നവാസ് ശരീഫ് വീണ്ടും പാര്‍ട്ടി പ്രസിഡന്റ്
ഇസ്ലാമാബാദ്: പാകിസ്താനിലെ ഭരണകക്ഷിയായ പാകിസ്താന് മുസ്ലിംലീഗ് (നവാസ്) പാര്‍ട്ടിയുടെ അധ്യക്ഷനായി മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ വീണ്ടും തെരഞ്ഞെടുത്തു.
അഴിമതി ആരോപണങ്ങളെ തുടര്‍ന്നു പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ഇദ്ദേഹത്തിനു തിരികെവരാന്‍ വഴിയൊരുക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം.
പാനമ പേപ്പര്‍ അഴിമതിയെ തുടര്‍ന്നു ജൂലൈ 28നാണ് പാകിസ്താന് സുപ്രിംകോടതി 67കാരനായ നവാസ് ശരീഫിനെ അയോഗ്യനാക്കിയിരുന്നത്.
ഇതനുസരിച്ച് അയോഗ്യനാക്കപ്പെട്ട വ്യക്തിക്കു പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കുന്നതിനും തടസങ്ങളുണ്ടായിരുന്നു. ഈ നിയമതടസങ്ങളാണ് പുതിയ ബില്ലിലൂടെ പാകിസ്താന് പാര്‍ലമെന്റ് ഇല്ലാതാക്കിയത്. പുതിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പുവച്ചിട്ടുമുണ്ട്.
ഐകകണ്ഠ്യേനയാണ് ശരീഫിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിനായി പാര്‍ട്ടിയില്‍നിന്നു വേറെ ആരും പത്രിക സമര്‍പ്പിച്ചിരുന്നില്ല.
നവാസ് ഉടന്‍ പാകിസ്താന് പ്രധാനമന്ത്രി സ്ഥാനത്തേക്കു കടന്നുവരുമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തതിനെ തുടര്‍ന്നു തെരഞ്ഞെടുപ്പ് കമ്മിഷന് പാര്‍ട്ടിക്കു നേരത്തേ നോട്ടിസ് നല്‍കിയിരുന്നു.
അഴിമതിക്കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്നു രാജ്യംവിട്ട ശരീഫ്, ഈയിടെ നടപടികള്‍ക്കായി കോടതിയില്‍ ഹാജരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."