കൊച്ചിയില്‍ സ്പാനിഷ് മസാല
ആദ്യ മത്സരത്തിലെ പിഴവുകള്‍ തിരുത്തി കൊച്ചിയുടെ പുല്‍ത്തകിടിയില്‍ സ്പാനിഷ്പട ഉണര്‍ന്നതോടെ ഗോളുകളുടെ പെരുമഴ. ബ്രസീലിന്റെ ലാറ്റിനമേരിക്കന്‍ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പതറിയ സ്പാനിഷ് നിര ആഫ്രിക്കന്‍ കരുത്തുമായി എത്തിയ നൈജറിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തു. ആദ്യമത്സരത്തില്‍ ഉ.കൊറിയയ്‌ക്കെതിരേ നേടിയ എതിരില്ലാത്ത ഒരു ഗോള്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ സ്പാനിഷ് പടയെ നേരിടാനെത്തിയ നൈജറിന് അടിപതറുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പത്ത് മിനുട്ടില്‍ മാത്രം മികച്ചുനിന്ന നൈജര്‍ പിന്നീട് നിസഹായരാവുന്നതാണ് കണ്ടത്. സ്പാനിഷ് താരങ്ങളുടെ മുന്നേറ്റത്തേക്കാള്‍ നൈജറിന്റെ പ്രതിരോധനിരയുടെ തകര്‍ച്ചയാണ് ശ്രദ്ധേയമായത്.
ആദ്യ പകുതിയില്‍ ക്യാപ്റ്റന്‍ ആബേല്‍ റൂയിസിന്റെ ഇരട്ട ഗോളുകളുടെയും ( 21 , 41 മിനുട്ടില്‍) ഇഞ്ചുറി ടൈമില്‍ (45 ാം മിനിറ്റില്‍ ) സീസര്‍ ഗില്‍ബര്‍ട്ടിന്റേയും ഗോളില്‍ മുന്നിലെത്തിയ സ്‌പെയിന്‍ 82ാം മിനിറ്റില്‍ സെര്‍ജിയോ ഗോമസിലുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മത്സരഫലം പോലെ കളിയില്‍ സ്‌പെയിനായിരുന്നു പൂര്‍ണ ആധിപത്യം. സ്‌പെയിന്‍ കളിയില്‍ 70 ശതമാനം മുന്‍തൂക്കം നേടിയിരുന്നു. മൊത്തം പാസുകളില്‍ 600 എണ്ണം സ്‌പെയിന്റെ പേരില്‍ കുറിച്ചപ്പോള്‍ നൈജറിന് 253 പാസുകള്‍ മാത്രമാണ് സംഭാവന ചെയ്യാന്‍ കഴിഞ്ഞത്. സ്‌പെയിന്‍ ഗോള്‍വല ലക്ഷ്യമാക്കി 26 ഷോട്ടുകള്‍ എടുത്തപ്പോള്‍ നൈജറിന് 15 ല്‍ ഒതുങ്ങേണ്ടിവന്നു. ഫൗളുകളുടെ കാര്യത്തില്‍ സ്‌പെയിന് പത്തിലൊതുങ്ങിയപ്പോള്‍ നൈജറിന്റേത് 14 എണ്ണമായിരുന്നു.
നായകന്‍ സ്പാനിഷ് താരം ആബേല്‍ റൂയിസ്്്
ലോകകപ്പിലെ സ്‌പെയിനിന്റെ ആദ്യഗോള്‍ പിറന്നത് ക്യാപ്റ്റന്‍ ആബേല്‍ റൂയിസിലൂടെ. അണ്ടര്‍ 17 ലോകകപ്പിന്റെ താരമായി മാറുമെന്ന് പ്രതീക്ഷിച്ച റൂയിസിന് ആദ്യ കളിയില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാം മത്സരത്തില്‍ ആബേലിന്റെ ബൂട്ടില്‍ നിന്ന് ഉയര്‍ന്നത് ഇരട്ട ഗോളുകളായിരുന്നു. നൈജറിന്റെ പ്രതിരോധനിരയുടെ പിഴവുകള്‍ തിരിച്ചറിഞ്ഞായിരുന്നു ആബേലിന്റെ നീക്കങ്ങള്‍. 21 ,41 മിനുട്ടുകളിലായി ആബേല്‍ സ്‌പെയിനിന് വേണ്ടി വലചലിപ്പിച്ചതോടെ ആദ്യപകുതിയില്‍ തന്നെ മുന്നേറ്റത്തിന് സ്ഥിരത കൈവരിച്ചു. നാലാം ഗോളില്‍ വിജയം സുനിശ്ചിതമായതോട കോച്ച് വളരെ തന്ത്രപരമായി തന്നെ ക്യാപ്റ്റനെ കളിക്കളത്തില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.
