ചോദ്യം ചെയ്യലില്‍ വ്യക്തമായ മറുപടി നല്‍കാതെ ഹണിപ്രീത്
ചണ്ഡീഗഡ്: കഴിഞ്ഞ ദിവസം അറസ്റ്റിലായ ദേര സച്ച നേതാവ് ഗുര്‍മീത് റാം സിങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാനെ പൊലിസ് ചോദ്യം ചെയ്തത് ഏതാണ്ട് അഞ്ച് മണിക്കൂര്‍ നേരം. ചൊവ്വാഴ്ച രാത്രിയില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഹണിപ്രീതിനെ ഇന്നലെ പുലര്‍ച്ചെ നാലുവരെയാണ് ചോദ്യം ചെയ്തത്.
ഗുര്‍മീതിനെതിരായ വിധി പ്രഖ്യാപിച്ച ഉടനെ ഹരിയാനയില്‍ വ്യാപകമായ അക്രമത്തിന് പ്രേരിപ്പിച്ച കേസില്‍ മുഖ്യപ്രതിയാണ് ഹണിപ്രീത്. ചോദ്യം ചെയ്യലിനിടയില്‍ നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു.
ഗുര്‍മീത് ജയിലിലായതിനു പിന്നാലെ ഒളിവില്‍ പോയ ഹണിപ്രീത് എന്ന പ്രിയങ്ക തനേജയ്ക്കുവേണ്ടി പൊലിസ് നേപ്പാളില്‍ വരെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ വ്യക്തമായ മറുപടി നല്‍കാതെ അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു.
തന്റെ അനുയായികളില്‍ രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ ഓഗസ്റ്റ് 25നാണ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ഇതേ തുടര്‍ന്നാണ് ഹരിയാനയില്‍ വ്യാപക അക്രമം ഉണ്ടായത്. സംഭവത്തില്‍ 38 പേര് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."