സംസ്ഥാനത്തെ റീസര്‍വേ ജോലികള്‍ ഇഴഞ്ഞു നീങ്ങുന്നു
തിരുവനന്തപുരം: ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പുനരാരംഭിച്ച റീസര്‍വേ ജോലികള്‍ മുന്നോട്ടുപോകുന്നത് ഒച്ചിഴയുന്ന വേഗതയില്‍. ജീവനക്കാരുടെ കുറവും ഭരണപക്ഷ അനുകൂല സംഘടനയിലെ ജീവനക്കാരെ യഥാസ്ഥാനങ്ങളിലേക്ക് റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കാത്തതുമാണ് പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ച് മുന്നോട്ടുപോകാന്‍ കാരണം.
സംസ്ഥാനത്ത് ആകെയുള്ള 1532 വില്ലേജുകളില്‍ 800ഓളം വില്ലേജുകളിലാണ് ഇതുവരെ റീസര്‍വേ ജോലികള്‍ പൂര്‍ത്തീകരിച്ചത്. ഇവയുടെയെല്ലാം രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ റീസര്‍വേ ജോലികള്‍ ഫലപ്രദമല്ലെന്നു കണ്ട് നിര്‍ത്തിവച്ചിരുന്നു. ഭൂ ഉടമകള്‍ ആവശ്യപ്പെട്ടാല്‍ മാത്രം റീസര്‍വേ നടത്തിയാല്‍ മതിയെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ റീസര്‍വേ പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് ഇപ്പോള്‍ റീസര്‍വേ നടപടികള്‍ പൂര്‍ണതോതില്‍ പുരോഗമിക്കുന്നത്. കോട്ടയം, പാലക്കാട് ജില്ലകളിലെയും റീസര്‍വേ ജോലികള്‍ ഏറെക്കുറേ പൂര്‍ത്തിയായിക്കഴിഞ്ഞു. പക്ഷേ തൃശൂര്‍ ഉള്‍പ്പെടെയുള്ള ചില ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ അടുത്തിടെയൊന്നും പൂര്‍ത്തിയാകില്ല. അതുകൊണ്ടുതന്നെ ഇനിയും വര്‍ഷങ്ങളെടുത്താല്‍ മാത്രമേ സംസ്ഥാനത്തെ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാകൂ.
സര്‍വേ ജോലികള്‍ പൂര്‍ത്തിയാകുന്ന ജില്ലകളില്‍ നിന്നു തിരിച്ചുവിളിക്കുന്ന സര്‍വേ ഉദ്യോഗസ്ഥരില്‍ ഭരണപക്ഷ അനുകൂല സംഘടനയിലുള്ളവരെ മറ്റു ജില്ലകളിലേക്ക് വിടില്ലെന്ന് നിലപാടെടുത്തതോടെ പൂര്‍ണതോതില്‍ മുന്നോട്ടുപോകേണ്ട പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരിക്കുകയാണ്. ഇതിനിടെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും സര്‍ക്കാരില്‍ നടക്കുന്നുണ്ട്. സ്വകാര്യ കമ്പനിക്ക് നല്‍കുന്ന പണം ഉപയോഗിച്ചാല്‍ മതി സര്‍ക്കാരിനുതന്നെ ജീവക്കാരെ നിയമിച്ച് ഈ ജോലികള്‍ പൂര്‍ത്തിയാക്കാനും അവരുടെ പെന്‍ഷന്‍ വരെ നല്‍കാനാകുമെന്നും പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."