സ്വാതന്ത്ര്യവുമായി മുന്നോട്ടെന്ന് കാറ്റലോണിയ പ്രസിഡന്റ്; അന്തിമ പ്രഖ്യാപനം പിന്നീട്
ബാഴ്സലോണ: വിവിധ തലങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കിടെ, സ്വാതന്ത്ര്യപ്രഖ്യാപനവുമായി മുന്നോട്ടു പോവുമെന്ന് വ്യക്തമാക്കി കാറ്റലോണിയ. സ്വാതന്ത്ര്യ പ്രഖ്യാപനം പിന്നീടുണ്ടാവുമെന്ന് കാറ്റലോണിയ പ്രസിഡന്റ് കാള്‍സ് പ്യൂഗ്ഡെമോന്റ് വ്യക്തമാക്കി. സ്വാതന്ത്ര്യം സംബന്ധിച്ച അന്തിമപ്രഖ്യാപനം പിന്നീടുണ്ടാവും. സ്പെയ്നില്‍ നിന്ന് വിട്ടുപോവാനുള്ള ജനഹിതം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനഹിത പരിശോധനയ്ക്കുശേഷം ഇതാദ്യമായാണ് പ്രാദേശിക പാര്‍ലമെന്റ് ചേരുന്നതും പ്യൂഗ്ഡെമോന്റ് ജനപ്രതിനിധികളെ അഭിമുഖീകരിക്കുന്നതും. പല ഭാഗങ്ങളില്‍നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കിടയിലും സ്വതന്ത്രരാജ്യം എന്ന മുന്‍തീരുമാനത്തില്‍ ഉറച്ചുതന്നെയാണ് പ്യൂഗ്ഡെമോന്റിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക ഭരണകൂടം. സമ്മേളനത്തിന്റെ മുന്നോടിയായി പാര്‍ലമെന്റ് മന്ദിരത്തിനു പരിസരത്തെല്ലാം കാറ്റലോണിയ പൊലിസ് വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടായാല്‍ പട്ടാള അട്ടിമറി അടക്കമുള്ള നീക്കങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ബാഴ്സലോണയുടെ വിവിധ ഭാഗങ്ങളിലും മറ്റു നഗരങ്ങളിലും പതിനായിരക്കണക്കിനു സ്വാതന്ത്ര്യവാദികളും വിരുദ്ധരും തടിച്ചുകൂടിയിരുന്നു.
സ്പാനിഷ് ഭരണഘടനാ കോടതിയുടെ വിലക്കും ദേശീയ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലും മറികടന്ന് ഒക്ടോബര്‍ ഒന്നിനു നടന്ന കാറ്റലോണിയ ജനഹിത പരിശോധനയില്‍ 43 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 90 ശതമാനം പേരും സ്വതന്ത്രരാജ്യത്തെ പിന്തുണച്ചതായി പ്രാദേശിക ഭരണകൂടം അവകാശപ്പെട്ടിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിന്റെ ഔദ്യോഗികഫലം ഇതുവരെ പുറത്തുവന്നിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."