അസംഘടിത തൊഴിലാളികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്ക് അംഗീകാരം
തിരുവനന്തപുരം: അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ അംഗത്വമെടുക്കുന്നവര്‍ക്കുള്ള വിവിധ ക്ഷേമപദ്ധതികളെ സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
2016 ഫെബ്രുവരി മുതലുള്ള കുടിശ്ശിക തുക അടയ്ക്കാനുള്ള കാലാവധി 2018 മാര്‍ച്ച് 31 ആയി നിശ്ചയിച്ചു. അംഗങ്ങളില്‍ നിന്നു പുതുക്കിയ നിരക്കിലുള്ള അംശദായം ബാങ്ക് മുഖേന സ്വീകരിക്കും. ഇതിനായി സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങും. അംഗങ്ങളായവര്‍ അന്‍പത് രൂപയാണ് അംശദായം അടയ്‌ക്കേണ്ടത്.
തൊഴിലുടമയില്ലാത്തവര്‍ക്ക് തൊഴിലുടമാ വിഹിതവും ചേര്‍ത്ത് 100 രൂപ അടയ്ക്കണം. റിട്ടയര്‍മെന്റ് ആനുകൂല്യം, പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, ചികിത്സാ ധനസഹായം, മരണാനന്തര സഹായം, അപകടമരണ ധനസഹായം, ശവസംസ്‌കാര ചെലവിനുള്ള ധനസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ആനുകൂല്യം, വിവിധ പ്രഫഷണല്‍ കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് കോച്ചിങ് ധനസഹായം, വിവാഹ വായ്പാ ധനസഹായം, വീട് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമുള്ള വായ്പാ ധനസഹായം, സ്വയംതൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായം, അംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എന്നീ ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനമായി.
ജില്ലാ ഓഫിസുകളില്‍ അധിക ജീവനക്കാരെ നിയമിക്കുന്നതിന് വേണമെങ്കില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശം സമര്‍പ്പിക്കുവാനും അതുവരെ താല്‍കാലിക സംവിധാനം ഏര്‍പ്പെടുത്തുന്നതിനും തത്വത്തില്‍ തീരുമാനമായി. വിവിധ ജില്ലകളില്‍ ഓഫിസുകളുള്ള പുതിയ ബോര്‍ഡിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് വാഹനം വാങ്ങുന്നതിനും തീരുമാനമായി. അംഗം മരണപ്പെട്ടാല്‍ സ്വാഭാവിക മരണമാണെങ്കില്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും അപകടമരണമാണെങ്കില്‍ രണ്ട് ലക്ഷം രൂപയും അംഗത്തിന്റെ മരണാനന്തര കര്‍മങ്ങള്‍ക്ക് 5,000 രൂപയും ധനസഹായം ലഭ്യമാക്കും.
സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബോര്‍ഡ് അംഗങ്ങളായ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ, മുന്‍ എം.പി സി.എസ് സുജാത, തൊഴില്‍ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മീഷണര്‍ കെ. ബിജു, അഡിഷണല്‍ ലേബര്‍ കമ്മീഷണറും ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എ. അലക്‌സാണ്ടര്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."