കത്തുകള്‍ കഥ പറയുന്നു
ഇന്റര്‍നെറ്റും മൊബൈലുമെല്ലാം വ്യാപകമാകുന്നതിന് മുന്‍പ് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സന്ദേശമെത്തിക്കുന്നതിനുള്ള പ്രധാന മാര്‍ഗം തപാല്‍ സംവിധാനമായിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം കത്തുകള്‍ അയയ്ക്കുക എന്നത് പതിവുശീലവുമായിരുന്നു. പോസ്റ്റ് കാര്‍ഡിലും ഇന്‍ലന്‍ഡിലുമൊക്കെയായി കത്തുകള്‍ തപാലില്‍ ഒരിടത്തുനിന്നു മറ്റൊരിടത്തെത്തുന്നു. എഴുത്തുകള്‍ മാത്രമല്ല, പണവും പാര്‍സലും മറ്റ് സാധനങ്ങളുമെല്ലാം ഇതുവഴി എത്തിക്കുന്നു.
ലോകത്തിലെ ആദ്യ തപാല്‍
നല്ല കനമുള്ള കളിമണ്‍ പലകകളില്‍ എഴുതിയ സന്ദേശങ്ങള്‍ ചുമന്ന് മേല്‍വിലാസക്കാരന്റെ അടുത്ത് എത്തിക്കുക! 4000 വര്‍ഷം മുന്‍പത്തെ തപാല്‍ സമ്പ്രദായമാണത്! ബാബിലോണിയയിലാണ് ലോകത്തിലെ ആദ്യത്തെ തപാല്‍ നിലവില്‍ വന്നതെന്നു കരുതുന്നു. പിന്നീട് കളിമണ്‍ കത്തുകള്‍ ചുമക്കുന്നതിന് കുതിരകളെ ഉപയോഗിച്ചുതുടങ്ങി. ഇന്ത്യയില്‍ ഏറെക്കാലം മുന്‍പേ കല്ലിലും ഇലയിലുമൊക്കെ സന്ദേശങ്ങള്‍ എഴുതി അയയ്ക്കാറുണ്ടായിരുന്നു. മുഗള്‍ ഭരണകാലത്ത് കുതിര സവാരിക്കാരായിരുന്നു പോസ്റ്റ്മാന്‍മാര്‍.
പ്രാവുകളെയും സന്ദേശവാഹകരാക്കിയിരുന്നു. സന്ദേശങ്ങള്‍ കൊണ്ടുപോകുന്നവര്‍ക്ക് വിശ്രമിക്കാനുള്ള താവളമാണ് പോസിറ്റസ് (ലാറ്റിന്‍പദം). ഇതില്‍ നിന്നാണ് പോസ്റ്റ് എന്ന വാക്കുണ്ടായത്.
തപാലിന്റെ കഥ
ലോകത്തിലെ ഏറ്റവും വലിയ തപാല്‍ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. 1766ലാണ് ഇന്ത്യയില്‍ തപാല്‍ സമ്പ്രദായം നിലവില്‍ വന്നത്. തപാല്‍ സമ്പ്രദായം നിലവില്‍ വന്ന് എട്ടുവര്‍ഷം കഴിഞ്ഞാണ് (1774-ല്‍) ആദ്യത്തെ ജനറല്‍ പോസ്റ്റോഫിസ് സ്ഥാപിതമായത്. കൊല്‍ക്കത്തയിലായിരുന്നു ഇത്. 1898ലെ ഇന്ത്യന്‍ പോസ്റ്റോഫിസ് ആക്ടുമായി ബന്ധപ്പെട്ടതാണ് നിലവിലെ തപാല്‍ നിയമങ്ങള്‍.
പോസ്റ്റ്മാന്‍
തപാല്‍ സംവിധാനം വന്ന കാലത്ത് കുതിര, ഒട്ടകം, നായ, എന്നിങ്ങനെയായിരുന്നു സന്ദേശവാഹകര്‍. യൂറോപ്യന്‍ രാജ്യമായ ബല്‍ജിയത്തില്‍ 1879-ല്‍ പൂച്ചകളെ പരിശീലിപ്പിച്ച് തപാല്‍ വിതരണത്തിനായി ഉപയോഗിച്ചിരുന്നുവത്രെ. ഇന്ത്യയിലാകട്ടെ 1846 മുതല്‍ 1904 വരെ കാളവണ്ടണ്ടികള്‍ തപാല്‍ കൈമാറ്റത്തിന് ഉപയോഗിച്ചിരുന്നു. ടാക്ഗാഡി എന്നറിയപ്പെട്ടിരുന്ന കുതിരവണ്ടികളും പ്രചാരത്തിലുണ്ടായിരുന്നു. ഒഡീഷയില്‍ 1988 വരെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ വാര്‍ത്തകള്‍ എത്തിക്കാന്‍ പ്രാവുകളെ ഉപയോഗിച്ചിരുന്നു. 2000 ഓടെ പ്രാവുകളെ ഉപയോഗിച്ചുള്ള സന്ദേശകൈമാറ്റം നിര്‍ത്തലാക്കി.
