ഖത്തര്‍ ബാങ്കിങ് മേഖല ഭദ്രമെന്നു സെന്‍ട്രല്‍ ബാങ്ക്
ദോഹ: ഖത്തറിന്റെ ബാങ്കിങ് മേഖല കരുത്തുറ്റതാണെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബേങ്ക് (ക്യു.സി.ബി) ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍ താനി. ഉപരോധം രാജ്യത്തിന്റെ ബാങ്കിങ്് സംവിധാനത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഉപരോധം നേരിയ തോതില്‍ മാത്രമാണ് ബാങ്കിങ് മേഖലയെ ബാധിച്ചത്. മൂലധന കാര്യക്ഷമതയും കിട്ടാക്കടം കുറഞ്ഞതും പണമൊഴുക്കും ലാഭവും കാരണം ബാങ്കിങ് മേഖലയക്ക് കാര്യമായ പ്രതിസന്ധികളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരമോന്നത ഫണ്ട്, വലിയതോതിലുള്ള രാജ്യാന്തര കരുതല്‍ നിക്ഷേപം തുടങ്ങിയവയിലൂടെ ബാങ്കുകളെ സഹായിക്കാന്‍ സര്‍ക്കാറിനും ക്യു.സി.ബിയ്ക്കും കഴിയുമെങ്കിലും ആദ്യഘട്ടത്തില്‍ തന്നെ അത്തരത്തില്‍ കടം നല്കുന്ന സ്ഥാപനമോ ആശ്രയ കേന്ദ്രമോ ആയി വര്‍ത്തിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അവസാന മാര്‍ഗമെന്ന നിലയിലായിരിക്കും ക്യു.സി.ബിയുടെ ഇടപെടല്‍. രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ മൊത്തം സ്വത്ത് കഴിഞ്ഞ വര്‍ഷം ജൂലൈയെ അപേക്ഷിച്ച് 10.9 ശതമാനം വര്‍ധിച്ച് 1.3 ട്രില്യന്‍ ഖത്തര്‍ റിയാലായിട്ടുണ്ട്. ഉപഭോക്താക്കളുടെ നിക്ഷേപം 772.5 ബില്യന്‍ ഖത്തര്‍ റിയാലാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."