അമിത്ഷാ മടങ്ങി; ദേശീയ മാധ്യമങ്ങള്‍ കൈവിട്ടു
കോഴിക്കോട്: ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മടങ്ങിയതോടെ ദേശീയ മാധ്യമങ്ങളും യാത്രയെ കൈവിട്ടു. പയ്യന്നൂരില്‍ നിന്നു യാത്ര തുടങ്ങിയപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ദേശീയ മാധ്യമങ്ങളെല്ലാം എത്തിയിരുന്നു.
കണ്ണൂരിലെ ഒരു ഹോട്ടലിലായിരുന്നു ഇവരുടെ താമസം. ഈ മാധ്യമങ്ങളുമായി മാത്രമാണ് അമിത്ഷാ സംസാരിച്ചിരുന്നതും. എന്നാല്‍ അപ്രതീക്ഷിതമായി അമിത്ഷാ മടങ്ങിയതോടെ ദേശീയ മാധ്യമങ്ങളും മടങ്ങുകയായിരുന്നു. കോഴിക്കോട്ടും മറ്റു കേന്ദ്രങ്ങളിലും അമിത്ഷാ ഉണ്ടാകുമെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. എന്നാല്‍ അദ്ദേഹം പോയതോടെ കേരളത്തിലെ മാധ്യമങ്ങളും ദൂരദര്‍ശനും മാത്രമാണ് യാത്ര റിപ്പോര്‍ട്ട് ചെയ്യാനെത്തിയത്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെ ആശുപത്രികള്‍ യു.പി ആശുപത്രികളെ മാതൃകയാക്കണമെന്ന് പറഞ്ഞതും ബി.ജെ.പിക്ക് തിരിച്ചടിയാണ്. തലശ്ശേരിയിലേയും യു.പി.യിലേയും ആശുപത്രിയിലെ സൗകര്യങ്ങളെ താരതമ്യം ചെയ്തുള്ള ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടിങ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കേരളത്തിലെ ആരോഗ്യ മേഖലയിലെ മികവ് ദേശീയ രംഗത്തുതന്നെ ചര്‍ച്ച ചെയ്യാനും ഇതു കാരണമായി.
അതേസമയം ബി.ജെ.പി യാത്ര ദേശീയ രാഷ്ട്രീയത്തില്‍ മങ്ങലേറ്റിരുന്ന സി.പി.എമ്മിനു തിരിച്ചുവരാന്‍ ഒരു അവസരവും ഒരുക്കുന്നുണ്ട്. തങ്ങള്‍ക്കെതിരേയുള്ള കടന്നാക്രമണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ദേശീയ മാധ്യമങ്ങളില്‍ സി.പി.എം നേതാക്കള്‍ക്ക് വലിയ അവസരങ്ങളാണ് ലഭിക്കുന്നത്. ഇത് പാര്‍ട്ടിക്ക് രാഷ്ട്രീയ നേട്ടാമാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."