കര്‍ണാടകയിലും ബി.ജെ.പി പ്രതിരോധത്തില്‍: യെദ്യൂരപ്പ- അനന്ത്കുമാര്‍ സംഭാഷണം; ആരോപണം ശരിവച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്
ബംഗളൂരു: വ്യാജ ആരോപണത്തിന്റെ പേരില്‍ കര്‍ണാടകയിലും ബി.ജെ.പി കടുത്ത പ്രതിരോധത്തില്‍. കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരേ ബി.ജെ.പിയുടെ കര്‍ണാടകത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പയും കേന്ദ്ര മന്ത്രി അനന്ത്കുമാറും നടത്തിയ ചര്‍ച്ചയാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിവാദത്തിലേക്ക് വഴിവച്ചത്.
ഇരുവരുടെയും സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പിങ് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിലുള്ള സംഭാഷണം രണ്ട് നേതാക്കളുടെതുമാണെന്ന് തിരിച്ചറിയാനായതായി ക്രൈം ബ്രാഞ്ച് അറിയിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇരു നേതാക്കളുടെയും സംഭാഷണമടങ്ങിയ ഓഡിയോ ക്ലിപ്പിങ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. കോണ്‍ഗ്രസ് തലപ്പത്ത് നിയമിക്കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന് സിദ്ധരാമയ്യ പണം നല്‍കിയെന്ന ആരോപണം ഉന്നയിക്കാനാണ് ബി.ജെ.പി നേതാക്കള്‍ തീരുമാനിച്ചത്. ബി.ജെ.പിയുടെ ഒരു പരിപാടിയില്‍ വച്ചാണ് യദ്യൂരപ്പയും അനന്ത്കുമാറും ഇത്തരമൊരു വ്യാജ ആരോപണം ഉന്നയിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മുന്നിലെ മൈക്ക് ഓഫാക്കാതെ നടത്തിയ സംഭാഷണം ബി.ജെ.പി നേതാക്കളിലാരോ റിക്കോര്‍ഡ് ചെയ്ത് കോണ്‍ഗ്രസിന് എത്തിച്ചുവെന്നാണ് വിവരം. ഇത് പിന്നീട് കോണ്‍ഗ്രസ് വെളിപ്പെടുത്തുകയായിരുന്നു.
സിദ്ധരാമയ്യ കോണ്‍ഗ്രസ് നേതൃത്വത്തിന് 1,000 കോടി രൂപ നല്‍കിയെന്ന ആരോപണം ഉന്നയിക്കാനാണ് ഇരുവരും തീരുമാനിച്ചത്. ഇതുസംബന്ധിച്ച സി.ഡി കോണ്‍ഗ്രസ് പുറത്തുവിട്ടതോടെ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രതിരോധിച്ചെങ്കിലും പിന്നീട് ഫോറന്‍സിക് പരിശോധനക്കായി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച റിപ്പോര്‍ട്ടില്‍ സംഭാഷണം യെദ്യൂരപ്പയുടെയും അനന്ത്കുമാറിന്റേയുമാണെന്ന് വ്യക്തമായി. അതേസമയം ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ യെദ്യൂരപ്പയും അനന്ത്കുമാറും തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."