വേങ്ങര പോളിങില്‍ വന്‍ വര്‍ധന; 71.99 ശതമാനം വോട്ടിങ്, സമാധാനപരം
വേങ്ങര: വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപിതെരഞ്ഞെടുപ്പ് വളരെ സമാധാനപരമായി പൂര്‍ത്തിയായി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളെ മറികടന്ന് 71.99 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്.
ആറു മാസം മുന്‍പ് നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 67.70 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77 ശതമാനം പേരുമാണ് വോട്ടു ചെയ്തിരുന്നത്. പോളിങ് ശതമാനം കൂടിയതോടെ യു.ഡി.എഫ് ക്യാംപിന്റെ പ്രതീക്ഷ മേലേക്ക് ഉയര്‍ന്നു.
എല്ലാ പഞ്ചായത്തുകളിലും വോട്ടിങ് ശതമാനം 60 കടന്നു. എ.ആര്‍ നഗര്‍ പഞ്ചായത്തിലാണ് കൂടുതല്‍ പോളിങ് നടന്നത്. എല്ലാ ബൂത്തുകളിലും വളരെ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു മണിക്കാണ് സമാപിച്ചത്. 15ന് ഫലപ്രഖ്യാപനം നടക്കും. പോളിങ് മെഷീനുകള്‍ വോട്ടെണ്ണല്‍കേന്ദ്രമായ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വേങ്ങര, എ.ആര്‍.നഗര്‍, ഊരകം, കണ്ണമംഗലം, ഒതുക്കുങ്ങല്‍, പറപ്പൂര്‍ പഞ്ചായത്തുകളുള്‍പ്പെടുന്നതാണ് വേങ്ങര മണ്ഡലം. സിറ്റിങ് എം.എല്‍.എയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗമായതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗിലെ കെ.എന്‍.എ.ഖാദറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.എമ്മിലെ പി.പി.ബഷീറും തമ്മിലാണ് പ്രധാനമല്‍സരം. കെ.ജനചന്ദ്രന്‍(ബി.ജെ.പി), കെ.സി.നസീര്‍(എസ്.ഡി.പി.ഐ), കെ.ഹംസ, ശ്രീനിവാസ് (സ്വതന്ത്രര്‍) എന്നിവരും ജനവിധിതേടി. 1.70 ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 122379 പേരാണ് ഇത്തവണ വോട്ടുരേഖപ്പെടുത്തിയത്.
മുഴുവന്‍ ബൂത്തിലും വി.വി.പാറ്റ് മെഷീന്‍ ഉപയോഗിച്ച സംസ്ഥാനത്തെ പ്രഥമ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു വേങ്ങരയിലേത്. ആര്‍ക്കാണ് വോട്ടുചെയ്തതെന്ന് വോട്ടര്‍ക്ക് കാണാനുള്ള സംവിധാനം കുറ്റമറ്റരീതിയില്‍ എല്ലാബൂത്തുകളിലും വിജയകരമായിരുന്നു. വോട്ടെടുപ്പിനായി 145 ബൂത്തുകളാണ് സജ്ജീകരിച്ചത്. ഒരു ബൂത്തില്‍ മാത്രം പോളിങ് മെഷീന്‍ തകരാറിനെതുടര്‍ന്നു 10 മിനുട്ട് വോട്ടിങ് നിര്‍ത്തിവച്ചു. ആയിരത്തി അഞ്ഞൂറോളം ഉദ്യോഗസ്ഥരെയാണ് പോളിങ് നടപടികള്‍ക്കായി ചുമതലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."