ആവേശപ്പോരില്‍ സമനില
പനാജി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്ഗിനിയയും കോസ്റ്റാറിക്കയും തമ്മില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ടുറെ,സുമ എന്നിവര്‍ ഗിനിയക്കായി സ്കോര്‍ ചെയ്തപ്പോള്‍ കോസ്റ്ററിക്കയ്ക്കായി ജാര്‍ക്വിന്‍, ഗോമസ് എന്നിവര്‍ വലകുലുക്കി. അടുത്ത മത്സരത്തിലെ ഫലങ്ങള്‍ അനുകൂലമായാല്‍ മാത്രമേ ഇരുടീമുകള്‍ക്കും ഇനി മുന്നേറാന്‍ സാധിക്കൂ.
മത്സരത്തില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയാണ് കോസ്റ്ററിക്കന്‍ ടീം കളത്തിലിറങ്ങിയത്. അലക്സാന്‍ഡര്‍ റോമന്‍, യെക്സി ജാര്‍ക്വിന്‍ എന്നിവര്‍ ഗ്രെവിന്‍ ഫോണ്‍സെക, ജോസ് അബാര്ക്ക എന്നിവര്‍ പകരം കളത്തിലിറങ്ങി. ഗിനിയ മൂന്നു മാറ്റങ്ങളാണ് ടീമില്‍ വരുത്തിയത്. ഗോളി ഇബ്രാഹിം സില്ലയ്ക്ക് പകരം മുഹമ്മദ് കമാറ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. സാലിയ ബങ്കോറ, ഷെറിഫ് കമാറ എന്നിവരും അന്തിമ ഇലവനിലുണ്ടായിരുന്നു.
മത്സരത്തില്‍ ഗിനിയ നിരവധി തവണ കോസ്റ്ററിക്കന്‍ പോസ്റ്റിലേക്ക് ആക്രമണം അഴിച്ചുവിട്ടു. ഗോളി റിക്കാര്‍ഡോ മോണ്ടിനെഗ്രോ ഒരു ഡസനിലധികം സേവുകളാണ് നടത്തിയത്. എന്നാല്‍ 26ാം മിനുട്ടില്‍ കോസ്റ്ററിക്ക മത്സരത്തിലാദ്യം അക്കൗണ്ട് തുറന്നു. ജാര്ക്വിനായിരുന്നു സ്കോറര്‍. ഗോള്‍ തിരിച്ചടിക്കുന്നതിനുള്ള ഗിനിയയുടെ ശ്രമം നാലു മിനുട്ടിനകം ഫലം കണ്ടു. 30ാം മിനുട്ടില്‍ ടൂറെ ഗോള്‍ മടക്കി. ഇതോടെ ഗീനിയ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇരു ടീമുകളും മുന്നിലെത്താനായി പൊരുതിക്കളിച്ചെങ്കിലും ആദ്യ പകുതിയില്‍ മറ്റു ഗോളുകളൊന്നും പിറന്നില്ല.
രണ്ടാം പകുതിയില്‍ മധ്യ നിരയില്‍ ഒരു മാറ്റവുമായി ഇറങ്ങിയ കോസ്റ്ററിക്കയെ 67ാം മിനുട്ടില്‍ ഗോമസ് മുന്നിലെത്തിച്ചു. ഇതോടെ പ്രതിരോധത്തിലായെങ്കിലും കളിയുടെ അവസാന നിമിഷം പൊരുതി കളിച്ച ഗിനിയ 81ാം മിനുട്ടില്‍ സമനില പിടിച്ചു. സുമയായിരുന്നു സമനില ഗോള്‍ നേടിയത്. ആദ്യ ജയത്തിനായി തുടരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട ഗിനിയ പല തവണ കോസ്റ്ററിക്കന്‍ ഗോള്‍ മുഖം വിറപ്പിച്ചു. അവസാന നിമിഷങ്ങളില്‍ ഗിനിയന്‍ താരങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതോടെ കോസ്റ്ററിക്ക രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."