ജനരക്ഷാ യാത്രയ്ക്കിടെ പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്ത് ബി.ജെ.പി പ്രവര്‍ത്തകര്‍
നീലേശ്വരം: സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ വെല്ലുവിളിയുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. ബി.ജെ.പി കേന്ദ്രമായ മടിക്കൈ കോട്ടപ്പാറയിലെ പ്രവര്‍ത്തകരാണ് പ്രകോപനപരമായി സി.പി.എം പ്രവര്‍ത്തകരെ വെല്ലുവിളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ബസ് യാത്രയിലാണ് ഇവര്‍ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
[video width="360" height="640" mp4="http://suprabhaatham.com/wp-content/uploads/2017/10/bjp-video.mp4"][/video]
'ഇത് ഞങ്ങോ കോട്ടപ്പാറേലെ പുള്ളോറാന്ന്. ഞങ്ങ പിണറായി വിജയന്റെ നാട്ടിലേക്ക് പോന്നതാന്ന്. അയിന്റടക്ക് നീലേശ്വരത്ത്ന്ന് ചെല പുള്ളമ്മാര് തടുക്കും പിടിക്കുംന്നെല്ലും പറയ്ന്ന്ണ്ടായിനി. ധൈര്യൊണ്ടങ്ക്‌ല് ഞങ്ങോ തിരിച്ച് ബെര്മ്പം ഒന്ന് തട്ത്ത് നോക്ക്..... ഇത് വെല്ലുവിളിയല്ല. അഹങ്കാരാന്ന്. ഇത് കോട്ടപ്പാറക്കാരെ ചങ്കൂറ്റാന്ന്' എന്നൊക്കെയുള്ള വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴും, തിരിച്ചു വരുമ്പോഴും പള്ളിക്കരയിലും, പടന്നക്കാടും ബി.ജെ.പി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെ അക്രമമുണ്ടായിരുന്നു. ആഗസ്ത് 15ന് കോട്ടപ്പാറയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെ മാവുങ്കാലില്‍ ബി.ജെ.പിക്കാരുടെ അക്രമവുമുണ്ടായിരുന്നു.
ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണിന്റെ മേല്‍നോട്ടത്തില്‍ നീലേശ്വരത്തും പരിസരങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. ഇതിനിടയിലാണ് സോഷ്യല്‍ മീഡിയയിലൂടെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകോപനപരമായ വെല്ലുവിളി നടത്തിയത്.
ഇതിനെ പ്രതിരോധിച്ച് സി.പി.എം അനുകൂല ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്. 'ഇത് നീലേശ്വരം, കയ്യൂരിലേയും പാലായിയിലേയും മടിക്കൈയിലേയും കരുത്തന്മാരുടെ പിന്മുറക്കാര്‍ ചുവപ്പിച്ചെടുത്ത നാട്. ഏത് അക്രമത്തേയും പരമാവധി സംയമനത്തോടെ നേരിടുന്ന നാട് ... സംയമനത്തിന്റെ തീക്കനല്‍ ആളിപ്പടര്‍ന്ന് കാട്ടുതീയായി മാറാന്‍ അധികം സമയം വേണ്ട. ഓര്‍ക്കണം ഓര്‍ത്താല്‍ നല്ലത്' എന്നിങ്ങനെ പോകുന്നു സി.പി.എം പ്രവര്‍ത്തകരുടെ മറുപടി വീഡിയോ. പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."