തെളിവുകള്‍ ഹാജരാക്കാതെ അഡ്വ. ഉദയഭാനുവിനെതിരേ നടപടി സ്വീകരിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി : റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ ഹാജരാക്കാതെ അഡ്വ.സി.പി ഉദയഭാനുവിനെതിരേ നടപടി സ്വീകരിക്കരുതെന്ന് ഹൈക്കോടതി. ഉദയഭാനുവിനെതിരായുള്ള കേസിന്റെ വിവരങ്ങളും അദ്ദേഹത്തിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിവരങ്ങളും വ്യക്തമാക്കി മുദ്രവച്ച കവറില്‍ 16നകം റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു. രാജീവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് വ്യക്തമാക്കി ഉദയഭാനു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച സിംഗിള്‍ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.
ഇന്നലെ ഹൈക്കോടതി ഹരജി പരിഗണിക്കുമ്പോള്‍ ഉദയഭാനുവിനെ പ്രതിയാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. കേസില്‍ ഹരജിക്കാരന്റെ പങ്കും മറ്റു വിവരങ്ങളും വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കണമെന്ന് സിംഗിള്‍ബെഞ്ച് തുടര്‍ന്ന് നിര്‍ദേശിച്ചു. അറസ്റ്റിലായ മറ്റുപ്രതികളിലൊരാള്‍ ഉദയഭാനുവിനെ ഫോണില്‍ ബന്ധപ്പെട്ടെന്ന് പറയുന്നു. ഇതിന്റെ പേരില്‍ ഒരു അഭിഭാഷകനെ പ്രോസിക്യൂട്ട് ചെയ്താല്‍ എല്ലാ ക്രിമിനല്‍ അഭിഭാഷകരെയും പ്രോസിക്യൂട്ട് ചെയ്യേണ്ടി വരും. ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതു കൊണ്ടു മാത്രം ഒരാള്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യത്തിന് രൂപം നല്‍കി നടപ്പാക്കുന്നതിന് മനസറിവോടെയുള്ള പ്രവര്‍ത്തിച്ച വ്യക്തിക്കെതിരേ മാത്രമേ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കൂ. മനസറിവോടെ അയാള്‍ മറ്റുള്ളവര്‍ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് തെളിയിക്കാന്‍ കഴിയണം. വെറും ടെലിഫോണ്‍ സംഭാഷണത്തിന്റെ പേരിലോ കൂട്ടുപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലോ ഗൂഢാലോചനക്കുറ്റം ചുമത്തി ഒരാളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞൂ.
സംഭവവുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ഉദയഭാനു നല്‍കിയ ഹരജിയില്‍ പറയുന്നു. പാലക്കാട്ട് ഭൂമി വാങ്ങി നല്‍കാമെന്ന് രാജീവ് വാഗ്ദാനം ചെയ്‌തെന്നും 11.5 ലക്ഷം രൂപ രാജീവ് തന്റെ പക്കല്‍നിന്ന് വാങ്ങിയെന്നും ഹരജിയില്‍ വിശദീകരിക്കുന്നു. 2016 ജൂലൈ എട്ടിന് പത്ത് ലക്ഷം രൂപയും പിന്നീട് മകളുടെ ചികിത്സയ്ക്കു വേണ്ടി 2017 ഏപ്രില്‍ 24 ന് 1.5 ലക്ഷം രൂപയും രാജീവ് വാങ്ങി.
എന്നാല്‍ രാജീവ് വഞ്ചിക്കുകയാണെന്ന് വ്യക്തമായതോടെ ആലുവ റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശേരി പൊലിസ് കേസെടുത്തിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."