പറക്കും ചോളിമയെ പിടിച്ചു കെട്ടാന്‍ നൈജര്‍
കൊച്ചി: നശീകരണായുധങ്ങള്‍ കാട്ടി ലോകത്തെ വെല്ലുവിളിക്കുന്ന കിം ജോങ് ഉന്നിന്റെ പടയും ആഫ്രിക്കന്‍ വന്യതയുടെ കരുത്തുമായി ആദ്യ ലോകകപ്പിന് വന്ന നൈജറും തമ്മിലുള്ള പോരാട്ടത്തിന് കരുത്തേറും. കീഴടങ്ങാന്‍ മനസിലാത്ത രണ്ടു ടീമുകളാണ് ഉത്തര കൊറിയയും നൈജറും.
ഈ കൗമാര പടയുടെ ബുട്ടുകളില്‍ നിന്ന് പ്രവഹിക്കുന്നത് പോരാട്ടവീര്യം. ലോകകപ്പില്‍ ആദ്യ പോരിനിറങ്ങുന്ന നൈജര്‍ പരസ്യ വെല്ലുവിളികളൊന്നും ഉയര്‍ത്തുന്നില്ല. തളരാതെ പൊരുതുക. കീഴടങ്ങേണ്ടി വന്നാലും അത് അനായാസമാകരുത്.
പരിശീലകന്‍ സൗമാലിയ നൈജര്‍ കൗമാരത്തെ ചൊല്ലി പഠിപ്പിച്ചിരിക്കുന്ന പാഠമാണ്. ഏറ്റവും കൂടുതല്‍ കൗമാര ലോകകപ്പ് നേടിയ നൈജീരയയെ ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ വീഴ്ത്തിയാണ് നൈജറിന്റെ വരവ്. നൈജീരിയയെ വീഴ്ത്തി കറുത്ത കുതിരകളായവര്‍ക്ക് കൊറിയയും അത്ര ബാലികേറാമലയല്ല.
ഇബ്രാഹിം ബൗബാക്കര്‍ എന്ന ഗോളടി യന്ത്രമാണ് കുന്തമുന. മെയ്ക്കരുത്തില്‍ കൊറിയയെ വെല്ലുന്ന താരനിര. ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്ന കെയ്‌റു അമോസ്തഫ.
മധ്യനിരയിലെ കരുത്തായ റഷീദ് അല്‍ഫാരിയും കരീം ഡെന്നിയും. ഉത്തര കൊറിയ തൊടുക്കുന്ന മിസൈലുകളെ നിഷ്പ്രഭമാക്കാന്‍ പോന്നവര്‍.
വിജയത്തില്‍ കുറഞ്ഞതൊന്നും ഉത്തര കൊറിയയെ തൃപ്തിപ്പെടുത്തില്ല. പരാജിതര്‍ക്ക് ജയിലറയും ഖനികളിലെ കാഠിന്യ ജോലിയും കാത്തിരിക്കുന്നു. ഇന്ത്യയിലെ കാലാവസ്ഥയും കളിത്തട്ടുകളും നന്നായി പരിചതമായ ടീമാണ് കൊറിയ. ഗോവയില്‍ നടന്ന അണ്ടര്‍ 16 എ.എഫ്.സി കപ്പില്‍ സെമി പ്രവേശനം നേടിയാണ് ലോകകപ്പിന് ടിക്കറ്റ് എടുത്തത്. കളി രീതികള്‍ക്ക് വലിയ ആകര്‍ഷതയില്ല.
നായകന്‍ മധ്യനിരയിലെ പോരാളി പോം ഹ്യോക്ക്. എ.എഫ്.സി കപ്പില്‍ ഹാട്രിക് നേടിയ അറ്റാക്കിങ് മിഡ്ഫീല്‍ഡയറായ കീ ടാം എന്നിവരിലാണ് പ്രതീക്ഷ. കളംനിറഞ്ഞു കളിക്കുന്ന മധ്യനിര തന്നെയാണ് കരുത്ത്.
പിഴക്കുന്ന പ്രതിരോധം പ്രതിസന്ധി സൃഷ്ടിക്കുന്നു. രാത്രി എട്ടിനാണ് കലൂര്‍ സ്റ്റേഡിയത്തില്‍ ഉത്തര കൊറിയയും നൈജറും പോരാട്ടത്തിനിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."