ഫിനിക്‌സ് പക്ഷിയെ പോലെ
ഉയിര്‍ത്തേഴുന്നേറ്റ് സ്‌പെയിന്‍
മന്ദഗതിയിലായിരുന്നു സ്പാനിഷ് താരനിര ഫോമിലേക്ക് ഉയര്‍ന്നത്. ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും മൂന്നു മാറ്റങ്ങളുമായി ഇറങ്ങിയ സ്‌പെയിന്‍ ആരാധകര്‍ കാത്തിരുന്ന കളിമിടുക്കിന്റെ ചെപ്പ് പിന്നീടാണ് തുറന്നത്. കളിയുടെ തുടക്കം നൈജറിന്റെ ആക്രമണത്തോടെയായിരുന്നു. ആദ്യ അഞ്ചുമിനുട്ടിനുള്ളില്‍ തന്നെ രണ്ടു കോര്‍ണര്‍ വഴങ്ങിയാണ് സ്‌പെയിന്‍ തുടക്കമിട്ടത്. നൈജര്‍ മധ്യനിരതാരം ഹബീബു സോഫിയാന്റെ മുന്നേറ്റം സ്പാനിഷ് ബോക്‌സില്‍ എത്തിയപ്പോഴേക്കും ദുര്‍ബലമായി തീരുകയും ഗോള്‍കീപ്പര്‍ അല്‍വാരോ ഫെര്‍ണാണ്ടസിന്റെ കൈകളില്‍ പര്യവസാനിക്കുകയും ചെയ്തു.
എട്ടാം മിനുട്ടില്‍ വീണ്ടും സ്‌പെയിന്‍ കോര്‍ണറിന് വഴങ്ങി. പക്ഷെ ഇബ്രാഹീം ബൗബാക്കറിന്റെ ശ്രമത്തിന് ഗോളാക്കി മാറ്റാനുള്ള കരുത്തില്ലാതെ പോയി. ആദ്യ പത്ത് മിനുട്ടില്‍ അധികസമയവും നൈജര്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും പന്ത് പിന്നീട് സ്പാനിഷ് ബൂട്ടുകളിലേക്ക് മാറിയതോടെ നൈജറിന്റെ നീക്കങ്ങള്‍ ദുര്‍ബലമായി.
13 ാം മിനുട്ടില്‍ സ്‌പെയിനിന്റെ സെര്‍ജിയോ ഗോമസിനെ ഫൗള്‍ ചെയ്തതിനു നൈജറിന്റെ ഇബ്രാഹിം നമാതയ്ക്ക് മഞ്ഞക്കാര്‍ഡ്. 16 ാം മിനുട്ടില്‍ വലത്തെ ഫ്‌ളാഗ് കോര്‍ണറിനു സമീപത്തു നിന്നുള്ള നീക്കം ഗോള്‍ ലൈനിലൂടെ ബോക്‌സിനു മുന്നിലേക്കു ആബേല്‍ റൂയിസ് കൊടുത്തു. പന്ത് എടുത്ത ഗില്‍ബര്‍ട്ടിന്റെ ദുര്‍ബലമായ ഷോട്ട് നൈജര്‍ ഗോളി അനായാസം സേവ് ചെയ്തു. തുടരെയുള്ള ആക്രമണങ്ങള്‍ക്ക് ഒടുവില്‍ 21 ാം മിനുട്ടില്‍ സ്‌പെയിന്‍ ലക്ഷ്യം കണ്ടു.
ആവേശം വിതറിയെത്തിയ
ഗോളുകള്‍
ചെറുപാസുകളിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ പന്ത് ഇടതുവിങില്‍ യുവാന്‍ മിറാന്‍ഡയിലേക്ക്. നൈജര്‍ പ്രതിരോധനിരയെ നിഷ്ഭ്രമമാക്കികൊണ്ടു മിറാന്‍ഡ നീട്ടിനല്‍കിയ പാസ് ആബേല്‍ റൂയിസ് അതിവേഗം പോസ്റ്റിലേക്ക് തട്ടിയിട്ടു. 20 മിനിട്ടുകള്‍ പിന്നിട്ടപ്പോള്‍ സ്‌പെയിനിന്റെ രണ്ടാമത്തെ ഗോളും ആബേലിലൂടെ തന്നെ വലയിലെത്തി. 41 ാം മിനിട്ടില്‍ നൈജര്‍ ബോക്‌സിന് തൊട്ടുപുറത്ത് ഫെറാന്‍ ടോറസിനെ വീഴ്ത്തിയതിന് സ്‌പെയിനിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് .ക്യാപ്റ്റന്‍ ആബേലിനെ ലക്ഷ്യമാക്കി സെര്‍ജിയോ ഗോമസ് നീട്ടി നല്‍കിയ പാസ് ആദ്യം നൈജര്‍ പ്രതിരോധതാരം തടുത്തിട്ടെങ്കിലും റീബൗണ്ടില്‍ കിട്ടിയ അവസരം മുതലാക്കി റൂയിസ് ഫിനിഷ് ചെയ്തു. ഇതോടെ സ്‌പെയിന്‍ 2-0 ന് മുന്നിലെത്തി.ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ സലീം അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ നൈജര്‍ താരങ്ങള്‍ സ്പാനിഷ് ബോക്‌സില്‍ ഭീതി നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.
