പതിനേഴുകാരിയെ വൈദികന്‍ കഴുത്തു ഞെരിച്ചു കൊന്ന സംഭവം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍
പാലക്കാട്: പള്ളിമേടയില്‍ വച്ച് മകളെ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. വാളയാര്‍ ചന്ദ്രാപുരം പള്ളി മേടയില്‍ വച്ച് കൊല്ലപ്പെട്ട ഫാത്തിമ സോഫിയയുടെ മാതാവ് കോയമ്പത്തൂര്‍ സ്വാമിയാര്‍ സ്ട്രീറ്റിലെ എസ് സഹായരാജിന്റെ ഭാര്യ ശാന്തിലി റോസിലിയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്. 2013 ജൂലായ് 22 നാണ് ശാന്തി റോസിലിയുടെ മകള്‍ ഫാത്തിമ സോഫി കൊല്ലപ്പെട്ടത്. ആത്മഹത്യയാണെന്ന് പറഞ്ഞ് പൊലിസ് എഴുതിത്തള്ളിയ സംഭവം വൈദികന്‍ കഴുത്ത് ഞെരിച്ചു കൊന്നതാണെന്ന് ഒന്നര വര്‍ഷത്തിനു ശേഷം ഈ അമ്മയുടെ ഒറ്റയാള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു.
പ്രതികളെന്ന് സംശയമുള്ളവരുടെ ഫോണുകളിലേക്ക് വിളിച്ച് മകളെ കൊലപ്പെടുത്തിയ എല്ലാ വിവരങ്ങളും ഫോണില്‍ റെക്കോര്‍ഡ് ചെയ്താണ് ശാന്തിലി റോസ്‌ലി മകളുടെ ഘാതകരെ കുടുക്കിയത്. തുടര്‍ന്ന് ഈ വിവരങ്ങളുമായി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പൊലിസ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ഉതകുന്ന വിധത്തില്‍ കുറ്റപത്രം തയാറാക്കിയതും തെളിവുകള്‍ സ്റ്റേഷനില്‍ വച്ച്് കാണാതായ സംഭവത്തേയും തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഹരജിക്കാരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാത്തിമ സോഫിയയെ കൊലപ്പെടുത്തിയ കേസില്‍ വാളയാറിനടുത്ത ചന്ദ്രാപുരം പള്ളിയിലെ വൈദികനായിരുന്ന ആരോഗ്യരാജിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ സംരക്ഷിക്കുകയും കുറ്റം മറച്ചുവയ്ക്കുന്നതിന് സഹായിക്കുകയും ചെയ്ത കോയമ്പത്തൂര്‍ ബിഷപ്പ് ഉള്‍പ്പെടെയുള്ള അഞ്ച് വൈദികരും അറസ്റ്റിലായിരുന്നു. കോയമ്പത്തൂര്‍ കോട്ടൂര്‍ ക്രൈസ്റ്റ് കിങ് ചര്‍ച്ചിലെ ഫാദര്‍ മെല്‍ക്യൂര്‍, ലോറന്‍സ്, മദലെ മുത്തു, മുന്‍ പുരോഹിതന്‍ കുളന്തരാജ്, കോയമ്പത്തൂര്‍ രൂപതയിലെ ബിഷപ്പ് ഡോ തോമസ് അക്വിനോര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ എല്ലാം ജാമ്യത്തിലിറങ്ങിയിരുന്നു. ഒന്നാംപ്രതിയായ ആരോഗ്യരാജിനെ വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
പൊലിസ് രേഖകളില്‍ ആത്മഹത്യയായി ഒതുങ്ങിയ മരണത്തിന് പിന്നിലെ സത്യം ഒന്നരവര്‍ഷത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശാന്തിലി റോസിലി കണ്ടെത്തിയത്. സിനിമാക്കഥകളെ വെല്ലുംവിധത്തില്‍ സംഭവത്തിലെ കുറ്റവാളികളെ സകല തെളിവുകളോടും കൂടി നിയമത്തിനു മുന്നിലെത്തിച്ചിട്ടും വാളയാര്‍ പൊലിസ് തുടക്കത്തില്‍ തന്നെ പ്രതികളെ സഹായിക്കുന്ന നിലപാടായിരുന്നു എടുത്തതെന്നാണ് ആരോപണം. തുടര്‍ന്ന് ഇവര്‍ നടത്തിയ നിയമ പോരാട്ടത്തിലൂടെയായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന് ശേഷവും കേസില്‍ നിന്ന് പ്രതികള്‍ ഊരിപോകുന്ന വിധത്തിലുള്ള കുറ്റപത്രമാണ് പൊലിസ് തയാറാക്കിയത്. തെളിവുകള്‍ പലതും സ്റ്റേഷനില്‍ നിന്ന് കാണാതാവുകയും ചെയ്തു.
