ചെറൂപ്പയിലെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനസജ്ജമായില്ല: അനാസ്ഥ വെടിയണം; ജനം പ്രതീക്ഷയിലാണ്
മാവൂര്‍: 50 ലക്ഷം രൂപ ചെലവഴിച്ച് ചെറൂപ്പ ആശുപത്രിയില്‍ നിര്‍മിച്ച ഡയാലിസിസ് സെന്റര്‍ 10 മാസം പിന്നിട്ടിട്ടും പ്രവര്‍ത്തനസജ്ജമായില്ല. പി.ടി.എ റഹീം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് ഡയാലിസിസ് യൂനിറ്റിനായി ഒരു കോടി രൂപ വകയിരുത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഹെല്‍ത്ത് യൂനിറ്റാണ് ചെറൂപ്പ ആശുപത്രി. ഒരു കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയില്‍ 50 ലക്ഷം രൂപ കെട്ടിട നിര്‍മാണത്തിനും 50 ലക്ഷം രൂപ ഡയാലിസിസ് മെഷിനറികള്‍ക്കുമാണ് അനുവദിച്ചിരുന്നത്.
ആശുപത്രിയില്‍ നിലവിലുള്ള ഒ.പി യൂനിറ്റും കോണ്‍ഫറന്‍സ് ഹാളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലാണ് ഡയാലിസിസ് യൂനിറ്റിനു വേണ്ട ഹാള്‍ നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തുടങ്ങിയ കെട്ടിട നിര്‍മാണം പൂര്‍ത്തിയായെങ്കിലും കരാറുകാര്‍ ഇതു മെഡിക്കല്‍ കോളജിനു കൈമാറിയിട്ടില്ല. പെയിന്റിങ്, ടൈല്‍സ് പാകല്‍ തുടങ്ങിയ ജോലികളെല്ലാം പൂര്‍ത്തിയായിട്ട് മാസങ്ങള്‍ പിന്നിട്ടു. അതിനിടെ ഡയാലിസിസ് യൂനിറ്റ് മുകളിലെ നിലയില്‍ സ്ഥാപിക്കുന്നത് അശാസ്ത്രീയമാണെന്ന വിദഗ്ധരുടെ അഭിപ്രായവും ചര്‍ച്ചയായിരുന്നു.
ഡയാലിസിസ് ചെയ്യാനുള്ള രോഗികളെ റാംപ് സൗകര്യമില്ലാത്ത മുകള്‍ നിലയിലേക്കു കോണി വഴി എടുത്തുകൊണ്ടു പോകേണ്ടിവരും. അല്ലെങ്കില്‍ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഫറന്‍സ് ഹാളും ജറിയാറ്റിക് വാര്‍ഡും മുകളിലെ നിലയിലേക്കു മാറ്റി ഡയാലിസിസ് യൂനിറ്റ് ഗ്രൗണ്ട് ഫ്ളോറിലേക്കു മാറ്റണം.
ആഴ്ചയില്‍ രണ്ടു ദിവസം പ്രവര്‍ത്തിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ പരിശോധിക്കാനുള്ള ഒ.പി മുകളിലെ നിലയിലേക്കു മാറ്റിയാല്‍ വയോജനങ്ങള്‍ അടക്കമുള്ളവര്‍ ദുരിതത്തിലാകുമെന്നതും കാണാതിരിക്കാനാകില്ല. പ്രദേശത്തെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡയാലിസിസ് യൂനിറ്റ് അധികൃതരുടെ അനാസ്ഥ കാരണം വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."