മുസ്‌ലിങ്ങളുമായി കൂട്ടുകച്ചവടം വേണ്ട, സാമ്പത്തിക ബഹിഷ്‌കരണം നടപ്പാക്കുക- വിഷം ചൊരിഞ്ഞ് മുത്തലിക്
മംഗളുരു: വര്‍ഗീയ വിഷം തുളുമ്പുന്ന പ്രസ്താവനകളുമായി ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക് വീണ്ടും രംഗത്ത്. മുസ്‌ലിങ്ങളുമായി വ്യാപാരം നടത്തുന്നത് ഹിന്ദുക്കള്‍ അവസാനിപ്പിക്കണമെന്നും അവരെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്നും മുത്തലിഖ് ആവശ്യപ്പെട്ടു. ഡെക്കാന്‍ ക്രോണിക്കിളിന്റേതാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച മംഗളൂരുവില്‍ നടന്ന മദ്രുപൂജ ആഘോഷത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം.
'അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് മുസ്‌ലിങ്ങള്‍ എതിര്‍ക്കുന്നു. ഗോവധ ബില്ലിനെയും അവര്‍ എതിര്‍ക്കുന്നു. വന്ദേമാതരം ആലപിക്കാന്‍ ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നില്ല. ഈ എതിര്‍പ്പുകളെല്ലാം അവസാനിപ്പിക്കുന്നത് വരെ മുസ്‌ലിങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് മുത്തലിഖ് ആഹ്വാനം ചെയ്തു.
ഹിന്ദുക്കള്‍ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്നും അവ ആരാധിക്കണമെന്നും പ്രസംഗത്തില്‍ മുത്തലിക് ആവശ്യപ്പെട്ടു.
'ഇത് മോശമായ സമയമാണ്. അക്രമങ്ങള്‍, ഭീകരവാദം, അഴിമതി എന്നിവയില്‍ നിന്ന് നമുക്ക് സ്വയം സംരക്ഷിക്കേണ്ടതുണ്ട്'- അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഹിന്ദു ജനസംഖ്യ 50 ശതമാനമായി കുറഞ്ഞു. രാജ്യത്താകമാനം പള്ളികള്‍ പണിയാന്‍ മുസ്‌ലിങ്ങള്‍ക്ക് അനുമതി ലഭിക്കുന്നു. അതേസമയം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ നമുക്ക് പറ്റുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ് മുത്തലിക് ചൂണ്ടിക്കാട്ടി.
നേരത്തയും വിവാദ പരാമര്‍ശങ്ങളുമായി മുത്തലിക് രംഗത്തെത്തിയിരുന്നു. ബംഗളുരുവിലെ ആനന്ദ് റാവു സര്‍ക്കിളിന് സമീപം ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധം നടത്തിയ മുത്തലിക്കിനും അനുയായികള്‍ക്കുമെതിരെ ബംഗളുരു പൊലിസ് ജൂലൈയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഉടുപ്പി ശ്രീകൃഷ്ണ മഠത്തില്‍ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന പജാവര്‍ ദര്‍ശനത്തിനെതിരെയാണ് അദ്ദേഹം അന്ന് പ്രസംഗിച്ചത്. ഇനി മുതല്‍ ക്ഷേത്രങ്ങളില്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്തിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാവുമെന്ന് മുത്തലിക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗര്‍ഭ ആഘോഷങ്ങളില്‍ നിന്ന് മുസ് ലിം കലാകാരന്‍മാരെ വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷം മാത്രമേ ഇവരെ വന്യൂവില്‍ പ്രവേശിപ്പിക്കാവൂ എന്നും മുത്തലിക് പറഞ്ഞിരുന്നു. അവര്‍ സെലിബ്രിറ്റികളാണെങ്കിലും അവരെ അനുവദിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."