21ാം നൂറ്റാണ്ടിലെ പൊലിസ് അപരിഷ്‌കൃത സേനയാകരുത്: രാജ്‌നാഥ് സിങ്
മീററ്റ്: 21ാം നൂറ്റാണ്ടിലെ പൊലിസ് ഒരിക്കലും അപരിഷ്‌കൃത സേനയാകരുതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. സംസ്‌കാരത്തോടെ പെരുമാറാനും പരിശീലനം കൊണ്ട് മനസിനെ നിയന്ത്രിക്കാനും അവര്‍ കഴിവ് ആര്‍ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ ആള്‍കൂട്ടത്തെ നിയന്ത്രിക്കാനും അവരെ അക്രമത്തില്‍ നിന്ന് വഴിതിരിച്ചുവിടാനും ഏത് തരത്തിലുള്ള വെല്ലുവിളികളുണ്ടായാലും അതിനെ സമചിത്തതയോടെ നേരിടാനും പൊലിസിന് കഴിയണം.
കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പൊലിസ് സേനകള്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുകയും മാനശാസ്ത്രപരമായ തന്ത്രങ്ങള്‍ പ്രയോജനപ്പെടുത്തി മനസിനെ നിയന്ത്രിച്ച് സാഹചര്യങ്ങളെ നേരിടാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മീററ്റിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില സന്ദര്‍ഭങ്ങളില്‍ ബലപ്രയോഗം വേണ്ടിവന്നേക്കാം. എന്നാല്‍ അവിടെയും മുന്‍കരുതലുകള്‍ ആവശ്യമാണ്. പൊലിസുകാരുടെ ഇടപെടലുകളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങളിലും അത്രയേറെ മാരകമല്ലാത്ത പ്രതിവിധികള്‍കൊണ്ടുവരുന്നത് സംബന്ധിച്ച് പൊലിസിന്റെ ഗവേഷണ-വികസന വിഭാഗവുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ജാതി, മതം, പ്രാദേശിക വാദം എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ക്കെതിരേ എപ്പോഴും കരുതലോടെയിരിക്കണമെന്നും അദ്ദേഹം പൊലിസിന് മുന്നറിയിപ്പുനല്‍കി.
റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ അഞ്ച് പുതിയ ബറ്റാലിയനുകള്‍ എല്ലാ സജ്ജീകരണത്തോടെയും അടുത്ത വര്‍ഷം ജനുവരിയില്‍ പ്രവര്‍ത്തന സജ്ജമാകും. ആര്‍.എ.എഫിന് ഇപ്പോള്‍ 10 ഓപ്പറേഷനല്‍ ബറ്റാലിയനുകളുണ്ട്. ഇവ രാജ്യത്തെ 10 നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാനും സുരക്ഷയ്ക്കുമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
കേന്ദ്ര സായുധ പൊലിസ് സേനക്ക് റെഡിമെയ്ഡ് യൂനിഫോം നല്‍കുന്ന രീതി നിര്‍ത്തലാക്കുകയാണ്. പകരം അവര്‍ക്ക് സ്വയം യൂണിഫോം തയ്ക്കാന്‍ പ്രതിവര്‍ഷം 10,000 രൂപ അലവന്‍സ് നല്‍കും.
ഈ വിഭാഗത്തിലെ 10 ലക്ഷത്തോളം വരുന്ന അംഗങ്ങള്‍ക്ക് സമയോചിതമായി പ്രമോഷന്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും.
2022ല്‍ പുതിയ ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ ദര്‍ശനത്തോടൊപ്പം അതിനു വേണ്ടിയുള്ള ശ്രമങ്ങളുണ്ടാകുമെന്നും രാജ്‌നാഥ് സിങ് അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."