പുതിയ കുടിയേറ്റ നിയമനിര്‍മാണത്തിനൊരുങ്ങി ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയിലെ കുടിയേറ്റ നിയമത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടച്ചുവാര്‍ക്കുന്നു. കുടിയേറ്റ നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്ന പുതിയ നിര്‍ദേശങ്ങള്‍ അദ്ദേഹം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുവേളയില്‍തന്നെ കുടിയേറ്റ നിയമം പരിഷ്‌കരിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. നേരത്തേതന്ന ഇത്തരം നടപടികളുമായി അദ്ദേഹം മുന്നോട്ടുവരികയും ചെയ്തു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം കുടിയേറ്റ നിയന്ത്രണ ബില്ലില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. ഇതനുസരിച്ച് ഇറാഖ്, സിറിയ, സുഡാന്‍, സോമാലിയ, ലിബിയ, യെമന്‍ തുടങ്ങി ഏഴു മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിനു നിയന്ത്രണങ്ങളും നിലവില്‍വന്നിരുന്നു. എന്നാല്‍, ഈ തീരുമാനം കോടതി മരവിപ്പിച്ചു. ട്രംപിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മറ്റു തീരുമാനങ്ങളിലേക്കു കടക്കാതിരുന്ന ട്രംപ്, 70 നിര്‍ദേശങ്ങളുമായാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നിയമം ലംഘിച്ചുള്ള കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിര്‍ദേശങ്ങള്‍. യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍, നാടുകടത്തലിനു കൂടുതല്‍ ഏജന്റുമാര്‍ തുടങ്ങി കുടിയേറ്റത്തിനെതിരായ ശക്തമായ നിര്‍ദേശങ്ങളാണ് ട്രംപ് സമര്‍പ്പിച്ചിരിക്കുന്നത്.
കുടിയേറ്റക്കാര്‍ക്കു സുരക്ഷയൊരുക്കുന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഡി.എ.സി.എ നിയമത്തിനെതിരേ നേരത്തേതന്നെ ട്രംപ് രംഗത്തെത്തിയിരുന്നു. പുതിയ നിര്‍ദേശമനുസരിച്ച് മെറിറ്റ് ബേസ്ഡ് സിസ്റ്റമാണ് നിലവില്‍വരിക. ഇതനുസരിച്ച് പ്രൊഫഷണലുകള്‍ക്കു ഭാര്യയെയും മക്കളെയും അമേരിക്കയിലേക്കു കൊണ്ടുവരികയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യാമെങ്കിലും സഹോദരങ്ങള്‍ അടക്കമുള്ള മറ്റു കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാനാകില്ല. വിദ്യാഭ്യാസം, ജോലി, ഇംഗ്ലീഷ് ഭാഷ എന്നിവകൂടി പരിഗണിച്ചാണ് മെറിറ്റ് ബേസ്ഡ് സിസ്റ്റമെന്നാണ് വൈറ്റ്ഹൗസിന്റെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."