തിരുവിതാംകൂറില്‍
പ്രാചീനകാലം മുതല്‍ക്കുതന്നെ കേരളത്തില്‍ കത്തിടപാടുകള്‍ നടത്തിയിരുന്നു. രാജഭരണകാലത്ത് വാര്‍ത്താവിനിമയം നടത്താന്‍ പെരുമ്പറ, ഡമാരം, നഗരാവ്, ബൂരി, മുരശ്, വംഗ തുടങ്ങിയ വിളംബര വാദ്യോപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. വിദൂരസ്ഥലങ്ങളിലേക്ക് സന്ദേശവാഹകരെ അയക്കുന്ന രീതിയും പ്രചാരത്തിലുണ്ടണ്ടായിരുന്നു.
പിന്‍കോഡ്
കത്തുകള്‍ അയക്കുമ്പോള്‍ മേല്‍വിലാസത്തിനൊപ്പം പിന്‍കോഡുകൂടി രേഖപ്പെടുത്തും. തപാല്‍ സംവിധാനം വഴി കൈമാറ്റം ചെയ്യപ്പെടുന്ന ഉരുപ്പടികള്‍ കൃത്യമായി മേല്‍വിലാസക്കാരന് എത്തിക്കാനാണ് പിന്‍കോഡ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ നിലവിലുള്ള പോസ്റ്റല്‍ കോഡ് സംവിധാനമാണ് പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍ അഥവാ പിന്‍കോഡ്. 1972 ആഗസ്റ്റ് 15 നാണ് പിന്‍സിസ്റ്റം ഏര്‍പ്പെടുത്തിയത്. പിന്‍ എന്നറിയപ്പെടുന്ന ആറക്ക നമ്പരില്‍ പോസ്റ്റല്‍ സോണ്‍, ഉപമേഖല, സോര്‍ട്ടിംഗ് ജില്ല, തപാല്‍ റൂട്ട് എന്നിങ്ങനെ യഥാക്രമം ഒന്നു മുതല്‍ നാലുവരെയുള്ള അക്കങ്ങളും, അതത് റൂട്ടിലെ പോസ്റ്റ് ഓഫിസിനെ അവസാന അഞ്ചും ആറും അക്കങ്ങളും പ്രതിനിധീകരിക്കുന്നു. തപാല്‍ ഉരുപ്പടികളുടെ സുഗമമായ കൈമാറ്റം പിന്‍കോഡ് ഉറപ്പുവരുത്തുന്നു.
അഞ്ചലും അഞ്ചലോട്ടക്കാരനും
കൊല്ലവര്‍ഷം 959ല്‍ തിരുവിതാംകൂര്‍ രാമവര്‍മ മഹാരാജാവാണ് സന്ദേശവാഹക ഏര്‍പ്പാടിന് പരിഷ്‌കാരങ്ങള്‍ വരുത്തിയത്. ദിവാനായിരുന്ന കേണല്‍ മണ്‍ട്രോ ഈ സമ്പ്രദായത്തിന് അഞ്ചല്‍ എന്ന് പേരിട്ടു. ഇതോടെ കൈമാറ്റം ചെയ്യാനുള്ള ഉരുപ്പടികള്‍ അഞ്ചല്‍ എന്നും വാഹകന്‍ അഞ്ചലോട്ടക്കാരനെന്നും അറിയപ്പെട്ടു. അഞ്ചല്‍ തറകള്‍ എന്നായിരുന്നു അഞ്ചല്‍ ഓഫീസിന്റെ വിളിപ്പേര്.
