നവാസ് ശരീഫ് ലണ്ടനിലേക്ക് കടന്നു
ഇസ്ലാമാബാദ്: മുന്‍ പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫ് ലണ്ടനിലേക്കു കടന്നു. അദ്ദേഹം ഉള്‍പ്പെട്ട മൂന്ന് അഴിമതിക്കേസുകളില്‍ ദിവസങ്ങള്‍ക്കകം കുറ്റം ചുമത്താനിരിക്കെയാണ് ശരീഫ് രാജ്യംവിട്ടത്.
വന്‍ പൊലിസ് സന്നാഹങ്ങള്‍ക്കിടെ ഇന്നലെ രാവിലെ ജൈവിന്ദിലെ ജാതി ഉംറ വസതിയില്‍നിന്നു ലാഹോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹം പാകിസ്താന് ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് (പി.ഐ.എ) വഴി ലണ്ടനിലേക്കു തിരിക്കുകയായിരുന്നു.
രോഗിയായ ഭാര്യ ബീഗം കുല്‍സുമും കൂടെയുണ്ട്. ഇളയ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ശഹബാസ് ശരീഫ് ഇരുവരെയും യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
യാത്രയെ കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്കാന് നവാസ് ശരീഫിന്റെ പാകിസ്താന് മുസ്ലിം ലീഗ് (പി.എം.എല്‍-എന്‍) തയാറായിട്ടില്ല.
ഭാര്യ ബീഗം കുല്‍സുമിന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കായാണ് അദ്ദേഹം ലണ്ടനിലേക്കു തിരിച്ചതെന്ന് പി.എം.എല്‍-എന്‍ രാഷ്ട്രീയകാര്യ സെക്രട്ടറി ആസിഫ് കര്‍മാനി പ്രതികരിച്ചു.
തൊണ്ടയില്‍ അര്‍ബുദം ബാധിച്ച കുല്‍സും മൂന്നുപ്രാവശ്യം ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. അഴിമതിക്കേസില്‍ വിധി പ്രഖ്യാപിക്കാനിരിക്കുന്ന അടുത്ത തിങ്കളാഴ്ച അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുമോ എന്ന കാര്യവും വ്യക്തമല്ല.
അദ്ദേഹത്തിന്റെ ടിക്കറ്റില്‍ അടുത്ത ജനുവരി നാലിനാണ് മടക്ക തിയതി രേഖപ്പെടുത്തിയിരിക്കുന്നതെന്നും വാര്‍ത്തയുണ്ട്. ശരീഫിന്റെ മക്കളായ ഹസന്, ഹുസൈന്, മര്‍യം എന്നിവര്‍ നേരത്തേതന്നെ ലണ്ടനിലാണു താമസിക്കുന്നത്.
കഴിഞ്ഞ ജൂലൈ 28നാണ് ശരീഫിനും കുടുംബത്തിനുമെതിരേ ഉയര്‍ന്ന വിവിധ അഴിമതിക്കേസുകളെ തുടര്‍ന്ന് പാകിസ്താന് സുപ്രിംകോടതി അദ്ദേഹത്തെ അയോഗ്യനാക്കിയത്. കഴിഞ്ഞ വര്‍ഷം പുറത്തായ പാനമ പേപ്പര്‍ വിവാദത്തോടെയാണ് ശരീഫ് വെട്ടിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."