ബ്രസീല്‍ തെരുവുകളില്‍ ഫുട്ബോള്‍ താളം നിലച്ചു; ഇത് വീണ്ടെടുപ്പിന്റെ കൗമാരം
കൊച്ചി: തെരുവുകളില്‍ നിന്നായിരുന്നു ബ്രസീല്‍ ഫുട്ബോളിന് താളവും വേഗവും കൈവന്നത്. ഇന്ന് ബ്രസീലില്‍ പന്തുതട്ടി കളിക്കാനുള്ള തെരുവുകളില്ല. അക്രമികളുടെ പിടിയിലാണ് ബ്രസീലിലെ തെരുവുകള്‍. പന്തുകളുടെ ചലനവും വേഗവും നിലച്ചതോടെ അത് കളിക്കാരെ ബാധിച്ചിരിക്കുന്നു. ബ്രസീല്‍ പരിശീലകന് കാര്‍ലോസ് അമദ്യുവിന്റെ വാക്കുകളാണിത്. കാനറികളുടെ ഈ കൗമാര നിരയില്‍ അമദ്യുവിന് ഏറെ പ്രതീക്ഷയുണ്ട്. ഉത്തര കൊറിയയെ ഇന്ന് നേരിടാനിറങ്ങുമ്പോള്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയില്‍ തന്നെയാണ് ബ്രസീല്‍.
ബ്രസീല്‍ ഫുട്ബോള്‍ ഈ കൗമാര നിരയിലൂടെ തിരിച്ച് വരികയാണ്. ബ്രസീല്‍ ഫുട്ബോള്‍ തളര്‍ച്ചയിലായിരുന്നു. തെരുവുകളില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ കളിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നു. അതെല്ലാം ഓര്‍മകളായി മാറിയിരിക്കുന്നുവെന്ന് അമദ്യു. അക്കാദമികളില്‍ നിന്നാണ് താരങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നത്. ഈ ടീം മികച്ചത് തന്നെയാണെന്ന് അമദ്യു വ്യക്തമാക്കുന്നു. സ്പെയിനിനെ കീഴടക്കിയതില്‍ ബ്രസീല്‍ മതിമറക്കുന്നില്ല. സന്തോഷം നല്‍കുന്നതാണ് ജയം. പക്ഷേ ഒന്നുമായിട്ടില്ല. എല്ലാ മേഖലകളിലും ടീം മെച്ചപ്പെടാനുണ്ട്. ഉത്തര കൊറിയ മികച്ച ടീമാണ്. പ്രതിരോധത്തില്‍ മികച്ച കളി പുറത്തെടുക്കുന്നവര്‍. വേഗവും അവര്‍ക്കുണ്ട്. അതിന് അനുസരിച്ചുള്ള കളി തന്നെ തങ്ങള്‍ പുറത്തെടുക്കും. സ്പെയിനിനെ നേരിട്ട ടീമില്‍ മാറ്റമുണ്ടാകില്ലെന്ന് അമദ്യു വ്യക്തമാക്കി. മുന്നേറ്റത്തെ പൗലീഞ്ഞോ- ലിങ്കന്- ബ്രെന്നര്‍ സഖ്യം തന്നെ നയിക്കും. മൂന്ന് പേരും സെറ്റ് പീസുകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രതിരോധത്തില്‍ മെച്ചപ്പെടാനുണ്ട്. ആദ്യ കളിയില്‍ കാലാവസ്ഥ അല്‍പ്പം പ്രശ്നമുണ്ടാക്കിയിരുന്നു. കാലാവസ്ഥയോട് പൊരുത്തപ്പെട്ട് തുടങ്ങി. കൊച്ചി സ്റ്റേഡിയത്തില്‍ മികച്ച പിന്തുണയാണ് ബ്രസീലിന് ലഭിക്കുന്നതെന്നും അമദ്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."