവാനും പാടുള്ളതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."