വിദ്യാലയങ്ങളുടെ കാര്യക്ഷമത വിലയിരുത്താന്‍ പ്രത്യേകസമിതി
ചെറുവത്തൂര്‍: വിദ്യാലയങ്ങളില്‍ നടക്കുന്ന അക്കാദമിക പ്രവര്‍ത്തനങ്ങളും അനുബന്ധ സംവിധാനങ്ങളും വിലയിരുത്താന്‍ പ്രത്യേക സമിതി വരുന്നു. വിദ്യാഭ്യാസ ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ് തത്സ്ഥല മോണിറ്ററിങ് സംവിധാനം (ഓണ്‍ സൈറ്റ് സപ്പോര്‍ട്ട് ആന്‍ഡ് മോണിറ്ററിങ് സിസ്റ്റം - ഒ.എസ്.എം.എസ് ) രൂപീകരിക്കുന്നത്. മൂന്നംഗങ്ങളാണ് സമിതിയില്‍ ഉണ്ടാവുക. എസ്.എസ്.എ,ഡയറ്റ് പ്രതിനിധികളും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറും അടങ്ങുന്ന സമിതിയാണ് പ്രൈമറി വിദ്യാലയങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തുക. സെക്കന്‍ഡറികളില്‍ ആര്‍.എം.എസ്.എ, ഡയറ്റ് പ്രതിനിധികളും ജില്ലാ വിദ്യാഭ്യാസ ഓഫിസറും അടങ്ങിയ സമിതിക്കാണ് ചുമതല. സമിതി അംഗങ്ങള്‍ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു മികവുകള്‍ പ്രോത്സാഹിപ്പിക്കുകയും പരിമിതികള്‍ നിര്‍ണയിച്ച് ആവശ്യമായ സഹായം നല്‍കണമെന്നുമാണ് നിര്‍ദേശം.
ഒരു വര്‍ഷത്തില്‍ ഒരുതവണയെങ്കിലും സമിതി അംഗങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തും. എഴുകാര്യങ്ങളില്‍ സമിതിയുടെ പ്രത്യേക നിരീക്ഷണമുണ്ടാകും. ലൈബ്രറി, ഡിജിറ്റല്‍ റിസോഴ്‌സുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, ഗണിതം, ഇംഗ്ലീഷ്, പരിസ്ഥിതി പഠനം എന്നിവയില്‍ അമ്പതു ശതമാനത്തില്‍ താഴെ സ്‌കോര്‍ നേടിയ കുട്ടികളുടെ പഠനപുരോഗതി എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടത്. വിദ്യാലയങ്ങളില്‍ അധ്യാപകരുടെ സാന്നിധ്യവും പഠന ബോധന പ്രക്രിയകളുടെ കാര്യക്ഷമതയും വിലയിരുത്തും. വിവിധ വിഷയങ്ങളില്‍ 80 ശതമാനത്തിനു മുകളില്‍ സ്‌കോര്‍ നേടിയ കുട്ടികള്‍ക്ക് നല്‍കിവരുന്ന പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍, തുടര്‍ മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ എന്നിവയും വിലയിരുത്തും. ഒക്ടോബര്‍ 15 നകം ഉപജില്ലാ, ജില്ലാതലങ്ങളില്‍ സമിതികള്‍ രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."