വൈദ്യുതി ബില്‍ അടയ്ക്കാന്‍ ആപ്പുമായി കെ.എസ്.ഇ.ബി
തിരുവനന്തപുരം: ഒറ്റത്തവണ ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് വൈദ്യുതി ബില്‍ തുക ഈടാക്കുന്ന സംവിധാനം കെ.എസ്.ഇ.ബി നടപ്പാക്കുന്നു. വൈദ്യുതി ബില്‍ അടയ്ക്കുന്നതിനുള്ള പ്രത്യേക ആപ്പ്, ലൈനുകളില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ സുരക്ഷക്കായുള്ള പ്രത്യേക ആപ്പ് എന്നിവയും ഈ മാസം കെ.എസ്.ഇ.ബി പുറത്തിറക്കും.
ബാങ്കുകളില്‍ ലോണ്‍ തുക അടയ്ക്കുന്ന മാതൃകയിലാണ് ബാങ്ക് അക്കൗണ്ടില്‍നിന്ന് വൈദ്യുതി ബില്ലിന്റെ തുക ഈടാക്കുന്ന സംവിധാനവും കൊണ്ടുവരുന്നത്. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പ്രത്യേക ഫോറത്തില്‍ പൂരിപ്പിച്ചു നല്‍കിയാല്‍, എല്ലാ മാസവും ആ അക്കൗണ്ടില്‍നിന്ന് കെ.എസ്.ഇ.ബിയുടെ അക്കൗണ്ടിലേക്ക് ബില്‍ തുക പോകും.
ബില്‍ പെയ്‌മെന്റ് സംവിധാനം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായി പുതിയ മൊബൈല്‍ ആപ്പും കെ.എസ്.ഇ.ബി തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതും ഈ മാസംതന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കും. ഈ സംവിധാനങ്ങളെല്ലാം ഈ മാസം തന്നെ വൈദ്യുതി ഉപഭോക്താക്കളുടെ കൈയിലെത്തിക്കുമെന്ന് കെ.എസ്.ഇ.ബി ഐ.ടി വിഭാഗം ഉദ്യോഗസ്ഥനായ ജെ. സത്യരാജന്‍ സുപ്രഭാതത്തോടു പറഞ്ഞു.
വൈദ്യുതി ലൈനുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അപകടത്തില്‍ പെടുന്നത് തുടര്‍ച്ചയായ സാഹചര്യത്തില്‍ അത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ഒരു പ്രത്യേക ആപ്ലിക്കേഷനും കെ.എസ്.ഇ.ബി തയാറാക്കുന്നുണ്ട്. തകരാറുകളും മറ്റും പരിഹരിക്കുന്നതിന് ഇപ്പോള്‍ വര്‍ക്ക് പെര്‍മിറ്റ് എടുക്കുന്ന സ്ഥാനത്ത് ഇനി മുതല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് ഈ ആപ്പ് വഴി ലൈനിലെ പ്രവൃത്തികള്‍ക്കും മറ്റുമായി വൈദ്യുതി ബന്ധം നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെടാനാകും. സുരക്ഷക്ക് പുറമേ സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റേയും ഭാഗമായാണ് കെ.എസ്.ഇ.ബി ഇത്തരത്തിലൊരു ആപ്പ് വികസിപ്പിച്ചെടുക്കുന്നത്.
ലൈനുകളിലെ അപകടത്തെ തുടര്‍ന്ന് 2015ല്‍ എട്ട് ജീവനക്കാരും 17 കരാര്‍ തൊഴിലാളികളും 2016ല്‍ ആറ് ജീവനക്കാരും 12 കരാര്‍ തൊഴിലാളികളും 2017 ഓഗസ്റ്റുവരെ അഞ്ച് ജീവനക്കാരും മൂന്ന് കരാര്‍ തൊഴിലാളികളും മരണപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള അപകടമരണങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുന്നതിനും കൂടിയാണ് പെര്‍മിറ്റ് ടു വര്‍ക്ക് എന്ന പേരിലുള്ള സംവിധാനം ആപ്പിലൂടെ എത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."