വിമാനങ്ങള്‍ക്ക് ആഗോളടെണ്ടര്‍ വിളിക്കണമെന്ന് ഹജ്ജ് കമ്മിറ്റി
നെടുമ്പാശ്ശേരി: ഹജ്ജ് യാത്രയ്ക്കായി വിമാന കമ്പനികളുടെ ടെണ്ടര്‍ ആഗോള അടിസ്ഥാനത്തില്‍ വിളിക്കണമെന്നും ഇക്കാര്യം തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് കൈമാറണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെയും,കേന്ദ്ര ഹജ്ജ് കമ്മിറ്റിയെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായ ശേഷം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 65000 ത്തോളം രൂപയാണ് ഓരോ ഹാജിക്കും വിമാന കൂലിയായി ഈ വര്‍ഷം നല്‍കിയത്. ആഗോള ടെണ്ടര്‍ വിളിക്കുന്നതിലൂടെ വിമാനക്കൂലി കുറയുകയും കുറഞ്ഞ ചിലവില്‍ ഹാജിമാര്‍ക്ക് യാത്രയാകാന്‍ അവസരം ഒരുങ്ങുകയും ചെയ്യുമെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി ഹജ്ജ് ക്വാട്ട അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂരിനെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹജ്ജ് കമ്മിറ്റി വഴി യാത്രയായ ചുരുക്കം ചിലര്‍ക്ക് മദീനയില്‍ താമസവുമായി ബന്ധപ്പെട്ട് അസൗകര്യം നേരിട്ടതായി ചെയര്‍മാന്‍ പറഞ്ഞു.700 റിയാലാണ് ഓരോ ഹാജിക്കും മദീനയില്‍ താമസ സൗകര്യം ഒരുക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെലവഴിച്ചിരുന്നത്.
എന്നാല്‍ മദീന പള്ളിയില്‍ നിന്ന് രണ്ട് കിലോമീറ്ററോളം അകലെ പഴയ കെട്ടിടങ്ങളാണ് കേരളത്തില്‍ നിന്നുള്ള ഏതാനും ഹാജിമാര്‍ക്ക് താമസത്തിനായി നല്‍കിയതെന്ന പരാതിയെ തുടര്‍ന്ന് 350 റിയാല്‍ വീതം ഇവര്‍ക്ക് മടക്കി നല്‍കാന്‍ കോണ്‍സുലേറ്റ് ജനറല്‍ ഉത്തരവ് നല്‍കിയതായി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ തുക കൈമാറും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഹാജിമാര്‍ക്കുള്ള കെട്ടിടങ്ങള്‍ സെലക്ഷന്‍ നടത്തിയ ഓഫിസര്‍ക്കെതിരേ അന്വേഷണം നടത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടതായും ചെയര്‍മാന്‍ അറിയിച്ചു. 11470 പേര്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്തതില്‍ വളരെ ചുരുക്കം പേര്‍ക്കാണ് ഈ അസൗകര്യം നേരിട്ടതെന്നും ബാക്കിയുള്ള മുഴുവന്‍ പേരും പൂര്‍ണ സംതൃപ്തിയോടെയാണ് മടങ്ങിയെത്തിയതെന്നും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ ഹാജിമാര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നല്‍കിയ സിയാലിന് ചെയര്‍മാന്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."