അഞ്ചല്‍ ഓട്ടക്കാരന്‍ എന്നാല്‍ കാല്‍നടയായി തപാല്‍ എത്തിക്കുന്ന പോസ്റ്റ്മാന്‍ എന്നര്‍ഥം. ഇയാളുടെ കത്തും കൊണ്ടുള്ള പോക്കാണ് അഞ്ചലോട്ടം. കാക്കിയുടുപ്പും മുണ്ടും തലക്കെട്ടുമായിരുന്നു വേഷം. അഞ്ചല്‍ സമ്പ്രദായത്തിന് കൃത്യമായ വ്യവസ്ഥകള്‍ പാലിച്ചിരുന്നു. അഞ്ചലോട്ടക്കാരന്‍ ദിവസം എട്ടുമൈല്‍ എന്ന പ്രകാരം മണിയൊച്ച മുഴക്കി വഴിയുടെ മധ്യഭാഗത്തുകൂടി ഓടണം. നിശ്ചിത ദൂരം കഴിഞ്ഞാല്‍ അടുത്ത ആള്‍ക്ക് സാധനങ്ങള്‍ കൈമാറും. രാത്രിയാത്രയ്ക്കു ചൂട്ടുകത്തിച്ചുപിടിക്കും. സ്വയം രക്ഷയ്ക്ക് അഞ്ചല്‍ കുന്തവും കരുതും. കൈപിടിയില്‍ നാലുമണികള്‍ (കുടമണി) കെട്ടിയതാണ് അഞ്ചല്‍ കുന്തം. ഈ മണികിലുക്കം കേട്ടാലറിയാം അഞ്ചല്‍ക്കാരന്‍ വരുന്നുണ്ടെന്ന്. അഞ്ചല്‍ ശിപായിക്ക് യാത്രാ തടസ്സം ഉണ്ടാക്കുന്നത് കുറ്റകരമായിരുന്നു അന്ന്. അഞ്ചല്‍ ഉരുപ്പടികള്‍ക്ക് കൂലി നിരക്ക് ഏര്‍പ്പെടുത്തിയത് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ ടി. മാധവരായരുടെ കാലത്തായിരുന്നു.
1860ല്‍ തിരുവിതാംകൂറില്‍ അഞ്ചല്‍ സേവനം നാട്ടുകാര്‍ക്കും കിട്ടിത്തുടങ്ങി.1866 ല്‍ ഉരുപ്പടികള്‍ക്ക് രജിസ്‌ട്രേഷന്‍ രീതി നിലവില്‍ വന്നു.1791ല്‍ കൊച്ചിയില്‍ അഞ്ചല്‍ സമ്പ്രദായം വന്നെങ്കിലും നാട്ടുകാര്‍ക്ക് സേവനം കിട്ടുന്നത് 1885 ലാണ്. 1892 ലാണ് കൊച്ചിയില്‍ സ്റ്റാമ്പ് വരുന്നത്. കത്തുകള്‍ ശേഖരിക്കുന്നതിന് അങ്ങാടിക്കടുത്ത് അഞ്ചല്‍ പെട്ടികളും സ്ഥാപിച്ചു.
ഒരു കത്തെഴുതിയാലോ
തൊട്ടടുത്ത തപാല്‍ ഓഫീസില്‍ ചെന്ന് ഇല്ലന്‍ഡോ, കാര്‍ഡോ, കവറോ വാങ്ങി ഇന്നുതന്നെ കത്തെഴുതിത്തുടങ്ങിക്കോളൂ. കത്തെഴുത്ത് ശീലിക്കാന്‍ തപാല്‍ ദിനത്തില്‍ തുടക്കം കുറിയ്ക്കാം. അധ്യാപകരുടെയോ മുതിര്‍ന്നവരുടെയോ സഹായം തേടാം. പഴയ കൂട്ടുകാര്‍, സ്ഥലം മാറിപ്പോയ പ്രിയപ്പെട്ട അധ്യാപകര്‍, സ്‌കൂളില്‍ നിന്നു പിരിഞ്ഞുപോയവര്‍,സ്വന്തക്കാര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് കത്തുകള്‍ അയച്ചുതുടങ്ങാം. നാട്ടിലെയും വീട്ടിലേയും വിദ്യാലയത്തിലെയും വിശേഷങ്ങള്‍ പങ്കുവയ്ക്കാം. നമ്മുടെ ചിന്തകളും അഭിപ്രായങ്ങളും സംശയങ്ങളുമൊക്കെ പ്രിയപ്പെട്ടവരും ബഹുമാന്യരായവരുമായി പങ്കുവയ്ക്കാം.
കത്തുകള്‍ അയച്ചവരുടെ വിലാസങ്ങള്‍ എഴുതിവയ്ക്കണം, എഴുതിയ കത്തുകളുടെ വിവരങ്ങള്‍ കുറിച്ചുവയ്ക്കണം. വന്ന കത്തുകള്‍ സൂക്ഷിക്കുക എന്നിവ നല്ല ശീലങ്ങളാണ്. പ്രമുഖ വ്യക്തികള്‍ക്കും പത്രമാധ്യമങ്ങള്‍ക്കും ശ്രദ്ധാപൂര്‍വം കത്തുകളയയ്ക്കാം. കത്തുകളിലെ മൂല്യം അനുസരിച്ച് മറുപടി ലഭിക്കാം. കത്തുകള്‍ക്ക് മറുപടി അയയ്ക്കാന്‍ മറക്കാതിരിക്കുക.
