വേങ്ങരയുടെ മനസ് മാറില്ല
യു.ഡി.എഫിനൊപ്പം നിലകൊള്ളുന്ന വേങ്ങരയുടെ മനസ് പെട്ടെന്ന് മാറുന്നതല്ല. അതുകൊണ്ടു തന്നെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തെക്കുറിച്ച് ഒരു ആശങ്കയുമില്ല. കെ.എന്‍.എ ഖാദറിന്റെ വിജയം സുനിശ്ചിതമാണ്. വേങ്ങരയില്‍ യു.ഡി.എഫിന്റെ ജനപിന്തുണ എത്ര വര്‍ധിക്കുമെന്ന് മാത്രമേ അറിയേണ്ടതുള്ളൂ. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ എന്താണ് ശരിയാക്കിയതെന്ന് വിലയിരുത്തുക കൂടിയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ്. ഒന്നും ശരിയാക്കിയില്ലെന്ന് മാത്രമല്ല ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന കാഴ്ചയാണ് ഇടതുഭരണത്തില്‍ അനുഭവിക്കുന്നത്. യു.ഡി.എഫിന്റെ ചിട്ടയായ പ്രവര്‍ത്തനവും മുസ്‌ലിംലീഗിന്റെ സമീപനവുമെല്ലാം ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ്. പ്രാദേശികമായ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് നേരത്തെ തന്നെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ടുവരുന്ന രീതിയില്‍ യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ മുസ്‌ലിംലീഗ് നേതൃത്വത്തിനും കോണ്‍ഗ്രസ് നേതൃത്വത്തിനും കഴിഞ്ഞു. പ്രചാരണരംഗത്ത് യു.ഡി.എഫ് ബഹുദൂരം മുന്നിലായി കഴിഞ്ഞു. മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ വന്‍ ഭൂരിപക്ഷത്തില്‍ കഴിഞ്ഞതവണ നിയമസഭയിലെത്തിച്ച വേങ്ങരയില്‍ അത്ഭുതം പ്രതീക്ഷിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് മനപ്പായസമുണ്ണലാണ്. പുറത്തുള്ള കക്ഷികള്‍ പോലും യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തയ്യാറായിരിക്കുകയാണ്. മുമ്പത്തേക്കാള്‍ കൂടുതല്‍ യു.ഡി.എഫ് ശക്തമായിരിക്കുന്നുവെന്നതും ഭരണവിരുദ്ധവികാരങ്ങളും യു.ഡി.എഫ് സ്ഥാനാര്‍ഥി മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുന്നതിനുള്ള സാഹചര്യങ്ങളാണ് വേങ്ങരയിലുണ്ടായിരിക്കുന്നത്.
പ്രചാരണ വിഷയമില്ലാതെ ഇടതുമുന്നണി
യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ വേങ്ങരയില്‍ എന്തു പ്രചാരണമായുധമാക്കുമെന്നറിയാതെ ഉലയുന്ന ഇടതുമുന്നണിയെയാണ് തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുന്നത്. മണ്ഡലത്തില്‍ ലീഗ് സാരഥികള്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ക്കറിയാം.
ഇടതുമുന്നണിയുടെ ജനപ്രതിനിധികള്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങളിലുള്ളതിനേക്കാള്‍ ഇരട്ടി വികസനം നടപ്പാക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ വികസനകാര്യങ്ങളെക്കുറിച്ച് ഇടതുമുന്നണിക്ക് കള്ളപ്രചാരണം മാത്രമാണ് രക്ഷ. ഉപതെരഞ്ഞെടുപ്പിന് സാഹചര്യമുണ്ടായതിനെ പഴിപറഞ്ഞാണ് അവരുടെ പ്രചാരണം.
ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അതിനെക്കുറിച്ച് ഇടതുപക്ഷത്തിന് മൗനമാണ്. ബി.ജെ.പിക്കാണെങ്കില്‍ വര്‍ഗീയപ്രചാരണം മാത്രമാണ് ആശ്രയം. അതിനെ ശക്തമായി നേരിടാതെ അഴകൊഴമ്പന്‍ സമീപനമാണ് ഇടതുപക്ഷപാര്‍ട്ടികള്‍ സ്വീകരിക്കുന്നത്.
വിലക്കയറ്റവും വികസനരംഗത്തെ നയവൈകല്യങ്ങളും
കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കൊപ്പം ഇടതുമുന്നണിയുടെ നയവൈകല്യങ്ങള്‍ കൂടിയായതോടെ കടുത്തവിലക്കയറ്റം കൊണ്ടു ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. എല്ലാം ശരിയാക്കാമെന്ന് അധികാരത്തിലേറിയവര്‍ തെരഞ്ഞെടുപ്പില്‍ പറഞ്ഞ വാഗ്ദാനങ്ങളുടെ ലംഘനമാണ് തുടരുന്നത്. സാധാരണക്കാരന്റെ കുടുംബബജറ്റ് തകരുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്.
കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍- ഡീസല്‍ വില അടിക്കടി കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മൂന്നു തവണ കേന്ദ്രം വില വര്‍ധിപ്പിച്ചപ്പോഴും അതിന്റെ അധികനികുതി സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നു വച്ചു. ഇടതുസര്‍ക്കാര്‍ ഇത് കാണാത്തവിധം ജനങ്ങളില്‍ നിന്ന് അധികനികുതി പിരിക്കുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം കഴിഞ്ഞ മൂന്നരവര്‍ഷത്തിനുള്ളില്‍ 11 പ്രാവശ്യമാണ് എക്‌സൈസ് നികുതി വര്‍ധിപ്പിച്ചത്. ഇതുമൂലം വലിയ തോതിലുള്ള വിലക്കയറ്റമാണ് ഭക്ഷണസാധനങ്ങള്‍ക്ക് ഉള്‍പ്പെടെ ഉണ്ടായിരിക്കുന്നത്. മണ്ണണ്ണെയ്ക്കു പോലും 33 ശതമാനം വില വര്‍ധിച്ചു. മൂന്നു വര്‍ഷം കൊണ്ട് 195 രൂപയാണ് പാചകവാതകസിലിണ്ടറിന് വര്‍ധിച്ചത്. മന്ത്രിമാര്‍ പ്രസ്താവനകളുമായി ലോകംചുറ്റുന്നുവെന്നല്ലാതെ എന്തു വികസനമാണ് നാട്ടില്‍ നടക്കുന്നത്. പൊതു റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. സുഖമമായ സഞ്ചാരം പോലും അസാധ്യമായിരിക്കുകയാണ്. കോര്‍പറേറ്റുകളെ വിമര്‍ശിച്ച് അധികാരത്തില്‍ വന്നവര്‍ ഇപ്പോള്‍ റിലയന്‍സിനും അദാനിക്കും വേണ്ടി നികുതി ഇളവ് നല്‍കാന്‍ മല്‍സരിക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാടുകളാണ് ഏറെ ഖേദകരം.
മദ്യനയത്തിലെ മലക്കംമറിയലും സ്വാശ്രയപ്രശ്‌നവും
വിദ്യാലയങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും മദ്യശാലകള്‍ക്ക് ഉണ്ടായിരുന്ന ദൂരപരിധി എന്തടിസ്ഥാനത്തിലാണ് കുറച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതാണ്. ഏതെങ്കിലും റിപ്പോര്‍ട്ടുകളോ പഠനങ്ങളോ ഇല്ലാതെയാണ് മദ്യലോബിക്ക് വേണ്ടി ഈ തീരുമാനമെടുത്തിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ ഘട്ടംഘട്ടമായി മദ്യനിരോധനം കൊണ്ടുവരുന്ന നയമാണ് നടപ്പാക്കിയത്.
മദ്യാസക്തി കുറച്ചുകൊണ്ടുവരുന്നതിന് പദ്ധതികളാവിഷ്‌കരിക്കുമെന്നും പുതുതായി മദ്യശാലകള്‍ തുറക്കുകയില്ലെന്നും പറഞ്ഞു തെരഞ്ഞെടുപ്പിനെ നേരിട്ടവര്‍ ഇപ്പോള്‍ നാട്ടില്‍ വിദേശമദ്യം സുലഭമായി ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ജി.എസ്.ടിയില്‍ നിന്നുള്ള വരുമാനവും പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നുള്ള വരുമാനവും മദ്യവരുമാനവും കുറയ്ക്കുകയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണ് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ഫീസ് യു.ഡി.എഫിന്റെ കാലത്ത് നാലു വര്‍ഷം കൊണ്ട് നാലു തവണയായി 47,000 രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്. ഇടതുമുന്നണി സര്‍ക്കാര്‍ നൂറുദിവസത്തിനുള്ളില്‍ ഇത് 65,000 രൂപയായി വര്‍ധിപ്പിച്ച് 2.50 ലക്ഷം രൂപയായി ഉയര്‍ത്തി. പിന്നീട് ഈ അധ്യയനവര്‍ഷം തുടക്കത്തില്‍ അഞ്ചു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. സ്വകാര്യമാനേജ്‌മെന്റുകള്‍ സുപ്രിംകോടതിയില്‍ പോയപ്പോള്‍ സര്‍ക്കാര്‍ ഭാഗം വാദിക്കാതെ മൗനം പാലിച്ചതിന്റെ പേരില്‍ ഇത് 11 ലക്ഷമായി ഉയര്‍ന്നു. ഇപ്പോള്‍ എം.ബി.ബി.എസ് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ മെറിറ്റ് ക്വാട്ടയില്‍ 55 ലക്ഷം രൂപയും മാനേജ്‌മെന്റ് ക്വാട്ടയില്‍ ഒരു കോടി രൂപയും വേണ്ടിവരുന്ന അവസ്ഥയാണ്.
വേങ്ങരയിലെ വിജയം പോരാട്ടത്തിന് കരുത്തുപകരും
കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയനിലപാടുകളും ഇടതുമുന്നണിയുടെ ജനദ്രോഹനടപടികള്‍ക്കുമെതിരേ ശക്തമായ പോരാട്ടത്തിനാണ് ഐക്യമുന്നണി തുടക്കം കുറിച്ചിരിക്കുന്നത്. യു.ഡി.എഫ് നേതാക്കള്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടത്തുകയാണ്. കോണ്‍ഗ്രസും മറ്റു ഘടകകക്ഷികളും തനിച്ചും കൂട്ടായും നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പുറമേ കൂട്ടായ പ്രതിഷേധ പരിപാടികള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
16ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാനുള്ള യു.ഡി.എഫിന്റെ തീരുമാനം ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഗത്യന്തരമില്ലാതെ എടുക്കേണ്ടിവരുന്ന നിലപാടാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ശക്തമായ സമരം എന്ന നിലയിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തിച്ചേരുന്ന പടയൊരുക്കം എന്ന പ്രചാരണപരിപാടി നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നു വരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കും. ജനദ്രോഹ നടപടികള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ വേങ്ങര യു.ഡി.എഫിന് കരുത്തുപകരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."