മന്ത്രിമാര്‍ക്ക് പൂജ്യം മാര്‍ക്കിടാന്‍ എന്തിനാണ് മുഖ്യമന്ത്രി കഷ്ടപ്പെടുന്നത്: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് പൂജ്യം മാര്ക്കാണുള്ളതെന്നും പിന്നെ എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന് അവര്‍ക്ക് മാര്‍ക്കിട്ട് കഷ്ടപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇത്രയും മോശപ്പെട്ട ഒരു മന്ത്രിസഭ അടുത്ത കാലത്തൊന്നും കേരളം കണ്ടിട്ടില്ല. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. ഇതൊന്നും സര്‍ക്കാരോ ബന്ധപ്പെട്ട മന്ത്രിയോ അറിഞ്ഞിട്ടില്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കുതിച്ചുപാഞ്ഞിരുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കുട്ടിച്ചോറാക്കുകയും കുട്ടികളെ കണ്ണീര് കുടിപ്പിക്കുകയും ചെയ്തു. പകര്‍ച്ചപ്പനി പിടിച്ച് അറുന്നൂറോളം പേര് മരിച്ചപ്പോളും ഒരു കുഴപ്പവുമില്ലെന്നാണ് മന്ത്രി പറഞ്ഞത്.
ധനകാര്യ വകുപ്പ് കുത്തഴിഞ്ഞു കിടക്കുന്നുവെന്ന് പരാതിപ്പെടുന്നത് ഭരണകക്ഷിക്കാര്‍ തന്നെയാണ്. ജി.എസ്.ടിയെ വാനോളം പുകഴ്ത്തിയ ധനമന്ത്രി ഇപ്പോള്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ അവസ്ഥയും ദയനീയമാണ്. മുഖ്യമന്ത്രിക്കു തന്നെ മാര്ക്കില്ലാത്തപ്പോള് അദ്ദേഹം എങ്ങിനെ മറ്റു മന്ത്രിമാര്‍ക്ക് മാര്ക്കിടുമെന്നും ചെന്നിത്തല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."