കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തിങ്കളാഴ്ച
മാഡ്രിഡ്: വിവാദങ്ങളും പൊലിസ് നടപടികളും തുടരവേ, ഈമാസം ഒന്‍പതിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്നു കാറ്റലോണിയയുടെ പ്രാദേശിക ഭരണകൂടം. ഹിതപരിശോധനയില്‍ 90 ശതമാനം പേര്‍ സ്വതന്ത്ര രാജ്യമെന്ന നിലപാടിനെ അംഗീകരിച്ചതോടെ തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് കാറ്റലോണിയയുടെ തീരുമാനം.
സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനു മുന്‍പായി ഹിതപരിശോധനാ ഫലം പാര്‍ലമെന്റിന് മുന്നില്‍ വയ്ക്കും. ഹിതപരിശോധന നിയമവിരുദ്ധമെന്നാണ് സ്‌പെയിന്‍ പറയുന്നതെങ്കിലും ഹിതപരിശോധന ഫലമനുസരിച്ചു രാജ്യത്തെ സ്വതന്ത്രമായി പ്രഖ്യാപിക്കുമെന്നു കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലെസ് പുജ്ഡമൊന്‍ പറഞ്ഞു. അടുത്തയാഴ്ച ആദ്യം പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ തലസ്ഥാനമായി ബാഴ്‌സലോണയെ പ്രഖ്യാപിക്കും.
സ്‌പെയിനില്‍നിന്നു വിഘടിച്ചു സ്വതന്ത്ര രാഷ്ട്രമായി മാറുന്നതിനായി കഴിഞ്ഞ ദിവസം നടത്തിയ ഹിതപരിശോധനയില്‍ സ്‌പെയിന്‍ പൊലിസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഒട്ടേറെപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, ഹിതപരിശോധനയുടെ ഫലം പുറത്തുവന്നതോടെ ആഹ്ലാദപ്രകടനവുമായി തെരുവിലിറങ്ങിയ ജനങ്ങള്‍, പൊലിസിനെതിരേയും പ്രതിഷേധിച്ചു. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം നടത്തിയ പണിമുടക്കടക്കമുള്ള സമരപരിപാടികളില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു ലഭിച്ചത്.
അതേസമയം, കാറ്റലോണിയയുടെ ഹിതപരിശോധനാ ഫലം സ്‌പെയിനിന്റെ ഓഹരിവിപണിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സ്‌പെയിനിന്റെ സാമ്പത്തിക സ്രോതസില്‍ പ്രധാന പങ്കാണ് കാറ്റലോണിയയ്ക്കുള്ളത്.
നേതാക്കള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം
മാഡ്രിഡ്: കാറ്റലോണിയയുടെ സ്വതന്ത്ര രാജ്യമെന്ന ആവശ്യത്തിനും ഹിതപരിശോധനയ്ക്കും നേതൃത്വം നല്‍കിയവര്‍ക്കെതിരേ സ്പാനിഷ് കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇവരുടെ നിലപാടുകള്‍ നിയമത്തിനെതിരാണെന്നു ഭരണാധികാരി ഫിലിപ് ആറാമന്‍ വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു വിഷയത്തില്‍ കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."