ആദ്യ തപാല്‍ സ്റ്റാമ്പ്
ഇന്ത്യയില്‍ ആദ്യമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയത് ജൂലൈയില്‍ സിന്ധ് പ്രവിശ്യയി (ഇന്നത്തെ പാകിസ്താനില്‍) ലാണ്. സിന്ധ്ഡാക്ക് എന്നായിരുന്നു ഇതിന്റെ പേര്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ് 1947 നവംബര്‍ 21 ന് പുറത്തിറക്കി. ഇന്ത്യന്‍ പതാകയും ജയ്ഹിന്ദ് എന്ന മുദ്രാവാക്യവുമാണ് ഇതിലുണ്ടായിരുന്നത്.
ദിനാചരണ ചരിത്രം
സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണ്‍ ആസ്ഥാനമായി 1874 ഒക്‌ടോബര്‍ ഒന്‍പതിന് യൂനിവേഴ്‌സല്‍ പോസ്റ്റല്‍ യൂനിയന്‍ (യു.പി.യു)സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കിയണ്ടാണ് ഒക്‌ടോബര്‍ ഒന്‍പത് ലോക തപാല്‍ ദിനാമയി ആചരിക്കുന്നത്. 1969ല്‍ ജപ്പാനിലെ ടോക്കിയോയില്‍ നടന്ന യു.പി.യു കോണ്‍ഗ്രസിലാണ് ഈ ദിനം ലോക തപാല്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. യുനസ്‌കോയുമായി സഹകരിച്ച് യു.പി.യു എല്ലാവര്‍ഷവും 150 ഓളം രാജ്യങ്ങളിലാണ് വിവിധ പരിപാടികളോടെ തപാല്‍ ദിനം കൊണ്ടാടുന്നത്.
ഇന്ത്യ തൊട്ടടുത്ത ദിനമായ പത്തിനാണ് തപാല്‍ ദിനമായി ആചരിക്കുന്നത്. തപാല്‍ സേവനം ജനസേവനം എന്നതാണ് തപാല്‍ വകുപ്പിന്റെ മുദ്രാവാക്യം. ലോകത്ത് പോസ്റ്റല്‍ സര്‍വിസ് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
സ്റ്റാമ്പുകളുടെ ലോകം
പലതരത്തിലും പല വിലകളിലുമുള്ള സ്റ്റാമ്പുകള്‍ കണ്ടിട്ടുണ്ടാകുമല്ലോ? പോസ്റ്റല്‍ സ്റ്റാമ്പുകള്‍ കണ്ടുപിടിച്ചതോടെ ഇന്നത്തെ രീതിയിലുള്ള തപാല്‍ സമ്പ്രദായം നിലവില്‍ വന്നു. ലോകത്ത് ആദ്യമായി തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങിയത് ബ്രിട്ടനിലാണ്. 1840 ല്‍ പുറത്തിറങ്ങിയ ഈ സ്റ്റാമ്പിന്റെ പേര് പെനിബ്ലാക് എന്നായിരുന്നു. ബ്രിട്ടീഷ് സാമൂഹ്യപരിഷ്‌കര്‍ത്താവായ റൗലന്റ് ഹില്‍ ആണ് ഈ സ്റ്റാമ്പ് തയാറാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
സ്റ്റാമ്പില്‍ പതിഞ്ഞ മുഖങ്ങള്‍
- ചന്ദ്രഗുപ്ത മൗര്യന്‍ - ആദ്യ ഇന്ത്യന്‍ ചക്രവര്‍ത്തി
- മഹാത്മാഗാന്ധി - ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യാക്കാരന്‍.
- മീരാഭായ് - ആദ്യ ഇന്ത്യന്‍ വനിത.
- സ്വാതിതിരുനാള്‍ - ആദ്യ തിരുവിതാംകൂര്‍ രാജാവ്.
- ശ്രീനാരായണഗുരു - ആദ്യ മലയാളി.
- രാജാരവിവര്‍മ - രണ്ടാമത്തെ മലയാളി.
- ഇ.എം.എസ് - ആദ്യ മുഖ്യമന്ത്രി.
