ബി.ജെ.പി കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കിയെങ്കിലും നിലപാട് വ്യക്തമാക്കാതെ ബി.ഡി.ജെ.എസ്
തിരുവനന്തപുരം: എന്‍.ഡി.എ രൂപീകരണ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന ബി.ഡി.ജെ.എസും സംസ്ഥാനത്തെ ബി.ജെ.പിയുമായുള്ള പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടില്ല.
ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചയില്‍ ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തുകയും വാഗ്ദാനം ചെയ്ത പദവികള്‍ ഉടന്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ കേരള രക്ഷാമാര്‍ച്ചും വേങ്ങരയിലെ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടായിരുന്നു ഈ നടപടി. മാത്രമല്ല ബി.ജെ.പിയുമായുള്ള ബന്ധം ബി.ഡി.ജെ.എസ് ഉപേക്ഷിക്കണമെന്ന് എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നതും മുന്നണി വിടണമെന്നു പറഞ്ഞതും കേന്ദ്ര നേതൃത്വത്തിന്റെ പെട്ടെന്നുള്ള ഇടപെടലിനു കാരണമായിരുന്നു. നല്‍കാമെന്നേറ്റിരുന്ന സ്ഥാനങ്ങള്‍ ഉടന്‍ നല്‍കുമെന്ന് ഉറപ്പു നല്‍കി, നിയമിക്കപ്പെടേണ്ടവരുടെ പട്ടികയും അമിത് ഷാ വാങ്ങിയെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഒരു നീക്കവും നടന്നിട്ടില്ല. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിച്ചതായി വാര്‍ത്ത വന്നതിനു പിന്നാലെ തന്നെ വെള്ളാപ്പള്ളി അതിനെതിരേ രംഗത്തുവന്നിരുന്നു. കാര്യങ്ങള്‍ക്ക് വേഗംകൂട്ടുന്നതിനുവേണ്ടിയാണ് വെള്ളാപ്പള്ളിയുടെ ഈ നീക്കമെന്നും ഒരു കാരണവശാലും ബി.ഡി.ജെ.എസിന് ബി.ജെ.പി സഖ്യം വിട്ടുപോകാനാകില്ലെന്നും ബി.ജെ.പിയിലെ ഒരു പക്ഷവും പറയുന്നുണ്ട്.
സംസ്ഥാനത്ത് എന്‍.ഡി.എ. രൂപീകരിച്ചതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥാനമാനങ്ങള്‍ മാത്രമല്ല എന്‍.ഡി.എയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയും ബി.ഡി.ജെ.എസ് പ്രാദേശിക നേതൃത്വങ്ങള്‍ക്കിടയിലുണ്ട്. കുമ്മനത്തിന്റെ യാത്രയില്‍ പ്രതിനിധികള്‍ ഉണ്ടാകുമെന്ന് ബി.ഡി.ജെ.എസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രധാന നേതാക്കളാരും ഇതുവരെ പങ്കെടുത്തിട്ടില്ല. സഖ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായ നിലപാട് വ്യക്തമാക്കാതെ മുന്നോട്ടുപോകുന്ന തന്ത്രമാണ് ബി.ഡി.ജെ.എസ് സ്വീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."