സഊദിക്ക് 'താഡ്' മിസൈല്‍ പ്രതിരോധ സംവിധാനം വില്ക്കാന് യുഎസ് അനുമതി
റിയാദ്: സഊദി അറേബ്യക്ക് മിസൈല്‍ പ്രതിരോധ സംവിധാനം വില്‍ക്കാനുള്ള കരാറിന് അമേരിക്കന്‍ ഭരണകൂടം അനുമതി നല്കി.
15 ബില്യണ്‍ ഡോളറിന്റെ ടെര്‍മിനല്‍ ഹൈ ആള്റ്റിറ്റിയുഡ് ഏരിയ ഡിഫെന്‍സ് (താഡ്) മിസൈല്‍ പ്രതിരോധ സംവിധാനം കൈമാറാനുള്ള കരാറിനാണ് കഴിഞ്ഞ ദിവസം യു എസ് ഭരണ കൂടം അനുമതി നല്‍കിയത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
' മേഖലയിലെയും പ്രത്യേകിച്ച് സഊദിയുടെയും സുരക്ഷ പരിഗണിച്ചാണ് ഇത് കൈമാറാനുള്ള കരാറിന് അനുമതി നല്‍കിയതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഇറാനില്‍ നിന്നും മറ്റു മേഖലയില്‍ നിന്നും സഊദിയും ഗള്‍ഫ് മേഖലയും ഭീഷണി നേരിടുകയാണ് ഇതിനെതിരെയുള്ള ചെറുത് നില്പ്പിനും ഇത് അത്യന്താ പേക്ഷിതമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
സഊദിയും റഷ്യയും കഴിഞ്ഞ ദിവസം വന്‍ ആയുധ കരാറില്‍ ഒപ്പുവച്ചിരുന്നു. മിസൈല്‍ പ്രതിരോധ സംവിധാനമായ അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് സിസ്റ്റം (എസ്400), കോര്നെറ്റ്ഇഎം സംവിധാനം, ടോസ്1എ മിസൈല്‍ സംവിധാനം, എജിഎസ്30 ബോംബറുകള്‍, കലാനിഷ്കോവ് എകെ103, അതിന്റെ അനുബന്ധ വെടികോപ്പുകള്‍, തുടങ്ങിയവ വാങ്ങുന്നതിനാണ് സഊദി റഷ്യയുമായി വെള്ളിയാഴ്ച്ച കരാറിലേര്‍പ്പെട്ടത്.
സഊദി ഭരണാധികാരി സല്മാന് രാജാവ് നടത്തുന്ന റഷ്യന്‍ സന്ദര്‍ശനത്തിലാണ് ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളിലെ ആയുധ നിര്‍മ്മാണ കമ്പനികള്‍ തമ്മില്‍ കരാറിലേര്‍പ്പെട്ടത്. സഊദി അറേബ്യന്‍ മിലിട്ടറി ഇന്‍ഡസ്ട്രീസും (സമി) , റഷ്യന്‍ മിലിട്ടറി ആയുധങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്ന റഷ്യന്‍ കമ്പനിയായ റൊസോബോറോനെക്സ്പോര്ട്ട് കമ്പനിയും തമ്മിലാണ് സഊദിയില്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനു കരാറിലേര്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."