പോളണ്ടിനും ഈജിപ്തിനും യോഗ്യത
കെയ്റോ: യൂറോപില്‍ നിന്ന് പോളണ്ടും ആഫ്രിക്കയില്‍ നിന്ന് ഈജിപ്തും 2018 റഷ്യ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി. പോളണ്ട് 4-2ന് മോണ്ടെനെഗ്രോയേയും ഈജിപ്ത് 2-1ന് കോംഗോയേയുമാണ് കീഴടക്കിയത്.
ഇരു പകുതികളിലായി നേടിയ നാല് ഗോളുകളാണ് പോളണ്ടിന്റെ വിജയം ഉറപ്പിച്ചത്. ലെവന്‍ഡോസ്കി, ഗ്രോസിക്കി, മക്ക്യാന്സ്കി എന്നിവര്‍ പോളണ്ടിനായി വല ചലിപ്പിച്ചപ്പോള്‍ അവസാന നിമിഷത്തില്‍ ഒരു ഗോള്‍ അവര്‍ക്ക് സെല്‍ഫിലൂടെ ദാനമായും ലഭിച്ചു.
നിര്‍ണായ പോരാട്ടത്തിന്റെ സ്റ്റോപ്പേജ് ടൈമില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കിയാണ് ഈജിപ്ത് യോഗ്യത നേടിയത്. നാടകീയ പോരാട്ടത്തിലാണ് കോംഗോയെ 2-1ന് കീഴടക്കി ഈജിപ്ത് വിജയവും ലോകകപ്പ് സീറ്റും ഉറപ്പാക്കിയത്. ഇതോടെ ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ഈജിപ്ത് മാറി. നേരത്തെ നൈജീരിയയും സീറ്റുറപ്പിച്ചിരുന്നു.
യൂറോപിലെ മറ്റ് മത്സരങ്ങളില്‍ സ്ലോവാക്യ 3-0ത്തിന് മാള്ടയെ പരാജയപ്പെടുത്തി ലോകകപ്പ് യോഗ്യതാ സാധ്യതകള്‍ നിലനിര്‍ത്തി. യോഗ്യതാ പോരാട്ടത്തിന്റെ അവസാന മത്സരത്തില്‍ ലോക ചാംപ്യന്മാരായ ജര്‍മനി 5-1ന് അസര്‍ബൈജാനെ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് മറുപടിയില്ലാത്ത ഒറ്റ ഗോളിന് ലിത്വാനിയയെ പരാജയപ്പെടുത്തി. ജര്‍മനിയും ഇംഗ്ലണ്ടും നേരത്തെ തന്നെ സീറ്റുറപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."