ഹിന്ദു സമുദായത്തിലെ ഉയര്‍ന്ന ജാതിക്കാരുടെ ഭീഷണി; രാജസ്ഥാനില്‍ മുസ്‌ലിങ്ങളുടെ കൂട്ടപലായനം
ജയ്പൂര്‍: രാജസ്ഥാനില്‍ ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കളുടെ ഭീഷണിയെ തുടര്‍ന്ന് മുസ്‌ലിങ്ങളുടെ കൂട്ട പലായനം. ഇരുന്നൂറോളം മുസ്‌ലിങ്ങള്‍ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ജയ്‌സല്‍മീര്‍ ജില്ലയിലെ ദന്തല്‍ ഗ്രാമത്തിലാണ് സംഭവം.
നാടോടി ഗായകനായ അഹമ്മദ് ഖാനെ ഹിന്ദു സന്ന്യാസിയും കൂട്ടുകാരും ചേര്‍ന്ന് കൊല ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് കൂട്ട പലായത്തിനു പിന്നില്‍. പലായനം ചെയ്ത കുടുംബങ്ങള്‍ പൊലിസ് സംരക്ഷണത്തിലാണ് ഇപ്പോള്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.
നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയില്‍ വീഴ്ച പറ്റിയെന്നാരോപിച്ചാണ് അഹമദ് ഖാനെ പ്രദേശത്തെ പ്രമുഖനായ രമേഷ് സുതാറിന്റെ നേതൃത്വത്തിലുള്ള അക്രമികള്‍ കൊലചെയ്യുന്നത്. താന്‍ ആവശ്യപ്പെട്ട രാഗത്തില്‍ പാടാന്‍ രമേഷ് സുതാര്‍ അഹമ്മദ് ഖാനെ നിര്‍ബന്ധിച്ചു. അങ്ങനെ പാടുമ്പോള്‍ ദൈവികശക്തി വിശ്വാസികളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം. എന്നാല്‍ അഹമ്മദ് ഖാന്‍ പാടിയപ്പോള്‍ തന്റെ ശരീരത്തില്‍ ദൈവിക ചൈതന്യമുണ്ടായില്ലെന്ന് പറഞ്ഞ് സുതാര്‍ പ്രശ്‌നമുണ്ടാക്കി. അഹമ്മദ് ഖാന്റെ സംഗീത ഉപകരണങ്ങള്‍ നശിപ്പിച്ചു. അന്ന് രാത്രി തന്നെ പാട്ടുകാരനായ അഹമ്മദ് ഖാനെ വീട്ടില്‍ നിന്നും ഒരു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി.
പൊലിസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് സുതാറിന്റെ ആളുകള്‍ അഹമ്മദ് ഖാന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അടുത്ത ഗ്രാമത്തില്‍ നിന്നും ബന്ധുക്കള്‍ എത്തിയതിന് ശേഷമാണ് കുടുംബത്തിന് പരാതി നല്‍കാനുള്ള ധൈര്യമുണ്ടായത്.
തുടര്‍ന്ന് മേല്‍ജാതിക്കാരായ ഹിന്ദുക്കള്‍ ഗ്രാമത്തിലെ മുഴുവന്‍ മുസ്‌ലിങ്ങളോടും നാട് വിട്ട് പോകണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഗ്രാമം വിട്ടവരെ തിരിച്ചുകൊണ്ടുവന്ന് സുരക്ഷ ഉറപ്പാക്കുമെന്നും ജെയ്‌സല്‍മീര്‍ എസ്.പി ഗൗരവ് യാദവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."