സ്പാനിഷ് തരംഗത്തില്‍ രണ്ടാമത്തെ ഗോള്‍ വീണതോടെ പാടെ പതറിയ നൈജറിനു ആദ്യപകുതി അവസാനിക്കുന്നതിനു മുന്‍പ് മൂന്നാമത്തെ പ്രഹരവും ലഭിച്ചു. ആദ്യപകുതിയുടെ അധികസമയത്ത് റൂയിസ് നടത്തിയ മൂന്നാം ശ്രമം നൈജര്‍ ഗോള്‍കീപ്പര്‍ ഖാലിദ് ലവാലി തട്ടിതെറിപ്പിച്ചെങ്കിലും പന്തുലഭിച്ച സെര്‍ജിയോ ഗോമസ് നല്‍കിയ ക്രോസില്‍ ഗെല്‍ബര്‍ട്ടിന്റെ ഫസ്റ്റ് ടൈം ഷോട്ട് സ്‌പെയിന്റെ മൂന്നാമത് ഗോളായി മാറി. 71 ാം മിനുട്ടില്‍ സ്‌പെയിനിനു ഗോള്‍ പട്ടിക വീണ്ടും ഉയര്‍ത്താനുള്ള അവസരം നൈജര്‍ ഗോളി ലാവാലി തടുത്തിട്ടു. 82 ാം മിനിറ്റില്‍ ലീഡ് നാലായി ഉയര്‍ത്തി. നൈജര്‍ ഗോള്‍ മുഖത്തെ കൂട്ടപ്പൊരിച്ചിലിനു ശേഷം അല്‍വാരോ ഗാര്‍ഷ്യ നല്‍കിയ ബാക്ക് പാസ് ബോക്‌സിനു മുന്നില്‍ നിന്നും തകര്‍പ്പന്‍ ഷോട്ടില്‍ സെര്‍ജിയോ ഗോമസ് പന്ത് വലയില്‍ എത്തിച്ചു .
രണ്ടാംപകുതിയിലും
കളിപുറത്തെടുക്കാനാവാതെ നൈജര്‍
രണ്ടാം പകുതിയിലും നിരാശാജനകമായ പ്രകടനത്താല്‍ ആഫ്രിക്കന്‍ ചാംപ്യന്മാരായ നൈജര്‍ കളിക്കളത്തില്‍ പതറി. ഗോള്‍ തുടരെ വീണതോടെ പരുക്കന്‍ കളി പുറത്തെടുത്ത നൈജറിന്റെ സോഫിയാനെ മഞ്ഞക്കാര്‍ഡ് കണ്ടു. രണ്ടാം പകുതിയില്‍ നൈജര്‍ കരിമി ടിന്നിയെ പിന്‍വലിച്ചു. പകരം ഹമീദ് സാല്‍സോനിയെ കൊണ്ടുവന്നു. സ്‌പെയിനിന്റെ ആദ്യ ചേഞ്ച് ആന്റോണിയോ ബ്ലാങ്കോയ്ക്കു പകരം അല്‍വാരോ ഗാര്‍ഷ്യയെ കളിത്തിലിറക്കിക്കൊണ്ടായിരുന്നു . നാലാം ഗോള്‍ വീണതോടെ ക്യാപറ്റന്‍ ആബേല്‍ റൂയിസിനു കോച്ച് സാന്റി വിശ്രമം അനുവദിച്ചു. പകരം നാച്ചോ ഡയസിനെ കൊണ്ടുവന്നു. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ നൈജര്‍ ആശ്വാസ ഗോളിനായി നടത്തിയ ശ്രമങ്ങള്‍ ഇഞ്ച് വ്യത്യാസത്തില്‍ പാഴാകുന്നതും കണ്ടു.
ഇരുവരുടെയും അടുത്ത മത്സരം 13നാണ്. സ്‌പെയിന്‍ കൊച്ചിയില്‍ ഉത്തര കൊറിയേയും അന്ന് ഗോവയില്‍ നൈജര്‍ ടീം ബ്രസീലിനെയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."