- വി.കെ.കൃഷ്ണമേനോന്‍ - രണ്ടു പ്രാവശ്യം മുദ്രണം ചെയ്യപ്പെട്ട ആദ്യ മലയയാളി.
- പ്രേംനസീര്‍ - ആദ്യ സിനിമാനടന്‍.
- സിസ്റ്റര്‍ അല്‍ഫോണ്‍സാമ്മ - ആദ്യ മലയാളി വനിത.
- ശ്രീനാരായണഗുരു - ശ്രീലങ്കയുടെ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി.
- തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യാക്കാരന്‍ - ഗാന്ധിജി.
സുഗന്ധ സ്റ്റാമ്പുകള്‍
റോസാപ്പൂവിന്റെയും ചന്ദനത്തിന്റെയും അത്തറിന്റെയുമെല്ലാം മണമുള്ള സ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ട്. ആദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയത് ഭൂട്ടാനാണ്. ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ മണമുള്ള സ്റ്റാമ്പ് ചന്ദനത്തിന്റേതാണ്. 15 രൂപ വിലയുള്ള ഈ സ്റ്റാമ്പ് പുറത്തിറക്കിയത് 2006 ഡിസംബര്‍ ആറിനാണ്. (റോസാപ്പൂവിന്റെ മണം) ആണ് ഇന്ത്യയില്‍ പുറത്തിറക്കിയ രണ്ടാമത്തെ സുഗന്ധ സ്റ്റാമ്പുകള്‍ (2007-ല്‍).
കത്ത് സാഹിത്യം
ഇംഗ്ലിഷ് ഉള്‍പ്പെടെ പല ഭാഷകളിലും പ്രശസ്തരുടെ കത്തുകള്‍ സമാഹരിച്ച് പുസ്തക രൂപത്തിലാക്കുന്നതിന് വലിയ പ്രാധാന്യവും പ്രചാരവുമുണ്ട്. മലയാളത്തില്‍ ഈ പ്രവണത വളരെ കുറവാണ്. ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പുസ്തകം ഇത്തരത്തിലുള്ള മികച്ച കത്തു സാഹിത്യമാണ്. ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിരക്കയച്ച കത്തുകളാണിത്. ഇത് മലയാളത്തിലേക്കും മൊഴിമാറ്റിയിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1864-1913) തന്റെ ചങ്ങാതിമാര്‍ക്ക് പദ്യരൂപത്തില്‍ എഴുതിയ കത്തുകള്‍ സമാഹരിച്ചതോടെയാണ് കത്ത് സാഹിത്യരംഗത്ത് നൂതന അധ്യായത്തിന് മലയാളത്തില്‍ തുടക്കമായത്. വയലാര്‍ രാമവര്‍മ, ലളിതാംബിക അന്തര്‍ജനത്തിനയച്ച കത്തുകള്‍, കുട്ടികൃഷ്ണമാരാര്‍ പലര്‍ക്കെഴുതിയവ, കുമാരനാശാന്റെ പദ്യ-ഗദ്യ ഇംഗ്ലിഷ് സന്ദേശങ്ങള്‍, ആനന്ദി രാമചന്ദ്രന് ഒ.വി.വിജയന്‍ എഴുതിയ കത്തുകള്‍, വൈക്കം മുഹമ്മദ് ബഷീര്‍ സുഹൃത്തുക്കള്‍ക്കെഴുതിയ കത്തുകള്‍ എന്നിവ മലയാളത്തില്‍ പുസ്തകരൂപത്തില്‍ സമാഹരിക്കപ്പെട്ടിട്ടുണ്ടണ്ട്. കത്തെഴുത്ത് സാഹിത്യത്തില്‍ എസ്.കെ.പൊറ്റക്കാട്ട്, എന്‍. മോഹനന്‍ എന്നിവരുടെ സംഭാവനകളും ശ്രേഷ്ഠമാണ്. പുസ്തകരൂപത്തിലിറങ്ങിയിട്ടുള്ള കത്ത് സാഹിത്യം കൂട്ടുകാര്‍ക്ക് തീര്‍ച്ചയായും ഗുണം ചെയ്യും.
ഒരു കാലഘട്ടം, സംഭവങ്ങള്‍, പ്രശസ്ത എഴുത്തുകാരുടെ ചിന്തകള്‍, വീക്ഷണങ്ങള്‍, ശൈലികള്‍, ഭാഷാസവിശേഷതകള്‍, ബന്ധങ്ങളിലെ പ്രത്യേകതകള്‍ ഇവയെല്ലാം മനസിലാക്കാന്‍ സന്ദേശസാഹിത്യം ഏറെ ഫലം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."