ഫാത്തിമ സോഫി കൊല്ലപ്പെടുന്ന സമയത്ത് ഉപയോഗിച്ചിരുന്ന സിം കാര്‍ഡും ചെരിപ്പും കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ഉപയോഗിച്ച ഷാള്‍ തുടങ്ങിയ പല നിര്‍ണായക തെളിവുകളും കാണാതായിരുന്നു. കൊല്ലപ്പെട്ട നിലയില്‍ പള്ളിമേടയില്‍ കണ്ടെത്തിയ ഫാത്തിമ സോഫിയയുടെ മൃതദേഹം ആശുപത്രിയിലേക്കും മറ്റും കൊണ്ടു പോകുമ്പോള്‍ ശരീരത്തില്‍ ഉണ്ടായിരുന്ന തെളിവുകളാണ് കാണാതായത്. പ്രതികള്‍ ഉന്നതരായതിനാല്‍ സാക്ഷികളേയും മറ്റും സ്വാധീനിച്ച് കേസില്ലാതാക്കാനുള്ള ശ്രമവും നടന്നതായി ആരോപണമുണ്ടായിരുന്നു.
ശാന്തിലി റോസ്‌ലിക്ക് മകള്‍ മരിച്ചു കിടക്കുന്ന ഫോട്ടോകള്‍ യാദൃശ്ചികമായി കിട്ടിയതാണ് സംഭവത്തില്‍ വഴിത്തിരിവായത്. ഭാര്യയെ വിഷമിപ്പിക്കേണ്ടെന്ന് കരുതി ഭര്‍ത്താവ് മാറ്റി വച്ച ഫോട്ടോകളായിരുന്നു അത്. ഫോട്ടോയില്‍ മകളുടെ മുഖത്ത് പലയിടത്തും അടി കൊണ്ട് വീര്‍ത്ത പാടുകളുണ്ടായിരുന്നു. കണ്ണുകള്‍ പുറത്തേക്ക് തള്ളിയിരുന്നു.ഫോട്ടോ കണ്ടപ്പോള്‍ സംശയം തോന്നിയ അവര്‍ ഒന്നര വര്‍ഷത്തിന് ശേഷം മകളുടെ മുറി പരിശോധിച്ചു. അവിടെ നിന്ന് മകളെഴുതിയ കത്ത് ലഭിച്ചു. 'നീ താന്‍എന്‍ വാഴ്‌കൈ കെടുത്തത്...' ( നീയാണ് എന്റെ ജീവിതം നശിപ്പിച്ചത്.) എന്ന് തമിഴില്‍ തുടങ്ങി ബാക്കിയെല്ലാം ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍ താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി നീ മാത്രമായിരിക്കുമെന്നും പറയുന്നുണ്ട്. മരണത്തിന് ഒരു മാസം മുന്‍പാണ് കത്തെഴുതിയിരുന്നത്. മകള്‍ പുറത്ത് നിന്ന് ഒരാളുമായി ഇടപഴകിയിട്ടുണ്ടെങ്കില്‍ അത് ഫാദര്‍ ആരോഗ്യരാജുമായി മാത്രമായിരിക്കുമെന്ന് ശാന്തിലി റോസിലിക്ക് നിശ്ചയം ഉണ്ടായിരുന്നു. തുടര്‍ന്ന് ഫാദര്‍ ആരോഗ്യരാജിനേയും കൂട്ടു നിന്ന പ്രതികളേയും ഫോണില്‍ വിളിച്ചാണ് ശാന്തിലി റോസി മകളുടെ കൊലപാതകം സംബന്ധിച്ച് തെളിവുകള്‍ ശേഖരിച്ചത്.
ഫാദര്‍ ആരോഗ്യരാജിനും പള്ളിക്കുമെതിരേ ശാന്തി റോസിലി രംഗത്തെത്തിയപ്പോള്‍ അവരെ പള്ളിയില്‍ നിന്ന് പുറത്താക്കി. വീടിനും നേരെയും ആക്രമണമുണ്ടായിരുന്നു. തങ്ങളുടെ മകളുടെ ഘാതകര്‍ എത്ര ഉന്നതരായാലും നിയമത്തിന്റെ മുന്നില്‍ എത്തിച്ച് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് ശാന്തിലി റോസിലി സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."